Connect with us

Ongoing News

പുതു പ്രതിജ്ഞ, പുതിയ ജീവിതം

Published

|

Last Updated

ഒരിക്കല്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ ഓഫീസിലെത്തി. ഏറെ സന്തോഷവാനായിരുന്നു അദ്ദേഹം. വലിയൊരു ആഹ്ലാദം പങ്ക് വെക്കാനായിരുന്നു ആ കൂടിക്കാഴ്ച. വിശുദ്ധ റമസാനില്‍ എല്ലാ ദിവസവും മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദിലെ ഇഅ്തികാഫ് ജല്‍സയില്‍ സംബന്ധിക്കുന്നതിന് താന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. മൂന്ന് ഷിഫ്റ്റായുള്ള തന്റെ ജോലി പുലര്‍ച്ചെ ആറ് തൊട്ട് ഉച്ച വരെയുള്ള സമയത്തേക്ക് മേലുദ്യോഗസ്ഥന്റെ അനുമതിയോടെ ക്രമീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു.

ഉച്ചയോടെ സ്വലാത്ത് നഗറിലെത്തി, രാത്രി പത്ത് മണി വരെ മുടങ്ങാത്ത ഇഅ്തികാഫ്. വിജ്ഞാന സദസ്സുകളില്‍ സംബന്ധിച്ച്, നിസ്‌കാരങ്ങളും ദുആകളും അതിന്റെ പൂര്‍ണതയില്‍ നിര്‍വഹിച്ച്, ആയിരങ്ങള്‍ക്കൊപ്പം ഒരുമയില്‍ നോമ്പ് തുറന്ന,് തറാവീഹും വിത്‌റും കഴിഞ്ഞു മാത്രം വീട്ടിലേക്ക് വിശ്രമത്തിനായി മടക്കം. വിശുദ്ധ മാസത്തിലെ ആരാധനക്കാണെന്നറിഞ്ഞിട്ടും ജോലി സമയം ക്രമീകരിച്ചു കൊടുത്തത് അമുസ്‌ലിമായ മേല്‍ ഓഫീസര്‍. റമസാന്‍ പുണ്യത്തെ മറ്റു വിശ്വാസികള്‍ പോലും ഉള്‍ക്കൊള്ളുന്നതിന്റെയും നമ്മുടെ നാടിന്റെ മതേതര കാഴ്ചപ്പാടിന്റെ വിശാലതയെയും കുറിച്ച് അദ്ദേഹം വാചാലനായി.

ഒരിക്കല്‍ കൂടി എത്തിയിരിക്കുന്ന വിശുദ്ധ മാസത്തെ നാം സ്വീകരിക്കേണ്ട രീതികളെക്കുറിച്ച് ഉണര്‍ത്താനാണ് മേല്‍ അനുഭവം വിവരിച്ചത്. എല്ലാവര്‍ക്കും തിരക്കിന്റെ കാലമാണിത്. കൊച്ചു കുട്ടികള്‍ക്ക് പോലും ടൈം ടേബിള്‍ വെച്ചുള്ള ജീവിതം. ആദ്യത്തെ പത്ത് നോമ്പ് കഴിഞ്ഞാല്‍ പള്ളിയില്‍പ്പോലും ആളുകള്‍ കുറവ്. ഇതിനിടയിലാണ് ഒരു ഉന്നത കേന്ദ്ര സര്‍ക്കാര്‍ ഉദ്യേഗസ്ഥന്റെ ആത്മീയാനുഭവത്തിനും അനുഷ്ഠാനത്തിനുമായുള്ള ഈ പ്രതിജ്ഞ.

അതെ, പുതു നിശ്ചയങ്ങളുടെയും പ്രതിജ്ഞകള്‍ പുതുക്കലിന്റെയും അവസരമാണിത്. വരും ദിനങ്ങളില്‍ നമ്മുടെ ജീവിതം കൂടുതല്‍ ക്രമീകരിക്കുക. അല്ലാഹുവിലേക്ക് അടുക്കുന്നതിനും സമൂഹത്തോടും കുടുംബത്തോടുമുള്ള കടപ്പാടുകള്‍ വീട്ടുന്നതിനും കൂടുതല്‍ സമയം കണ്ടെത്തുക. അതിനുള്ള അവസരമാണിത്. വ്യക്തമായ പ്ലാനിംഗോടും മുന്നൊരുക്കത്തോടും കൂടി നന്മയുടെ ഈ മാസത്തെ നമുക്ക് സ്വീകരിക്കാം.

ആദ്യദിനത്തിലെ നിശ്ചയങ്ങള്‍

quranഒന്നാം നോമ്പിന് എല്ലാവരും നല്ല ആവേശത്തിലായിരിക്കും. ആ പുതുമയുടെ കുളിര്‍മ അവസാനം വരെ കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രതിജ്ഞകള്‍ക്കു പറ്റിയ ദിവസമാണിത്. റമസാന്‍ മാസം ആരംഭിച്ചെന്ന് ഉറപ്പായാല്‍, ആദ്യ ദിവസം തന്നെ വിശുദ്ധ ഖുര്‍ആനിലെ സൂറ ഫത്ഹ് പാരായണം ചെയ്യുന്നത് ഏറെ പുണ്യമാണ്. ഇത് ജീവിതത്തില്‍ വലിയ ഐശ്വര്യം നിറക്കുമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നിര്‍ബന്ധമായവക്ക് പുറമെ തറാവീഹ് അടക്കമുള്ള സുന്നത്ത് നിസ്‌കാരങ്ങള്‍ മുടക്കമില്ലാതെ ജമാഅത്തായി നിര്‍വഹിക്കുമെന്ന് ആദ്യ ദിവസം തന്നെ തീരുമാനിക്കുക. പള്ളിയിലെ ഇമാമിന്റെയൊ ഇബാദത്തുകള്‍ കൊണ്ട് ധന്യജീവിതം നയിക്കുന്ന വ്യക്തികളുടെയോ കൈപിടിച്ച് ഈ പ്രതിജ്ഞ അവരെ അറിയിക്കുകയും ദുആ ചെയ്യാന്‍ പറയുകയും ചെയ്യുക. പ്രതിജ്ഞകള്‍ വൃത്തിയായി എഴുതി സൂക്ഷിക്കുന്നത് മനഃശാസ്ത്രപരമായി ഏറെ ഫലം ചെയ്യമെന്നാണ് അനുഭവം. എന്നിട്ട് ഓരോ ആഴ്ചയിലും അവ എടുത്തു നോക്കി, ഇത്രയും ദിവസത്തിനിടെ ഏതെല്ലാം കാര്യങ്ങള്‍ ശരിയായി ചെയ്തു, ഏതെല്ലാം ഉദ്ദേശിച്ച പോലെ ചെയ്യാന്‍ പറ്റിയില്ല എന്ന വിലയിരുത്തല്‍ നടത്തുക. അതിനനുസരിച്ച് പിന്നീടുള്ള ദിവസങ്ങള്‍ ക്രമീകരിക്കുക. ചിലപ്പോള്‍ ആദ്യ ദിനത്തിലെ നിശ്ചയങ്ങളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പിന്നീടുള്ള ദിവസങ്ങളില്‍ എടുക്കാന്‍ പറ്റും. അതും രേഖപ്പെടുത്തി റമസാന്‍ അവസാനത്തില്‍ വിലയിരുത്തല്‍ നടത്തുക. എനിക്ക് തീര്‍ച്ചയാണ്, ഈ റമസാന്‍ നമ്മുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കും.

നിസ്‌കാരമെന്ന അടയാളം

namazമുസ്‌ലിമിന്റെ അടയാളമാണല്ലോ നിസ്‌കാരം. നാം എവിടെയായിരുന്നാലും അത് നിര്‍വഹിക്കേണ്ടവരാണ്. ആയുസ്സിലെ വളരെ ചുരുങ്ങിയ സമയം മാത്രം നിര്‍ബന്ധമായി പാലിക്കേണ്ട നിസ്‌കാരത്തിന്റെ കാര്യത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് ഈ റമസാന്‍ കാരണമാകണം. അതിന് താഴെ കാര്യങ്ങളെങ്കിലും ശ്രദ്ധിക്കുക.

1. ഏകാഗ്രതയോടെ നിസ്‌കരിക്കാന്‍ ശീലിക്കുക.
2. നിസ്‌കാരത്തില്‍ പാരായണം ചെയ്യുന്ന ഖുര്‍ആന്‍, പ്രാര്‍ഥനകള്‍, ദിക്‌റുകള്‍ എന്നിവയുടെ അര്‍ഥം പഠിക്കാന്‍ സമയം കണ്ടെത്തുക.
3. തഹജ്ജുദ് നിസ്‌കാരം ശീലമാക്കുക. അത്താഴ സമയത്ത് ഉണരുന്നതിനാല്‍ ഇക്കാര്യത്തില്‍ ഏറെ സൗകര്യമുണ്ട്.
4. നിസ്‌കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കുന്നതില്‍ നിര്‍ബന്ധം കാണിക്കുക.
5. ഒരു മനുഷ്യന്‍ തന്റെ എല്ലാം അല്ലാഹുവിലേക്ക് സമര്‍പ്പിച്ച് വിനയാന്വിതനാകുന്ന അവസരമാണ് സുജൂദ്. നിസ്‌കാരങ്ങളില്‍ സുജൂദിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുക.

ഖുര്‍ആന്‍ വെളിച്ചം

റമസാന്‍ എന്നാല്‍ ഖുര്‍ആന്‍ എന്നുകൂടി പറയാം. ഇത് വിശുദ്ധ വചനങ്ങളുടെ അവതരണ വാര്‍ഷികമാണ്. അതുകൊണ്ട് ഖുര്‍ആനുമായുള്ള നമ്മുടെ ബന്ധം തിരുത്തിയെഴുതേണ്ട സമയമാണ് റമസാന്‍.

1. ഏറ്റവും ചുരുങ്ങിയത് ഒരാവര്‍ത്തിയെങ്കിലും ഖുര്‍ആന്‍ പാരാണം ചെയ്യുക. ഒരു ജുസ്അ് ഓതിത്തീര്‍ക്കുന്നതിന് ഏത് സാധാരണക്കാരനും ഏകദേശം നാല്‍പ്പത് മിനുട്ട് സമയം മതി. അതുകൊണ്ട്, റമസാനില്‍ ഒരു ഖത്മ് എന്നത് മനസ്സുവെച്ചാല്‍ നിഷ്പ്രയാസം സാധിക്കുന്നതാണ്.
2. പരമാവധി സൂറത്തുകള്‍ മനഃപാഠമാക്കാന്‍ ശ്രമിക്കുക. നേരത്തെ പഠിച്ചവയിലെ തെറ്റുകള്‍ തിരുത്തി നന്നായി പാരായണം ചെയ്യാന്‍ കൂടി സമയം കണ്ടെത്തുക.
3. തജ്‌വീദ് (ഖുര്‍ആന്‍ പാരായണ ശാസ്ത്രം) അനുസരിച്ചുള്ള പാരായണം ശീലിക്കുക.

പ്രാര്‍ഥനയുടെ പുണ്യം

1. വിശുദ്ധ റമസാനിലെ ഓരോ ദിവസത്തേക്കും നിശ്ചയിക്കപ്പെട്ട നിരവധി ദുആകളുണ്ട്. അവ ഏടുകളിലും ഇസ്‌ലാമിക ഗ്രന്ഥങ്ങളിലുമെല്ലാം കാണാം. ഇവ പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക.
2. നിസ്‌കാരങ്ങള്‍ക്കു ശേഷമുള്ള, ഏറെ പ്രതിഫലം ലഭിക്കുന്ന ദുആകള്‍ പതിവാക്കി ശീലിക്കുക.
3. ജീവിതത്തിലെ ഓരോ വേളയിലും സുന്നത്തുള്ള പ്രാര്‍ഥനകളും ദിക്‌റുകളുമുണ്ട്. ഇക്കാര്യത്തില്‍ നോമ്പുകാലത്ത് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. ഇത് റമസാന്‍ കഴിഞ്ഞും നിലനിര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്യുക.
4. കണ്ണീരൊലിപ്പിച്ചു കൊണ്ടുള്ള പ്രാര്‍ഥന അല്ലാഹുവിന്റെ അടുക്കല്‍ ഏറെ സ്വീകാര്യമാണ്. റമസാനിലെ വിശുദ്ധവേളകളില്‍, രാത്രിയുടെ യാമങ്ങളില്‍ ബാഷ്പ കണങ്ങളണിഞ്ഞ് ജഗന്നിയന്താവിലേക്ക് കൈകളുയര്‍ത്തുക. തീര്‍ച്ചയായും നാം സ്വീകരിക്കപ്പെട്ടവരാകും. സ്ഥിരമായി പള്ളികളുമായി ബന്ധപ്പെടുന്നവര്‍ക്ക് ദുആക്കും ദിക്‌റിനും സ്വാഭാവികമായും ഒട്ടേറെ അവസരം ലഭിക്കും. ഉദാഹരണമായി ഹദ്ദാദ് റാത്തീബ് സ്ഥിരമായി നമ്മുടെ പള്ളികളില്‍ പാരായണം ചെയ്തുവരുന്നുണ്ടല്ലോ. പരമാവധി അത്തരം സദസ്സുകളില്‍ സംബന്ധിക്കുക.

ശരീരത്തിന് പട്ടിണി, മനസ്സിന് ശക്തി

നോമ്പു കാലം കഴിഞ്ഞാല്‍ ഉദരാശയ രോഗവുമായെത്തുന്ന മാപ്പിളമാര്‍ ആശുപത്രികളില്‍ അടിഞ്ഞു കൂടുന്നെന്നത് ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണമാണ്. ഒട്ടേറെ ഡോക്ടര്‍മാരും ഇത് ശരിവെക്കുന്നു. ശരീരത്തെ മെരുക്കി, ആമാശയത്തെ ചുരുക്കി മനസ്സിനെ ശക്തിപ്പെടുത്തുകയെന്ന നോമ്പിന്റെ ലക്ഷ്യം നടക്കാതെ പോകുന്നുണ്ടോയെന്ന് ആലോചിക്കേണ്ടതുണ്ട്. നല്ല ആരോഗ്യ ശീലങ്ങള്‍ തുടങ്ങാനുള്ള വിശേഷാവസരമാണ് നോമ്പുകാലം. ഈ റമസാനില്‍ അമിത ഭക്ഷണവും നിയന്ത്രണമില്ലാത്ത ഉറക്കവും ഒഴിവാക്കുമെന്ന് ഇന്നു തന്നെ തീരുമാനിക്കുക. നാരുകളടങ്ങിയതും പ്രോട്ടീന്‍സമൃദ്ധവുമായ ഇനങ്ങള്‍ കൂടുതല്‍ ശീലമാക്കുക. മാംസവും കൊഴുപ്പടങ്ങിയതുമായവ കുറച്ചുകൊണ്ടു വരിക.

അറിവിന്റെ ജാലകം തുറക്കുക

വിജ്ഞാന വര്‍ധനവിനുള്ള ഒട്ടേറെ അവസരങ്ങള്‍ നോമ്പുകാലത്തുണ്ട്. അവ പരമാവധി ഉപയോഗപ്പെടുത്തുക. ഒരു നല്ല ഇസ്‌ലാമിക പുസ്തകമെങ്കിലും നോമ്പിനു വായിച്ചു തീര്‍ക്കുക, പണ്ഡിതന്റെ നല്ല പ്രഭാഷണം ശ്രവിക്കുക, ഒരു ഇസ്‌ലാമിക ചരിത്രമെങ്കിലും പഠിച്ച് കുട്ടികള്‍ക്കും കുടുംബത്തിനും പകര്‍ന്നു കൊടുക്കുക… ഇത്തരം തീരുമാനങ്ങള്‍ നമ്മെ ധന്യമായൊരു ഭാവിയിലേക്കാണ് എത്തിക്കുക.

പലരും നെറ്റ് ബ്രൗസിംഗ് ഹോബിയാക്കിയെടുത്തവരാണ്. പലപ്പോഴും കയറുപൊട്ടിച്ചുള്ള ബ്രൗസിംഗ് സമ്മാനിക്കുന്നത് സമയനഷ്ടവും ആരോഗ്യ പ്രശ്‌നങ്ങളും അധാര്‍മിക ചിന്തകളുമാണ്. അതില്‍ നിന്നുമാറി വിജ്ഞാനപ്രദമായ കാര്യങ്ങള്‍ക്കും ധാര്‍മിക ചിന്തയുണര്‍ത്തുന്ന വിഷയങ്ങള്‍ക്കുമായി ഇന്റര്‍നെറ്റ് ഉപയോഗം മാറ്റുക. ഈ വഴിയിലെ തുടക്കമാകട്ടെ ഈ നോമ്പുകാലം. മൊബൈലിന്റെ ഉപയോഗവും ആവശ്യത്തിനു മാത്രമാക്കുക. തീരെ നിലവാരം കുറഞ്ഞ സന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയും സൊറ പറയാന്‍ മാത്രം മണിക്കൂറുകള്‍ ചെലവഴിക്കുകയും ചെയ്യുന്ന പ്രവണത കുട്ടികളിലടക്കം വ്യാപകമാണ്. ഇതിനൊക്കെ ഒരു മാറ്റം ഈ പുണ്യ മാസത്തിലുണ്ടാകണം.
കരുണ നിറയട്ടെ

പാവങ്ങളെ സഹായിക്കുന്നതിന് വര്‍ധിച്ച പ്രതിഫലം കിട്ടുന്ന കാലമാണല്ലോ വിശുദ്ധ റമസാന്‍. അയല്‍പക്കങ്ങളില്‍ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കുന്നതിനെങ്കിലും സമയം കണ്ടെത്തുക. സക്കാത്തിന്റെ കാര്യത്തില്‍ സൂഷ്മത പുലര്‍ത്തുന്നവര്‍ക്ക് വലിയ പ്രതിഫലമാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്.