Connect with us

Kozhikode

എണ്‍പതിലും വ്രതവിശുദ്ധിയില്‍ കഠിനാധ്വാനിയായി അബ്ദുല്ലക്ക

Published

|

Last Updated

മുക്കം: കഠിനാധ്വാനം ജീവിതവ്രതമാക്കിയ കാരശ്ശേരി ചോണാട് കരിമ്പനക്കണ്ടി അബ്ദുല്ലക്ക 80 പിന്നിട്ടിട്ടും നോമ്പെടുത്ത് പുലര്‍ച്ചെ മഴുവെടുത്ത് ജോലിക്കിറങ്ങുകയാണ്. ഒരു മൂളലിന്റെ അകമ്പടിയോടെ മരത്തൊലിയിലേക്ക് മഴുവിറക്കുന്ന ഇദ്ദേഹം, ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്ന കരകയറാന്‍ പതിനാലാം വയസ്സില്‍ ആരംഭിച്ചതാണ് അധ്വാനം. നാടന്‍ പണികള്‍ക്കും കന്നുപൂട്ടലിനും അവസാനം മഴുപ്പണിയുമായി എല്ലാ കാലത്തും അധ്വാനത്തില്‍ തന്നെയാണ് അബ്ദുല്ലക്ക.
ആദ്യമായി ജോലിക്ക് പോയപ്പോള്‍ 12 അണ കൂലികിട്ടിയ ഓര്‍മ ഇദ്ദേഹം മറന്നിട്ടില്ല. 45 വര്‍ഷം മുമ്പ് മഴുപ്പണിയാരംഭിക്കുമ്പോള്‍ കൂലി രണ്ട് രൂപ. നോമ്പ് കാലത്തും അല്ലാത്ത കാലത്തും പ്രഭാത നിസ്‌കാരം കഴിഞ്ഞ് 5.30ഓടെ ജോലിക്കിറങ്ങും. മിക്ക സ്ഥലങ്ങളിലേക്കും നടന്നാണ് ജോലിക്കെത്തുക. നോമ്പുകാലത്ത് പന്ത്രണ്ട് മണി വരെയാണ് ജോലി. ചെറുപ്പകാലത്ത് അന്നത്തിന് വേണ്ടി ദാഹിച്ചതും അധ്വാനിച്ചതും വിവരിക്കുമ്പോള്‍ ഇന്നലെ നടന്ന സംഭവം പോലെയാണ് തോന്നുക. അന്നത്തെ ദുരിതം പുതുതലമുറക്ക് പറഞ്ഞാല്‍ മനസ്സിലാകില്ലെന്നും അബ്ദുല്ല പറയുന്നു.
പന മുറിച്ചാല്‍ ആളുകള്‍ ഓടിയെത്തുന്നതും അടയാളമിട്ട് ചൂഴ്‌ന്നെടുത്ത് ഉണക്കുന്നതും പനങ്കഞ്ഞി കുടിച്ചതും ഇന്നും മരിക്കാത്ത ഓര്‍മയാണിദ്ദേഹത്തിന്. മഴുപ്പണിക്കിടെ മുപ്പത് വര്‍ഷം മുമ്പുണ്ടായ അപകടവും മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്.
ഭാര്യയും ഏഴ് മക്കളുമാണ് അബ്ദുല്ലക്കുള്ളത്. നാല് പെണ്‍മക്കളെയും അധ്വാനിച്ച് കെട്ടിച്ചയച്ചു. മൂന്ന് ആണ്‍മക്കള്‍ തങ്ങളുടെ ജോലിയമായി മുന്നോട്ട് പോകുന്നു. ആരോഗ്യമുള്ളിടത്തോളം അധ്വാനിക്കാന്‍ ഒരുക്കമുള്ള അബ്ദുല്ലക്ക ഇത്രയും കാലത്തെ ജോലിക്കിടെ ഒരു നിസ്‌കാരവും അകാരണമായി മുടക്കിയിട്ടില്ല.

Latest