Connect with us

National

പാചകവാതക വില വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതിനു പിന്നാലെ പാചകവാതക വിലയും കൂട്ടി. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന് 16.50 രൂപയാണ് വര്‍ധിപ്പിച്ചത്. വ്യോമ ഇന്ധനത്തിന്റെയും വില വര്‍ധിപ്പിച്ചിട്ടുണ്ട്. വില വര്‍ധന ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ആറ് മാസത്തിന് ശേഷം ഇതാദ്യമായാണ് സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം പന്ത്രണ്ട് സിലിന്‍ഡറുകളാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. ഇതിനു പുറമെ അധികമായി നല്‍കുന്ന സിലിന്‍ഡറുകള്‍ക്കാണ് വില വര്‍ധിപ്പിച്ചിട്ടുള്ളത്. 14.2 കിലോഗ്രാം വരുന്ന പാചകവാതക സിലിന്‍ഡറിന് 906 രൂപയായിരുന്നു രാജ്യ തലസ്ഥാനത്തുള്ള വില. ഇത് 922.50 രൂപയായി വര്‍ധിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ ഒ സി) അധികൃതര്‍ അറിയിച്ചു.
ആഗോള വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില പരിഗണിച്ച് പ്രതിമാസം സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില എണ്ണക്കമ്പനികള്‍ പുനഃപരിശോധിക്കാറുണ്ട്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായി വില കുറഞ്ഞതിനു ശേഷമാണ് സിലിന്‍ഡര്‍ വില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ സിലിന്‍ഡറിന് 107 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെ മാര്‍ച്ചില്‍ 53.50 രൂപ കുറച്ചതിനെ തുടര്‍ന്ന് വില 1080.50 ആയി. പിന്നീട് ഏപ്രില്‍, മെയ് മാസങ്ങളില്‍ യഥാക്രമം നൂറും 52ഉം രൂപയാണ് സിലിന്‍ഡറിന് കുറച്ചത്. കഴിഞ്ഞ മാസം സബ്‌സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്റെ വിലയില്‍ 23.50 രൂപയും കുറവ് വരുത്തിയിരുന്നു. സബ്‌സിഡി നിരക്കില്‍ സിലിന്‍ഡര്‍ 449 രൂപ നഷ്ടത്തിലാണ് വില്‍പ്പന നടത്തുന്നതെന്നാണ് ഐ ഒ സി അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം നഷ്ടം 432.71 രൂപയായിരുന്നു.
വ്യോമ ഇന്ധന (എ ടി എഫ്)ത്തിനും വില കൂടിയിട്ടുണ്ട്. ഒരു കിലോ ലിറ്ററിന് 0.6 ശതമാനമാണ് വര്‍ധനവുണ്ടായത്. ഡല്‍ഹിയില്‍ ഒരു കിലോ ലിറ്റര്‍ എ ടി എഫിന് 413.78 രൂപ വര്‍ധിച്ച് 70,161.76 രൂപയായിട്ടുണ്ട്. തുടര്‍ച്ചയായി മൂന്ന് മാസം വില കുറഞ്ഞതിനു ശേഷമാണ് വര്‍ധനവുണ്ടായിട്ടുള്ളത്.

 

 

 

Latest