വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തിയാല്‍ 10 വര്‍ഷം വരെ തടവ്

Posted on: July 3, 2014 8:00 pm | Last updated: July 3, 2014 at 8:27 pm

അബുദാബി: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി വിസയോ ജോലിയോ കരസ്ഥമാക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഔദ്യോഗികമായുള്ള രേഖകളുടെ പതിപ്പുകള്‍ എടുത്ത് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെയായിരിക്കും തടവെന്നും നിയമ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഈ വര്‍ഷത്തിന്റെ ആദ്യ ആറു മാസത്തില്‍ പിടിക്കപ്പെട്ട മൊത്തം വ്യാജ രേഖ ചമക്കല്‍ കേസുകളില്‍ 40 ശതമാനവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ് ചമക്കലുമായാണ്. അബുദാബി ജുഡീഷ്യല്‍ വകുപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വ്യാജ രേഖ നിര്‍മിക്കലുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂഷനിലേക്ക് 100 കേസുകളാണ് കൈമാറിയത്. ഇവയെല്ലാം വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും മറ്റ് വിദ്യാഭ്യാസ രേഖകളുമായി ബന്ധപ്പെട്ടുള്ളവയാണ്. ജോലിയും വിസയും ലഭിക്കാനായാണ് ഇത്തരം നിയമ ലംഘനങ്ങള്‍ ആളുകള്‍ നടത്തുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി. വ്യാജ രേഖ തയ്യാറാക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഏഷ്യന്‍ വംശജരാണ്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ വിദേശ കാര്യ വിഭാഗത്തില്‍ സമര്‍പ്പിക്കുമ്പോഴാണ് വ്യാജമാണെന്ന് ബോധ്യമാവുന്നത്. ഇത്തരക്കാര്‍ക്കെതിരായി വ്യാജ രേഖ തയ്യാറാക്കല്‍, വ്യാജ സ്റ്റാമ്പ് ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന വെബ്‌സൈറ്റുകളെ പൊതുജനം കരുതിയിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.