Connect with us

Wayanad

നികുതി വെട്ടിച്ച് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ കടത്തിയ അടക്ക ഇന്റലിജന്‍സ് പിടികൂടി

Published

|

Last Updated

കല്‍പ്പറ്റ: നികുതി വെട്ടിച്ച് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ കര്‍ണാടകയിലേക്ക് കടത്താന്‍ ശ്രമിച്ച അടക്ക വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിലാണ് സംഭവം. മാനന്തവാടിയില്‍ നിന്നും കര്‍ണ്ണാടകയിലേക്ക് ലോറിയില്‍ 16 ടണ്‍ അടക്ക കടത്താനാണ് ശ്രമിച്ചത്. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. മതിയായ രേഖകളില്ലാത്തിനാല്‍ വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. 6,78,000 രൂപ പിഴ അടക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞിട്ടും പിഴയടക്കാന്‍ ആരും തയ്യാറായിട്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ തെന്നയാണ് നികുതി വെട്ടിച്ച് അടക്ക കടത്തിയതെന്ന് കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് വാണിജ്യ നികുതി അസിസ്റ്റന്റ് കമ്മീഷണര്‍ ഉന്നതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
ഇതിന് മുമ്പും ഇത്തരത്തില്‍ നിരവധി തവണ അടക്ക ഉള്‍െപ്പടെയുള്ള നോട്ടിഫൈഡ് വാണിജ്യ ഉത്പന്നങ്ങള്‍ നികുതി വെട്ടിച്ച് കടത്തിയതായും സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ വാണിജ്യ നികുതി വിജിലന്‍സ് വിഭാഗം നീക്കം തുടങ്ങി. ചെക്ക്‌പോസ്റ്റില്‍ പരിശോധന നടത്താന്‍ തയ്യാറാകാത്ത അന്നത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവും. നികുതി വെട്ടിക്കുന്നതിന് വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. സര്‍ക്കാരിന് കോടികളുടെ വരുമാന നഷ്ടമാണ് ഇത് മൂലം ഉണ്ടാകുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ച് ഇത്തരം വെട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ നടപടിയുണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചെറുകിട കച്ചവടക്കാര്‍ വിറ്റുവരവിനത്തില്‍ നികുതി അടക്കുന്നത് ഒരു ദിവസം വൈകിയാല്‍ പോലും ഭീമമായ പിഴ ഈടാക്കുന്ന വാണിജ്യ നികുതി ഉദ്യോസ്ഥര്‍ തന്നെയാണ് ഇത്തരത്തില്‍ ഗുരുതരമായ നിയമ ലംഘനം നടത്തുന്നത്. ഇന്റലിജന്‍സ് വിഭാഗം അടക്ക പിടികൂടിയ വിവരം ഒതുക്കി തീര്‍ക്കാന്‍ ഉന്നത തലത്തില്‍ തന്നെ ശ്രമം നടന്നാതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വാഹനം പിടകൂടിയ സംഭവം മാധ്യമ പ്രവര്‍ത്തകര്‍ അറിഞ്ഞതോടെയാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഉന്നതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ ചന്ദ്രന്‍, ഉദ്യോഗസഥരായ പി സുമന്‍, സി ഡി സജി എന്നിവര്‍ ചേര്‍ന്നാണ് അടക്ക പിടികൂടിയത്.