Connect with us

Kozhikode

കോഴിക്കോട് ഒരു എസ്‌കലേറ്റര്‍ കൂടി സ്ഥാപിക്കും

Published

|

Last Updated

കോഴിക്കോട്: യാത്രക്കാരുടെ സൗകര്യാര്‍ഥം കോഴിക്കോട് സ്‌റ്റേഷനില്‍ ഒരു എസ്‌കലേറ്റര്‍ കൂടി സ്ഥാപിക്കും. ഇതു സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര പറഞ്ഞു.
നിലവില്‍ ഒന്നാം പ്ലാറ്റ്‌ഫോമിന്റെ വടക്കേ അറ്റത്ത് ലിഫ്റ്റും എസ്‌കലേറ്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാം പ്ലാറ്റ്‌ഫോമിനു മധ്യഭാഗത്തായി പുതിയൊരു എസ്‌കലേറ്റര്‍ കൂടി സ്ഥാപിക്കും. ദക്ഷിണമേഖലയിലെ മികച്ച വരുമാനമുള്ള സ്‌റ്റേഷനുകളിലൊന്നാണിത്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയൊരുക്കാന്‍ നടപടികള്‍ റെയില്‍വേ സ്വീകരിക്കുമെന്നും രാകേഷ് മിശ്ര പറഞ്ഞു. കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
പ്ലാറ്റ്‌ഫോമുകളിലെയും സ്റ്റേഷന്‍ പരിസരങ്ങളിലെയും ശുചിത്വം ഉറപ്പാക്കുന്നതിനു “സംസ്‌കൃതി” പദ്ധതി റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കര്‍ശന നടപടികളാണ് ഉദ്ദേശിക്കുന്നത്. ജീവനക്കാര്‍ക്കു ബോധവത്കരണ പരിപാടിയും ഉദ്ദേശിക്കുന്നുണ്ട്. പ്ലാറ്റ്‌ഫോമില്‍ തുപ്പുന്നതും മാലിന്യം വലിച്ചെറിയുന്നതും കര്‍ശനമായും തടയും. സുരക്ഷാ ആവശ്യാര്‍ഥം സ്ഥാപിച്ച സി സി ടി വി ക്യാമറകള്‍ ഇതിന്റെ നിരീക്ഷണത്തിനു കൂടി ഉപയോഗപ്പെടുത്തും. കുറ്റക്കാരില്‍ നിന്ന് 200 മുതല്‍ 500 വരെ പിഴ ഈടാക്കും. സ്റ്റേഷന്‍ പരിസരം മോടിപിടിപ്പിക്കുന്നതിനും നടപടിയെടുക്കും.സ്റ്റേഷനില്‍ യാത്രക്കാരെ കൊണ്ട് വരുന്ന വാഹനങ്ങള്‍ കാരണമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടികളും സ്വീകരിക്കും.
വെസ്റ്റ്ഹില്‍ സ്‌റ്റേഷനോടു ചേര്‍ന്ന് പിറ്റ്‌ലൈന്‍ സ്ഥാപിക്കാനുള്ള പദ്ധതി ഇപ്പോള്‍ പരിഗണനയിലില്ല. പിറ്റ്‌ലൈനുകളുടെ എണ്ണം കൂടുന്നത് അറ്റകുറ്റപ്പണിക്കായുള്ള സാമഗ്രികളുടെ വിതരണമുള്‍പ്പെടെയുള്ള നടപടികളെ ബാധിക്കും. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് കിറ്റ്‌കോ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണനയിലാണെന്നും ജനറല്‍മാനേജര്‍ അറിയിച്ചു.

 

Latest