Connect with us

Gulf

ഷാര്‍ജ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൊടുന്നനെ റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയില്‍ നിന്നു കൊച്ചിയിലേക്ക് പുറപ്പടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൊടുന്നനെ റദ്ദാക്കിയതിനെത്തുടര്‍ന്ന് മലയാളികളായ യാത്രക്കാര്‍ വലഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ യു എ ഇ സമയം 2.10ന് പുറപ്പെടേണ്ടിയിരുന്ന ഐ എക്‌സ് 412 നമ്പര്‍ വിമാനമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത്. ബാഗേജുമായി യാത്രക്കാരെല്ലാം നിശ്ചിത സമയത്ത് തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. മണിക്കൂറുകളോളം അവരവിടെ പരിശോധനക്കും ബോര്‍ഡിംഗ് പാസിനുമായി കാത്തിരുന്നു.
എന്നാല്‍ വിമാനം പുറപ്പെടുന്നതിനുള്ള യാതൊരു സൂചനയും ഉണ്ടായില്ല. ഇതിനിടെയാണ് വിമാനം റദ്ദാക്കിയതായി വിവരം ലഭിച്ചതെന്ന് യാത്രക്കാരിയും ദുബൈയിലെ ഒരു സ്വകാര്യ വിദ്യാലയത്തിലെ അധ്യാപികയുമായ ആലപ്പുഴ സ്വദേശി അനിലിന്റെ ഭാര്യ സുമി പറഞ്ഞു. യാത്ര പോകേണ്ട വിമാനം എത്തിയില്ലെന്നായിരുന്നു ബന്ധപ്പെട്ടവരുടെ വിശദീകരണമെന്നും സുമി പറഞ്ഞു.
വേണമെങ്കില്‍ കോഴിക്കോട്ടെക്കോ തിരുവനന്തപുരത്തേക്കോ കയറ്റി അയക്കാമെന്നും അറിയിച്ചതായും സുമി വ്യക്തമാക്കി. എന്നാല്‍ ബന്ധപ്പെട്ടവരുടെ ഈ നിലപാട് യാത്രക്കാര്‍ ഒന്നടങ്കം തള്ളുകയായിരുന്നുവത്രെ. നിരാശരായ യാത്രക്കാരില്‍ പലരും തിരികെ താമസസ്ഥലത്ത് എത്തി. താമസ സൗകര്യം വാഗ്ദാനം ചെയ്തുവെങ്കിലും അവരത് സ്വീകരിച്ചില്ല. ഇന്ന് വീണ്ടും വിമാനത്താവളത്തില്‍ എത്താന്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുമി പറഞ്ഞു. വിമാനം എത്തിയില്ലെന്ന കാരണത്താല്‍ സര്‍വീസ് റദ്ദാക്കിയ നടപടി യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനു ഇടയാക്കി. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കെട്ടുകളും മറ്റുമായാണ് യാത്രക്കാരെല്ലാം വിമാനത്താവളത്തിലെത്തിയത്.
കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്നു കോഴിക്കോട്ടെക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 20 മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടിരുന്നത്. രാത്രി എട്ടരയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ വിമാനം വൈകിയതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലാവുകയായിരുന്നു. വിമാനം വരാന്‍ വൈകിയതും പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞതുമാണ് വിമാനം വൈകാന്‍ കാരണമെന്നായിരുന്നു അധികൃതരുടെ വിശദീകരണം.