Connect with us

Malappuram

നാല് വര്‍ഷമായി നോമ്പൊടുത്ത് വിഷോഖ്‌

Published

|

Last Updated

വളാഞ്ചേരി: പടിഞ്ഞാറന്‍ ചക്രവാളത്തില്‍ റമസാന്‍ മാസത്തിലെ ചന്ദ്രക്കലക്കണ്ടാല്‍ നടുവട്ടം നാഗപറമ്പ് സ്വദേശി വിഷോഖിനും നോമ്പ് തന്നെ.
കഴിഞ്ഞ നാല് വര്‍ഷമായി വിഷോഖ് റമസാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കാന്‍ തുടങ്ങിയിട്ട്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്യുന്ന ഇദ്ദേഹം നാല് വര്‍ഷമായി ഒരു നോമ്പും ഒഴിവാക്കിയിട്ടില്ല. കുറ്റിപ്പുറം പഞ്ചായത്തിലെ നാഗപറമ്പ് സ്വദേശിയും നടുവട്ടം എ യു പി സ്‌കൂളിലെ അധ്യാപകരുമായ ജയരാമന്‍ മാസ്റ്ററുടെയും കോമള ടീച്ചറുടെയും മൂത്ത മകനാണ് വിഷോഖ്. ചാലക്കുടി സണ്‍ ജോണ്‍സ് ഹേസ്പിറ്റലില്‍ ബി എസ് സി നേഴ്‌സിംഗിന് പഠിക്കുമ്പോള്‍ തന്നെ ഇടക്കിടക്ക് നോമ്പെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെ തിരക്കുകള്‍ക്കിടയിലും ക്ഷീണം വകവെക്കാതെ നോമ്പെടുക്കുകയാണ് വിഷോഖ്. താന്‍ നോമ്പുകാരനാണന്ന് ആരോടും പറയാറില്ല. തന്റെ ക്ഷീണം മറ്റുള്ളവരെ അറിയിക്കാറുമില്ല. പുലര്‍ച്ചേ അത്താഴത്തിന് എണീക്കാന്‍ മറന്നാലും നോമ്പെടുക്കാതിരിക്കുന്ന പ്രശ്‌നമേയില്ല. വൈകുന്നേരം മഗ്‌രിബ് ബാങ്ക് വിളിച്ചതിന് ശേഷമാണ് നോമ്പ്തുറക്കുന്നത്.
കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും പൂര്‍ണ സഹകരണം ലഭിക്കുന്നതോടൊപ്പം വൈകുന്നേരമാകുമ്പോഴേക്കും നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ അമ്മ കോമള ടീച്ചര്‍ തയ്യാറാക്കി വെക്കുകയും ചെയ്യും. ഇങ്ങനെ തുടര്‍ച്ചയായി നോമ്പെടുക്കുന്നതിന്റെ കാരണമെന്താണെന്ന ചോദ്യത്തിന് നോമ്പെടുക്കുന്നത് ഒരു നല്ല കാര്യമായി തോന്നിയെന്നും ശരീരത്തെയും മനസിനെയും പാകപ്പെടുത്താന്‍ നോമ്പ് കൊണ്ട് സാധിക്കുന്നുവെന്നും വിഷോഖ് പറയുന്നു.

Latest