Connect with us

Kozhikode

കല്ലായി റോഡ് വീതി കൂട്ടല്‍ നടപടികള്‍ ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട്: പന്നിയങ്കര മേല്‍പ്പാലം നിര്‍മാണത്തിന്റെ ഭാഗമായി കല്ലായി റോഡ് വീതികൂട്ടുന്നതിനുള്ള നടപടികള്‍ തുടങ്ങി. ദേശീയപാതയില്‍ കല്ലായി റെയില്‍വെ സ്റ്റേഷനു തെക്കുവശത്തുനിന്ന് കല്ലായി റെയില്‍വെ ഗേറ്റ് വരെ റെയിലിനോട് ചേര്‍ന്ന ഭാഗത്താണ് റോഡുനിര്‍മാണ നടപടികള്‍ ആരംഭിച്ചത്.
ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് ഏഴ് മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. പാലത്തിന്റെ നിര്‍മാണം ആരംഭിക്കുമ്പോള്‍ ദേശീയപാതയിലുണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരമായാണ് റോഡ് വീതികൂട്ടുന്നത്. പിന്നീട് സമാന റോഡായി വിനിയോഗിക്കുകയും ഇതുവഴി ലക്ഷ്യമിടുന്നു.
പന്നിയങ്കര മേല്‍പ്പാലത്തിന്റെ തൂണുകളും അപ്രോച്ച് റോഡും നിലവിലുള്ള ദേശീയപാതയുടെ മധ്യഭാഗത്തുകൂടിയാണ് കടന്നുപോകുക. ദേശീയപാതയില്‍ പാലം നിര്‍മിക്കുന്ന ഭാഗങ്ങളിലാണ് സമാന്തരമായി റോഡ് നിര്‍മിക്കുന്നത്. ഇപ്പോള്‍ റോഡുപണി തുടങ്ങിയത് നിലവില്‍ വിട്ടുകിട്ടിയ സ്ഥലത്താണ്. റോഡ് നിര്‍മാണ പ്രവൃത്തി ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ജെ സി ബി ഉപയോഗിച്ച് റോഡ്‌പോകുന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്തുവരികയാണ്. നിര്‍മിക്കുന്ന റോഡിന്റെ ഒരുവശത്ത് അഴുക്ക്ചാലിനായി സൗകര്യമൊരുക്കിയിട്ടുണ്ട്.
അതേസമയം പന്നിയങ്കര മേല്‍പാലത്തിന്റെ സ്ഥലമേറ്റെടുപ്പ് മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ഡി എം ആര്‍ സിയുടെ തീരുമാനം. ഇതിന്റ ഭാഗമായി പ്രവൃത്തികള്‍ ദ്രുതഗതിയിലാണ്. 0.57 ഹെക്റ്റര്‍ ഭൂമിയാണ് പാലം നിര്‍മാണത്തിനായി ഏറ്റെടുക്കേണ്ടിവരിക.
പാലം പണിയുടെ ഭാഗമായി റെയിലിനോട് ചേര്‍ന്ന് പുതിയ റോഡ് നിര്‍മിക്കുന്ന പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. മൂന്ന് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കി നിലവിലെ റോഡ് പാലത്തിന്റെ പൈലിംഗിനായി മാറ്റുകയാണ് ലക്ഷ്യമിടുന്നത്.