എച്ച് വണ്‍ എന്‍ വണ്‍ പനിക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണം

Posted on: July 5, 2014 10:16 am | Last updated: July 5, 2014 at 10:16 am

h1 n1കല്‍പ്പറ്റ: ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അസുഖം പകരാതിരിക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡി എം ഒ. ഡോ. നിത വിജയന്‍ അറിയിച്ചു.
മഴക്കാലത്ത് സാധാരണ ഉണ്ടാകാറുള്ള വൈറല്‍ പനിയുടേതിന് സമാനമായ രോഗലക്ഷങ്ങളാണ് ഈ പകര്‍ച്ച വ്യാധിക്കുമെന്നതിനാല്‍ രോഗനിര്‍ണ്ണയം എളുപ്പമല്ല. വൈറല്‍പനി പോലെ പൂര്‍ണ വിശ്രമം ലഭിച്ചാല്‍ തന്നെ മാറുന്നതാണ് എച്ച് വണ്‍ എന്‍ വണ്‍. രോഗത്തിനുള്ള മരുന്ന് ഒസിള്‍ട്ടാമിവിര്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി വിതരണം ചെയ്യും. എന്നാല്‍ ഗര്‍ഭിണികള്‍, ഗുരുതരമായ രോഗം ബാധിച്ചവര്‍, പ്രായാധിക്യമുള്ളവര്‍, ചെറിയ കുട്ടികള്‍ എന്നിവരില്‍ ഈ പനി മാരകമാകാനിടയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
പൊതുവെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍: പനിയുള്ളപ്പോള്‍ പൂര്‍ണ്ണ വിശ്രമമെടുക്കുക, കഞ്ഞിവെള്ളം പോലുള്ള ചൂട് പാനീയങ്ങള്‍ ധാരാളം കുടിക്കുക, സ്‌കൂള്‍, ജോലിസ്ഥലം, പൊതുസ്ഥലങ്ങള്‍ തുടങ്ങി ആളുകള്‍ ഏറെയുള്ള ഇടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക എന്നിവയാണ് പ്രാഥമികമായി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍. പനി, ജലദോഷം എന്നിവയുള്ളപ്പോള്‍ കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ വസ്ത്രഭാഗങ്ങളോ ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക എന്നീ നടപടികളും സ്വീകരിക്കണം.
പനി കൂടുതലായി കാണപ്പെടുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ അസംബ്ലി പോലുള്ളവ താല്‍ക്കാലികമായി ഒഴിവാക്കുന്നതിന് അധികൃതര്‍ ശ്രദ്ധിക്കണം.
ഗര്‍ഭിണികള്‍ ശ്രദ്ധിക്കാന്‍: യാതൊരു കാരണവശാലും പനി അവഗണിക്കരുത്. പനിയോടൊപ്പം ജലദോഷം, തൊണ്ട വേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ അസ്വസ്ഥതകളുണ്ടെങ്കില്‍ നിര്‍ബന്ധമായും ചികിത്സ തേടണം. പനി, ജലദോഷം എന്നിവയുള്ളവരുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കണം.
ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവയുടെ ശ്രദ്ധക്ക് : എച്ച് വണ്‍ എന്‍ വണ്‍ ചികിത്സ പ്രത്യേകമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള എ ബി സി ട്രീറ്റ്‌മെന്റ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കണം. ഈ ട്രീറ്റ്‌മെന്റ് പ്രോട്ടോകോള്‍ ംംം.റവസെലൃമഹമ.ഴീ്.ശി എന്ന വിലാസത്തില്‍ ലഭ്യമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരിച്ചുവരുന്നവര്‍ പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടനെ വിദഗ്ധ ചികിത്സ തേടണമെന്നും ഡി എം ഒ അറിയിച്ചു.