Connect with us

National

രാജധാനി അപകടം: അട്ടിമറി തള്ളിക്കളയാതെ റെയില്‍വേ

Published

|

Last Updated

പാട്‌ന: ന്യൂഡല്‍ഹി- ദിബ്രുഗഢ് രാജധാനി എക്‌സ്പ്രസ് പാളം തെറ്റി അഞ്ച് പേര്‍ മരിക്കാനിടയായ അപകടം അട്ടിമറിയാകാമെന്ന് സൂചന. അപകടത്തെ തുടര്‍ന്ന് താളംതെറ്റിയ ട്രെയിന്‍ സര്‍വീസ് ഭാഗികമായി പുനഃസ്ഥാപിച്ചു. വടക്കന്‍ ബീഹാറിലെ ഛപ്ര സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസമാണ് രാജധാനി എക്‌സ്പ്രസ് പാളം തെറ്റി അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 12 കോച്ചുകള്‍ പാളം തെറ്റുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അഞ്ച് കോച്ചുകള്‍ തലകീഴായി മറിഞ്ഞിരുന്നു. റെയില്‍വേ ലൈനില്‍ ഉപയോഗിക്കുന്ന 17 ക്ലിപ്പുകള്‍ ഊരിമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ക്ലിപ്പുകള്‍ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നും അട്ടിമറിയുടെ എന്തെങ്കിലും തെളിവുകള്‍ സംഭവ സ്ഥലത്ത് നിന്ന് പോലീസിന് ലഭിച്ചിട്ടില്ലെന്നുമാണ് ശരണ്‍ എസ് പി സുധീര്‍ കുമാര്‍ വ്യക്തമാക്കുന്നത്. ഇതൊരു അട്ടിമറിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അതേസമയം, ഫോറന്‍സിക് വിഭാഗം ഉള്‍പ്പെടെ വിദഗ്ധരുടെ പരിശോധനക്ക് ശേഷം മാത്രമേ ശരിയായ കാരണം കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്നും സോനാപൂര്‍ ഡി ആര്‍ എം രാജേഷ് തിവാരി പറഞ്ഞു.
ഊരിമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ ക്ലിപ്പുകള്‍ അപകട കാരണമാകാന്‍ സാധ്യതയുണ്ടെന്ന് വിരമിച്ച റെയില്‍വേ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. നല്ല വില ലഭിക്കുന്ന ക്ലിപ്പുകള്‍ മോഷ്ടിച്ചെടുത്ത് വില്‍പ്പന നടത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. പ്രത്യേകിച്ചും നല്ല വേഗത്തില്‍ പോകുന്ന ട്രെയിനുകള്‍ക്ക് അപകട സാധ്യത കൂടുതലാണെന്നും അദ്ദേഹം പറയുന്നു.
അതേസമയം, അട്ടിമറിക്ക് പിന്നില്‍ മാവോയിസ്റ്റുകളുടെ കരങ്ങളുണ്ടെന്ന വാദം ബീഹാര്‍ സര്‍ക്കാര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് തിടുക്കത്തില്‍ നിഗമനത്തിലെത്തുന്നതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തിയിരുന്നു.