പ്രകൃതി ദൃശ്യങ്ങളെ ചുമരുകളില്‍ ജീവസ്സുറ്റതാക്കി നിസാം കേരള ശ്രദ്ധേയനാകുന്നു

Posted on: July 3, 2014 10:36 am | Last updated: July 3, 2014 at 10:36 am

കാളികാവ്: പ്രകൃതി ദൃശ്യങ്ങളെ കിടപ്പു മുറികളിലും ജീവസുറ്റതാക്കി വരച്ച് യുവാവ് ശ്രദ്ധേയനാകുന്നു.
പെയിന്റിംഗ് ജോലിക്കാരനായ നിസാംകേരളയാണ് ഇനാമല്‍ പെയിന്റില്‍ കണ്ണിനും മനസിനും കുളിര്‍മയേകുന്ന ത്രിമാന ചിത്രങ്ങളുമായി ചിത്ര രചനാ രംഗത്ത് വേറിട്ട കാഴ്ചകളൊരുക്കുന്നത്. വരകളോടൊപ്പം തന്നെ സംഗീതത്തിലും നിസാം അതീവ തത്പരനാണ്. പ്രമുഖ ചാനലില്‍ പാടാന്‍ നിസാമിന് അവസരം ലഭിച്ചിട്ടുമുണ്ട്. കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിലും നിസാമിന് വൈദഗ്ദ്യമുണ്ട്. സാധാരണ ചിത്രങ്ങളില്‍ നിന്ന് വേറിട്ട് പ്രകൃതിയുടേയും സ്തുക്കളുടേയും ത്രിമാന കാഴചയാണ് നിസാമിന്റെ ചിത്രങ്ങളുടെ പ്രത്യേകത. ആകാശവും ഭൂമിയും ചുറ്റുപാടുകളും ചേര്‍ത്ത് വരച്ച വീടിന്റെ റൂമുകള്‍ക്കുള്ളിലെ ചിത്രങ്ങള്‍ മനസിന് നവ്യാനുഭൂതി നല്‍കുന്നതാണ്.
ചിത്രകലാ ശാസ്ത്രീയ പഠനങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത യുവാവ് സ്വയം ആര്‍ജിച്ചെടുത്തതാണ് ജീവസുറ്റ ചിത്രങ്ങളെ വരക്കുന്നതിനുള്ള കഴിവ്. ഒട്ടേറെ വീടുകളിലും സ്‌കൂളുകളിലും പൊതു സ്ഥലങ്ങളിലുമെല്ലാം ഇതിനോടകം തന്നെ നിസാമിന്റെ ചിത്രങ്ങള്‍ സ്ഥാനം പടിച്ചിട്ടുണ്ട്. വീടുകള്‍ പെയിന്റിംഗ് കരാറെടുക്കുന്ന നിസാം ചിത്രങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് വരച്ച് കൊടുക്കും. ഇനാമല്‍ പെയിന്റില്‍ ചിത്രം വരക്കുന്നതിനാല്‍ അനേകവര്‍ഷം തനിമ ചോരാതെ നിലനില്‍ക്കും. പ്ലസ്ടുവരെ പഠിച്ച നിസാം സാമ്പത്തിക പ്രയാസം മൂലം പഠനം നിര്‍ത്തി. രണ്ട് വര്‍ഷം മുമ്പാണ് നിസാം പെയിന്റിംഗ് ജോലിക്കിറങ്ങിയത്. ചിത്ര രചനകള്‍ക്ക് കൃതിയും അതിന്റെ മനോഹാരിതയുമാണ് നിസാമിന്റെ ഇഷ്ട വിഷയം. ഇനാമല്‍ പെയിന്റുകളുടെ മിശ്രണത്തില്‍ സ്വന്തം കാഴ്ചപ്പാടും ശൈലിയും സ്വീകരിക്കുന്ന നിസാം കേരള. കലയും നൈസര്‍ഗികതയും പാരമ്പര്യത്തിലുപരി സ്വയം വളര്‍ത്തിയെടുക്കേണ്ടതാണെന്നാണ് പറയുന്നത്.