നേതാക്കള്‍ക്കെതിരെ പരാതി പ്രളയം; പരാതിയുമായി വന്നവരെ ഭീഷണിപ്പെടുത്തിയെന്ന്

Posted on: July 2, 2014 11:26 am | Last updated: July 2, 2014 at 11:26 am

ഒറ്റപ്പാലം: പാലക്കാട്ടെ കനത്ത പരാജയം അന്വേഷിക്കുന്ന യു ഡി എഫ് ഉപസമിതിക്ക് മുന്നില്‍ പരാതി പ്രളയം. ഒറ്റപ്പാലം, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, കോങ്ങാട് നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകരില്‍ നിന്നാണ് ഒറ്റപ്പാലത്ത് വെച്ച് ആര്‍ ബാലകൃഷ്ണപിള്ള കമ്മീഷന്‍ തെളിവെടുത്തത്. പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വത്തിനാണെന്ന് ആരോപണം ശക്തമായിരിക്കെ നടന്ന സമിതി തെളിവെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാമ് പരാതിയുമായെത്തിയവരില്‍ ഭൂരിഭാഗവും.
വീരേന്ദ്രകുമാറിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം കെ പി സി സി സെക്രട്ടറി വി കെ ശ്രീകണ്ഠനാണെന്നും ജൂലൈ ബ്ലോക്ക് സെക്രട്ടറി കുര്യന്‍ ഫിലിപ്പ് കമ്മീഷനെ അറിയിച്ചു. മുന്‍പ് സതീശന്‍ പാച്ചേനിയെ തോല്‍പ്പിച്ചവരാണ് വീരേന്ദ്രകുമാറിന്റെ കനത്ത തോല്‍വിക്ക് ഉത്തരവാദികളെന്ന് കുര്യന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയുടെ പ്രായവും ചിഹ്നത്തിലെ അപരിചിതത്വം, മുന്നണിയിലെ കൂട്ട ഉത്തരവാദിത്വമില്ലായ്മ തുടങ്ങി നിരവധി പരാതികളാണ് കമ്മീഷന് മുന്നില്‍ വന്നത്.
യു ഡി എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്നും പ്രാദേശിക ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. അതേസമയം സമിതി സിറ്റിംഗ് നടന്ന പൊതുമരാമത്ത് റസ്റ്റ് ഹൗസ് പരിസരത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ബാനര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് എന്നിവര്‍ക്കെതിരെയുള്ള ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. തെളിവ് നല്‍കാനെത്തിയ ചിലരെ യൂത്ത് കോണ്‍ഗ്രസ്‌നേതാക്കള്‍ ഭീഷണിപ്പെടുത്തി തിരിച്ചയതായും ആക്ഷേപമുണ്ട്, രാവിലെ പത്ത് മണിയോടെ യു ഡി എഫ് കണ്‍വീനര്‍ പി വി തങ്കച്ചന്‍, ആര്‍ ബാലകൃഷ്ണപിള്ള, പി ഹാരീസ്, ചാരുപാറ രവി, ജോണി നെല്ലൂര്‍ സിറ്റിംഗിനായി എത്തിയിരുന്നു.