അനിശ്ചിതത്വം, പ്രാര്‍ഥന; പിന്നെ ജീവിതത്തിലേക്ക്

Posted on: July 5, 2014 6:00 am | Last updated: July 4, 2014 at 11:44 pm

iraq nursedകോട്ടയം: ‘ആശുപത്രി പരിസരമാകെ പുകമയമാണ്. ഉപദ്രവിക്കില്ലെന്നും പേടിക്കേണ്ടെന്നും സായുധ സേനാംഗങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, വിമതര്‍ യന്ത്രത്തോക്കുകളുമായാണ് ഒപ്പമുള്ളത്. എന്തും സംഭവിക്കാം. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം.’ ഇതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ തിക്‌രീതിലെ സായുധ സേനാംഗങ്ങളുടെ പിടിയില്‍ അകപ്പെട്ട നഴ്‌സുമാര്‍ വീടുകളിലേക്ക് വിളിച്ച് ബന്ധുക്കളെ അറിയിച്ചത്. നഴ്‌സുമാരെ വിമതര്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ അവരുടെ നിയന്ത്രണത്തിലാക്കി മൂസ്വിലിലെത്തിക്കുകയും അവിടെ ഇരുട്ടു മുറിയില്‍ പാര്‍പ്പിക്കുകയും ചെയ്തതോടെ നാട്ടിലെ ബന്ധുക്കളും ആശങ്കയിലായി. തിക്‌രീത്തിലെ ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ട നഴ്‌സുമാര്‍ക്ക് പ്രാര്‍ഥിക്കാനും കരയാനും മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഇന്നലെ രാവിലെയോടെ നഴ്‌സുമാരെ സന്ദര്‍ശിച്ച വിമതര്‍ വിമാനത്താവളത്തിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കിയെന്ന വിവരം പാലക്കാട് നെന്മാറ സ്വദേശിനി ഫോണില്‍ കുടുംബാംഗങ്ങളെ അറിയിച്ചതോടെയാണ് ആശങ്കകള്‍ക്ക് അയവുണ്ടായത്.

അധികം കഴിയും മുമ്പ് കോട്ടയം പള്ളിക്കത്തോട് സ്വദേശിനി മെറീനയും വീട്ടില്‍ വിളിച്ച് വിമാനത്താവളത്തിലേക്ക് പോകാന്‍ തയ്യാറാകാന്‍ വിമത സൈന്യം നിര്‍ദേശിച്ചതായി മാതാപിതാക്കള്‍ക്ക് വിവരം കൈമാറി. നേവിയെന്നെഴുതിയ ബസില്‍ വിമാനത്താവളത്തിലേക്ക് പോകുന്നുവെന്നാണ് നഴ്‌സുമാരിലൊരാളായ ഏറ്റുമാനൂര്‍ സ്വദേശിനി ശ്രുതി മാതാപിതാക്കളെ അറിയിച്ചത്.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരേക്കാള്‍ മികച്ച രീതിയിലായിരുന്നു വിമതരുടെ പെരുമാറ്റമെന്നാണ് മകള്‍ അറിയിച്ചതെന്ന് തടവിലായ ഇരട്ട സഹോദരങ്ങളായ സോണയുടെയും വീണയുടെയും പിതാവ് ഏറ്റുമാനൂര്‍ തവളക്കുഴി വള്ളിക്കാട് ചകിരിയാംതടത്തില്‍ സി സി ജോസഫ് പറഞ്ഞു. സ്‌ഫോടനം നടന്നപ്പോള്‍ ഭൂഗര്‍ഭ നിലയിലേക്ക് അവര്‍ മാറ്റി. തിക്‌രീതില്‍ ഭക്ഷണത്തിന് പ്രയാസമുണ്ടായിരുന്നെങ്കിലും മൂസ്വിലില്‍ എത്തിയതേടെ ആവശ്യത്തിന് ഭക്ഷണം നഴ്‌സുമാര്‍ക്ക് വിമതര്‍ നല്‍കിയെന്നും അറിയിച്ചിരുന്നു.