Connect with us

Wayanad

ആദിവാസി ക്ഷേമ പദ്ധതികളുടെ ഫലപ്രദമായ പൂര്‍ത്തീകരണം ലക്ഷ്യമാക്കി പുതിയ സംവിധാനം

Published

|

Last Updated

കല്‍പ്പറ്റ: ആദിവാസി ക്ഷേമപദ്ധതികളുടെ പൂര്‍ണ്ണ ഫലപ്രാപ്തി ഉറപ്പാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പുതിയ സംവിധാനം കലക്ടറേറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. ട്രൈബല്‍ ഹെല്‍പ്പ്‌ലൈന്‍ ആന്റ് വെല്‍ഫയര്‍ മോണിറ്ററിംഗ് സെല്‍ എന്ന പേരില്‍ കളക്ടറേറ്റിലെ ഒന്നാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. 25 വികസനക്ഷേമ വകുപ്പുകളുടെ ഏകോപിത സംവിധാനമാണ് നിലവില്‍ വരുന്നത്. ആദിവാസികള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പദ്ധതികളും പൂര്‍ണ്ണ ഫലപ്രാപ്തിയെത്തുന്നില്ലെന്ന കണ്ടെത്തലാണ് ഇത്തരമൊരു സംവിധാനം തുടങ്ങുന്നതിന് പ്രേരകമായതെന്നും കളക്ടര്‍ അറിയിച്ചു. വകുപ്പുകളുടെ ഏകോപനമില്ലായ്മയും സമര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ അഭാവവും ഫലപ്രദമായ മേല്‍ നോട്ടമില്ലായ്മയുമാണ് പദ്ധതികള്‍ ലക്ഷ്യം കാണാത്തതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇതിന് സ്ഥായിയായ പരിഹാരം കാണുന്നതിന് സെല്ലിന്റെ രൂപീകരണം സഹായിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരുടെ കര്‍മ്മശേഷിയും നേതൃപാടവവും നൂറ് ശതമാനം വിനിയോഗിക്കുക എന്നതിലൂടെ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി രൂപീകരണം മുതല്‍ ഫലപ്രാപ്തി വിലയിരുത്തുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും വിലയിരുത്തുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് സെല്‍ രൂപീകരിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
ജില്ലാ കളക്ടറുടെ പൂര്‍ണ്ണ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമാണ് സെല്‍ പ്രവര്‍ത്തിക്കുക. എ.ഡി.എം. ആയിരിക്കും നോഡല്‍ ഓഫിസര്‍. സെല്ലില്‍ ഉള്‍പ്പെട്ട ഓരോ വകുപ്പുകളില്‍ നിന്നും ഒരു നോഡല്‍ ഓഫീസറും രണ്ട് അസിസ്റ്റന്റുമാരുമടക്കം 3 ജീവനക്കാരെ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കണം. റവന്യൂ, പോലീസ്, ട്രൈബല്‍ വകുപ്പുകളില്‍ നിന്നുള്ള 3 പേര്‍ വീതം ആകെ 9 പേരെ സെല്ലിന്റെ പൂര്‍ണ്ണ സമയ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിക്കും.
കോളനികളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കുകയാണ് സെല്ലിന്റെ പ്രഥമകര്‍ത്തവ്യം. വികസന പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണം, നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ ഏകോപനം, പരാതി പരിഹാരം എന്നിവ തുടര്‍ന്ന് നടപ്പാക്കും. ട്രൈബല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന രീതിയില്‍ ലഭ്യമാകുന്ന എല്ലാ വിവരങ്ങളും ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കും. ആദിവാസിക്ഷേമ പദ്ധതികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനവും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനവും സെല്ലിന്റെ നിരീക്ഷണത്തിന് കീഴില്‍ വരും. ആദിവാസികള്‍ക്കര്‍ഹമായ ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായ അളവിലും വിലയിലും പൊതുവിതരണ സംവിധാനത്തിലൂടെ ലഭ്യമാകുന്നുണ്ടോയെന്നും പരിശോധിക്കും.
ജില്ലയിലെ എല്ലാ വകുപ്പുകളും സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്. സെല്ലിന്റെ പ്രവര്‍ത്തനം ഗുണകരമാക്കുന്നതിന് കാര്യശേഷിയും കര്‍മ്മോല്‍ത്സുകതയുമുള്ള ജീവനക്കാരെ തെരഞ്ഞെടുക്കണമെന്ന് വകുപ്പുകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest