Connect with us

Ongoing News

തൃശൂര്‍ മൃഗശാലയിലെ പെണ്‍പുലി ചത്തു

Published

|

Last Updated

തൃശൂര്‍: തൃശൂര്‍ മൃഗശാലയില്‍ പെണ്‍പുലി ചത്തു. 2010 മെയ് 31ന് മലക്കപ്പാറയില്‍ നിന്ന് പിടികൂടിയ എട്ട് വയസ്സുള്ള റാണിയെന്ന പെണ്‍പുലിയാണ് ഇന്നലെ പുലര്‍ച്ചെ ചത്തത്. റാണി മൂന്ന് മാസം മുമ്പ് പെണ്‍പുലിയെ പ്രസവിച്ചിരുന്നു. ഗംഗയെന്ന പേരിട്ടിരിക്കുന്ന ഈ പുലിക്കുഞ്ഞ് മൃഗശാലയില്‍ ഇപ്പോള്‍ സുഖമായിരിക്കുകയാണ്. അണുബാധയോ ഹൃദയസംബന്ധമായ തകരാറോ ആണ് റാണിയുടെ മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. ഇതിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കുകയുള്ളു.
അണുബാധയുടെ സംശയമുള്ളതിനാല്‍ മൃഗശാലയിലെ മറ്റു പുലികള്‍ക്ക് അണുബാധ പ്രസരണമുണ്ടാകാതിരിക്കാനായി മുന്‍കരുതലുകളെടുക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. കാര്യമായ അസുഖങ്ങളൊന്നും പുറമേക്ക് റാണിക്കുണ്ടായിരുന്നില്ല. മലക്കപ്പാറയില്‍ കെണിയില്‍ കുടുങ്ങി പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ് റാണിയെ തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുവന്നത്. ഈ മുറിവുകളെല്ലാം ഭേദപ്പെട്ടിരുന്നു. റാണി ജന്‍മം നല്‍കിയ ഗംഗയടക്കം നാല് പുലികളാണ് ഇനി തൃശൂര്‍ മൃഗശാലയില്‍ ബാക്കിയുള്ളത്.

Latest