എടക്കര: നാടുകാണി ചുരത്തില്‍ ഗതാഗത തടസം പതിവാകുന്നു. കഴിഞ്ഞ ദിവസം അമ്പലമുക്കിന് താഴെ വീണ മരം ഇനിയും നീക്കം ചെയ്തിട്ടില്ല. റോഡിന്റെ പകുതിയോളം ഭാഗം കീഴടക്കി കിടക്കുന്ന മരം കാരണം ഗതാഗതം തടസ്സപ്പെടുന്നു. മറുഭാഗത്ത് അഗാധമായ കൊക്കയായതിനാല്‍ അരിക് ചേര്‍ത്ത് എടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മരം നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പും വനം വകുപ്പും തയ്യാറാകുന്നില്ലെന്നാണ് അറിയുന്നത്. കൂടാതെ മുളംകൂട്ടങ്ങളും മറ്റും റോഡ് കീഴടക്കിയിരിക്കുകയാണ്. കാലവര്‍ഷത്തെ തുടര്‍ന്ന് പാതയിലെ ഗതാഗത തടസം തീര്‍ക്കാന്‍ പൊതുമരാമത്ത് പ്രവര്‍ത്തി ടെന്‍ഡര്‍ കൊടുക്കുകയായിരുന്നു പതിവ്. ജൂണ്‍ മാസത്തില്‍ ഇത് നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ ജൂലൈ ആയിട്ടും നടപടിയുണ്ടായില്ല. അന്തര്‍സംസ്ഥാന പാതയായതിനാല്‍ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ചുരത്തിലൂടെ കടന്നു പോകുന്നത്. മഴ പെയ്താല്‍ വാഹനങ്ങള്‍ ഭീതിയോടെയാണ് ചുരം വഴി നീങ്ങുന്നത്.