Connect with us

Articles

അനുഗ്രഹങ്ങളിറങ്ങുന്ന കാലം

Published

|

Last Updated

സ്‌നേഹം, കാരുണ്യം, സാന്ത്വനം തുടങ്ങിയ സവിശേഷ വികാരങ്ങള്‍ക്ക് പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതില്‍ സജീവമായ പങ്കുണ്ട്. ലോക മതങ്ങളും പ്രത്യയശാസ്ത്രങ്ങളുമെല്ലാം കരുണയുടെയും ആര്‍ദ്രതയുടെയും വികാരങ്ങള്‍ പങ്ക് വെക്കുന്നവയും ഉയര്‍ത്തിക്കാണിക്കുന്നവയുമാണ്. ഇസ്‌ലാമികാശയം സ്ഥാപിക്കപ്പെട്ടതും സംരക്ഷിക്കപ്പെടുന്നതും സാന്ത്വന സന്ദേശത്തിന്മേലാണ്.
കാരുണ്യം കൊതിക്കാത്ത ഒരു ജീവിയും ഉണ്ടാകില്ല. പ്രപഞ്ച സ്രഷ്ടാവിന്റെ കാരുണ്യം ലഭിക്കാതെ ഒരാള്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം അവന്റെ അടിമകള്‍ക്ക് വര്‍ഷിക്കുന്ന പ്രത്യേക അവസരമാണ് വിശുദ്ധ റമസാന്‍. “പരമകാരുണികന്‍” എന്നാണ് അല്ലാഹു അവനെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. “സര്‍വ ലോകത്തിനും കാരുണ്യം” വിതരണം ചെയ്യാനാണ് മുഹമ്മദ് നബി(സ)യെ അല്ലാഹു നിയോഗിച്ചയച്ചത്.
അല്ലാഹു സൃഷ്ടിച്ച 100 അനുഗ്രഹങ്ങളില്‍ ഒന്ന് മാത്രമാണ് ഭൂമിയിലേക്ക് ഇറക്കിയത്. ആ ഒരു കാരുണ്യം കൊണ്ടാണ് മൊത്തം സൃഷ്ടികളും പരസ്പരം കരുണാമയരാകുന്നത്. അടിമകളെ പരലോകത്ത് സന്തോഷിപ്പിക്കാന്‍ ബാക്കി 99 അനുഗ്രഹങ്ങളും അല്ലാഹു കരുതി വെച്ചിരിക്കയാണ്. മഹാ കാരുണ്യവാനായ അല്ലാഹു പ്രത്യേക കാരുണ്യം വാഗ്ദാനം ചെയ്യുന്ന വിശേഷ അവസരമാണ് വിശുദ്ധ റമസാന്‍.
അനുഗ്രഹ വര്‍ഷത്തിന്റെ പെരുമഴക്കാലമാണ് റമസാന്‍. വിശ്വാസി ലോകത്ത് കാരുണ്യ ലബ്ധിയുടെ ജാഗ്രതാ വിളംബരങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. അടിമുടി വിപ്ലവം സൃഷ്ടിക്കുന്നു. മുസ്‌ലിം ലോകത്തെവിടെയും നല്ല ചിന്തയും നല്ല വാക്കും നല്ല കര്‍മവും രൂപപ്പെടുന്നു. സമ്പൂര്‍ണ സംസ്‌കരണം സാധ്യമാകുന്നു. ഊര്‍ജ സമ്പാദനവും വിഭവ ശേഖരണവും നടക്കുന്നു. അല്ലാഹു അടിമകളോട് കൂടുതല്‍ കരുണാമയനാകുന്ന റമസാനിലാണ് ജനങ്ങള്‍ പരസ്പരം കാരുണ്യം കാണിക്കുന്നത്.
പരസ്പര സാഹോദര്യമാണ് അല്ലാഹുവിന്റെ കാരുണ്യലബ്ധിക്കുള്ള മാര്‍ഗം. “നിങ്ങള്‍ പരസ്പരം കരുണാമയരാകുക; സൃഷ്ടാവിന്റെ കരുണാ കടാക്ഷത്തിന് വേണ്ടി” നബിയുടെ ഈ സന്ദേശം പരസ്പര കാരുണ്യത്തിന്റെ ജീവല്‍ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുന്നു. സ്‌നേഹസ്പര്‍ശങ്ങള്‍ വരണ്ടുണങ്ങിയ പുതിയ തലമുറക്ക് ഈ സന്ദേശം വലിയ വെളിച്ചമാണ്. “നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, എങ്കില്‍ ആകാശത്തിന്റെ അധിപനായ അല്ലാഹു നിങ്ങള്‍ക്കും കരുണ ചൊരിയും” (ഹദീസ്)
റമസാന്‍ ആകെ തന്നെ കാരുണ്യമായിരിക്കെ ആദ്യ പത്ത് പ്രത്യേക കാരുണ്യ വര്‍ഷത്തിന്റെ സവിശേഷ സന്ദര്‍ഭമാണ്. അല്ലാഹുവിനോട് കാരുണ്യ ലബ്ധിക്ക് വേണ്ടി വിശ്വാസി ലോകം നിരന്തരം പ്രാര്‍ഥനാ നിരതരാകുന്ന കാലം. ചൂഷണം ചെയ്യുന്ന ഒരു ഓഫറല്ല അല്ലാഹുവിന്റേത്. കാരുണ്യം കൊതിച്ച് അല്ലാഹുവോട് യാചിക്കുന്ന ഒരാളും വഞ്ചിതനാകില്ല. മുലയൂട്ടുന്ന ഉമ്മക്ക് തന്റെ കുഞ്ഞിനോടുണ്ടാകുന്നതിനേക്കാള്‍ ആര്‍ദ്രതയും സ്‌നേഹവും അല്ലാഹുവിന് അടിമകളോട് ഉണ്ടാകുമെന്ന് നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്. കുറ്റവാളികള്‍ക്ക് ഭൗതിക ലോകത്ത് ശിക്ഷ ലഭിക്കാത്തതും സത്യനിഷേധികള്‍ക്കും അക്രമികള്‍ക്കും വിഭവങ്ങള്‍ ലഭിക്കുന്നതും തെറ്റ് ചെയ്തവര്‍ക്ക് പാപമോചനത്തിന് അവസരങ്ങള്‍ നല്‍കുന്നതുമൊക്കെ അല്ലാഹുവിന്റെ അനന്തമായ അനുഗ്രഹത്തിന്റെ കൊച്ചു ഉദാഹരണങ്ങള്‍ മാത്രം.
“റമസാനില്‍ ഖുര്‍ആന്‍ അവതരിച്ചു” എന്നത് ഏറ്റവും മഹത്തായ അനുഗ്രഹമാണ്. മാനവരാശിക്ക് മാര്‍ഗദര്‍ശനവും സന്‍മാര്‍ഗ വിശദീകരണവും നല്‍കുന്ന വിശുദ്ധ ഖുര്‍ആനിന്റെ അവതരണം സര്‍വ ലോകത്തിനും കാലത്തിനും അനുഗ്രഹം തന്നെയാണ്. ജാബിറു ബിന്‍ അബ്ദില്ലയില്‍ നിന്ന് നിവേദനം; തിരുനബി പറഞ്ഞു: റമസാനില്‍ അഞ്ച് അനുഗ്രഹങ്ങള്‍ എന്റെ സമുദായത്തിന് നല്‍കപ്പെട്ടിരിക്കുന്നു, എനിക്ക് മുമ്പ് ഒരു പ്രവാചകനും അവ ലഭിച്ചിട്ടില്ല. ഒന്ന്, റമസാനിലെ പ്രഥമ രാവ് സമാഗതമായാല്‍ അല്ലാഹു അവരെ കടാക്ഷിക്കുന്നു. അവന്റെ അനുഗ്രഹ കടാക്ഷം ലഭിച്ചവര്‍ പിന്നീടൊരിക്കലും ശിക്ഷിക്കപ്പെടുകയില്ല. രണ്ട്, നോമ്പുകാരുടെ വായില്‍ പ്രദോഷമാകുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധപൂരിതമായിരിക്കും. മൂന്ന്, റമസാനിലെ മുഴുവന്‍ രാപ്പകലുകളിലും മാലാഖമാര്‍ നോമ്പുകാരുടെ പാപമോചനത്തിന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. നാല്, അല്ലാഹു സ്വര്‍ഗത്തോട് കല്‍പ്പിക്കുന്നു, എന്റെ ദാസന്‍മാര്‍ക്ക് വേണ്ടി അണിഞ്ഞൊരുങ്ങിക്കൊള്ളുക. ഭൗതിക ജീവിതത്തിന്റെ ക്ലേശങ്ങളില്‍ നിന്ന് എന്റെ ഭവനത്തിലേക്കും ഔദാര്യത്തിലേക്കും വിശ്രമിക്കാനായി കടന്നുവരാന്‍ അവര്‍ക്ക് സമയമായിരിക്കുന്നു. അഞ്ച്, റമസാന്‍ അവസാന രാവ് സമാഗതമായാല്‍ മുഴുവന്‍ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുക്കുന്നു – ഒരാള്‍ ചോദിച്ചു; ഖദറിന്റെ രാത്രിയിലാണോ അത്? തിരുനബി പറഞ്ഞു; അല്ല, തൊഴിലാളികള്‍ തങ്ങളുടെ ജോലിയില്‍ നിന്ന് വിരമിച്ച് തിരിച്ചുപോകാമ്പോള്‍ അവര്‍ പ്രതിഫലം തികച്ചുകൊടുക്കുന്നത് കാണാറില്ലേ? അത് പോലെയാണത്. (ബൈഹഖി, അഹ്മദ്)
വെയില്‍ ചൂടില്‍ വെന്തുകിടക്കുന്ന മരുഭൂമിയിലേക്ക് അവിചാരിതമായി കടന്നുവരുന്ന മഴയെ കുറിക്കാന്‍ അറബികള്‍ “റമള്” എന്ന് പ്രയോഗിക്കാറുണ്ട്. ആ അര്‍ഥത്തില്‍ അല്ലാഹുവിന്റെ അനുഗ്രങ്ങളുടെ പെരുമഴക്കാലത്തിനാണ്“”റമസാന്‍” എന്ന് പറയുന്നത്. വരണ്ട് വിണ്ടുകീറിക്കിടക്കുന്ന മനുഷ്യഹൃദയങ്ങള്‍ക്ക് മേല്‍ അപ്രതീക്ഷിതമായി പെയ്തിറങ്ങുന്ന കുളിര്‍മാരിയാണത്. ഈ പവിത്ര മാസത്തെ ഇതര മാസങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന മൗലികമായ സവിശേഷതയാണിത്. കോരിച്ചൊരിയുന്ന മഴയില്‍ കുണ്ടുകളും കുഴികളും തോടുകളും നിറഞ്ഞുകവിയുന്നത് പോലെ റമസാനിന്റെ രാത്രികളില്‍ അല്ലാഹുവിന്റെ കാരുണ്യം കവിഞ്ഞൊഴുകുന്നു.
വിശുദ്ധ റമസാനില്‍ വ്രതമനുഷ്ഠിക്കുന്നതുള്‍പ്പെടെയുള്ള ആരാധനകളില്‍ സജീവമാകുന്നവര്‍ക്കായി ഒരുക്കി വെച്ച അനുഗ്രഹങ്ങളാണ് ഈ തിരുവചനത്തിലെ പരാമര്‍ശം. വ്രതമനുഷ്ഠിക്കുന്ന ആദ്യപകലിന്റെ രാത്രി തന്നെ അനുഗ്രഹദായകമാണ്. വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ പ്രതീക്ഷാ നിര്‍ഭരമായി കാത്തിരിക്കുന്നത് കാരണമായാണിത്. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് മൂലം വായില്‍ ഒരു തരം പ്രത്യേക ഗന്ധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതില്‍ അസ്വസ്ഥനാകേണ്ടതില്ല. രക്തസാക്ഷിയുടെ രക്തത്തുള്ളികള്‍ പോലെ അല്ലാഹുവിന്റെ പരിഗണനക്ക് കാരണമാണത്.
അനുഗ്രങ്ങളില്‍ മൂന്നാമത്തേത് നോമ്പുകാരന്റെ പാപമോചനത്തിനായി മലക്കുകള്‍ സദാ പ്രാര്‍ഥിക്കുമെന്നതാണ്. അല്ലാഹു പഠിപ്പിക്കുന്നു: അര്‍ശിന്റെ ചുറ്റുമുള്ള മലക്കുകളും അതിനു ചുറ്റും നിലകൊള്ളുന്ന മലക്കുകളും അല്ലാഹുവെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു. അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സത്യവിശ്വാസികള്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു. അവര്‍ പ്രാര്‍ഥിക്കുന്നു: നാഥാ, കാരുണ്യത്താലും ജ്ഞാനത്താലും നീ സകല വസ്തുക്കളെയും ആവരണം ചെയ്തിരിക്കുന്നുവല്ലോ. അതിനാല്‍ പശ്ചാത്തപിക്കുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്തവരെ പാപമുക്തരാക്കുകയും നരക ശിക്ഷയില്‍ നിന്ന് രക്ഷിക്കുകയും ചെയ്യേണമേ. നാഥാ നീ വാഗ്ദത്തം ചെയ്തിട്ടുള്ള നിത്യ സ്വര്‍ഗത്തില്‍ അവരെ നീ പ്രവേശിപ്പിക്കേണമേ.”
വിശ്വാസികള്‍ക്കു വേണ്ടിയുള്ള മലക്കുകളുടെ പ്രാര്‍ഥന പാപമോചനത്തിനും സ്വര്‍ഗപ്രവേശത്തിനും ശാശ്വത വിജയത്തിനും നിമിത്തമാകുന്ന കാര്യമാണ്.
ശരിയായ നോമ്പുകാരന്റെ പ്രതിഫലം സ്വര്‍ഗമാണ് എന്ന ആശയം വ്യക്തമാക്കുന്നതാണ് നാലാമത്തെ അനുഗ്രഹം. ഈ മാസത്തില്‍ സ്വര്‍ഗം അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു. വ്രതമനുഷ്ഠിച്ചവര്‍ക്കായി അതിന്റെ കവാടങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ റമസാന്‍ അക്ഷരാര്‍ഥത്തില്‍ അനുഗ്രഹ വര്‍ഷത്തിന്റെ അനുഭവങ്ങളാണ് ഓരോ വര്‍ഷവും വിശ്വാസി ലോകത്തിന് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഒരേ സമയം മാനസിക ഉല്ലാസവും ശാരീരികാരോഗ്യവും സമ്പൂര്‍ണ സംസ്‌കരണവും തേടിയെത്തുന്നു. ഇത് ഏറ്റവും വലിയ അനുഗ്രവര്‍ഷം തന്നെ.

---- facebook comment plugin here -----

Latest