Connect with us

Palakkad

ലിസി കൊല്ലപ്പെട്ട കേസ്: പ്രതിയെ പാലക്കാട്ടെത്തിച്ച് തെളിവെടുത്തു

Published

|

Last Updated

പാലക്കാട്: തൃശൂര്‍ മണ്ണൂത്തി പൂച്ചട്ടി സ്വദേശിനി ലിസി എന്ന ഷൈനി (50) കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതിയെ കുഴല്‍മന്ദത്തുകൊണ്ടുവന്ന് തെളിവെടുത്തു.
തൃശൂര്‍ നെട്ടിശ്ശേരി മുക്കാട്ടുകര പാലയ്ക്കല്‍ വീട്ടില്‍ അനില്‍കുമാര്‍(36)നെയാണ് അന്വേഷണ സംഘം ഇന്നലെ സംഭവസ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തത്. ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് ഷൈനിയുടെ മൃതദേഹം കുഴല്‍മന്ദത്തിനടുത്ത് ചിതലിയില്‍ റോഡരികില്‍ ചാക്കില്‍ക്കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തിയത്. ഇരുവരും ഒരുമിച്ചായിരുന്നു താമസം.
ഷൈനിക്കുണ്ടായിരുന്ന സംശയവും ഇതിനെതുടര്‍ന്നുള്ള നിരന്തരമായ വഴക്കുമാണ് കൊലപാതക ത്തിലെത്തിച്ചതെന്ന് അറസ്റ്റിലായ അനില്‍കുമാര്‍ പോലീസിനോട് പറഞ്ഞു. കൊലപാതകത്തിനുശേഷം നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലായ അനില്‍ കുമാറിനെ കഴിഞ്ഞദിവസമാണ് അന്വേഷണസംഘം ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരം. കഴിഞ്ഞ ഏഴുവര്‍ഷമായി അനില്‍കുമാറിനോടൊപ്പമാണ് ഷൈനിയും മകളും വാടകവീട്ടില്‍താമസിക്കുന്നത്. അനില്‍ കുമാറിനും ഭാര്യയും കുട്ടിയുമുണ്ട്. അടുത്തകാലത്തായി ഷൈനിയും അനില്‍കുമാറും നിരന്തരം വഴക്കടി ക്കാറുണ്ടായിരുന്നു. ഇരുവരും മദ്യപിക്കാറുമുണ്ട്.
അനില്‍കു മാറിനെ ഭാര്യയുള്‍പ്പടെ മറ്റുള്ളവര്‍ ഫോണില്‍ വിളിക്കുന്നത് ഷൈനിക്ക് ഇഷ്ടമില്ലായിരുന്നു. ഇയാള്‍ തന്നില്‍നിന്നും അകന്നുപോകുമെന്ന ഭയത്താല്‍ ഇവര്‍ എപ്പോഴും ഇതിനെ ചോദ്യം ചെയ്തു. ഇതാണ് നിരന്തര വഴക്കിലും കൊലപാതകത്തിലുമെത്തിയത്.
സംഭവദിവസം ഇരുവരും വഴക്കുണ്ടായി. പിന്നീട് ഇരുവരും മദ്യപിച്ചു. ഈ സമയം മുന്‍കൂട്ടി കരുതിയിരുന്ന വിഷം ഇയാള്‍ മദ്യത്തില്‍ കലര്‍ത്തുകയായിരുന്നു. കുറച്ചുസമയത്തിനുശേഷം ഇവരുടെ മരണം ഉറപ്പാക്കി. പിന്നീട് ഷൈനിയുടെ മകളോട് അമ്മ വഴക്കടിച്ചതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയതായും വിളിച്ചുപറഞ്ഞു.
തുടര്‍ന്ന് പെണ്‍കുട്ടിയെ ഷൈനിയുടെ മൂത്ത മകളുടെ വീട്ടിലാക്കുകയും ചെയ്തു. ഇതിനുശേഷം തിരികെ വീട്ടിലെത്തി മൃതദേഹം ചാക്കിലാക്കി വൈകുന്നേരംവരെ വീട്ടുവളപ്പില്‍ സൂക്ഷിച്ചു. അന്നേദിവസം ഇയാള്‍ ഭാര്യയേയും മകളേയും കൂട്ടികൊണ്ടുവരുകയും ചെയ്തിരുന്നു.
രാത്രി ഇവര്‍ ഉറങ്ങിയശേഷം മൃതദേഹം സ്വന്തം കാറിലാക്കി മുളയം റോഡുവഴി ഹൈവേയില്‍ കയറി ചിതലിയിലെത്തി റോഡരികില്‍ ആളൊഴിഞ്ഞ ഭാഗത്ത് തള്ളുകയായിരുന്നു. ഇവരുടെ മൊബൈലും നശിപ്പിച്ചു. പിന്നീട് തൃശൂരിലെ സുഹൃത്തിന്റെ അടുത്തേക്കാണ് പോയത്. അപ്പോഴേക്കും ഇയാള്‍ക്ക നെഞ്ചുവേദന വരുകയും സുഹൃത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവ ദിവസം വഴക്കടിച്ചപ്പോള്‍ ഷൈനിയുടെ നിലവിളി സമീപത്തെ പറമ്പില്‍ പണിയെടുത്തിരുന്ന ആള്‍ കേട്ടതും കേസില്‍ നിര്‍ണായക തെളിവായി. ഇയാളില്‍ നിന്നും പോലീസ് മൊഴിയെടുത്തു.
ഷൈനിയോടൊപ്പം അനില്‍കുമാര്‍ താമസിക്കുന്ന വിവരം ഇയാളുടെ ഭാര്യക്കും അറിയില്ലായിരുന്നു. ഭാര്യ അറിയുമെന്ന ഭയവും കൊലപാതകത്തിനു മുതിരാന്‍ ഇയാളെ പ്രേരിപ്പിച്ചുവെന്ന് പോലീസ് പറയുന്നു. അമ്മയെ കാണാനില്ലെന്ന് മകള്‍ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ചിതലിയില്‍ ഇന്നലെ വൈകുന്നേരം നാലോടെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. പിന്നീട് തൃശൂരിലെ താമസസ്ഥലത്തെത്തിച്ചും തെളിവെടുത്തു. രാത്രിയോടെ കോടതിയില്‍ ഹാജരാക്കി. പാലക്കാട് ജില്ലാ പോലീസ് ചീഫ് സോമശേഖറിന്റെ നിര്‍ദേശപ്രകാരം ആലത്തൂര്‍ എഎസ്പി കാര്‍ത്തിക്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി എം എന്‍ സുനില്‍കുമാര്‍, കുഴല്‍മന്ദം സി ഐ കെ ഹരിദാസ്, നെന്മാറ സി ഐ സി ആര്‍ സന്തോഷ് കുമാര്‍,വടക്കഞ്ചേരി സി ഐ ഉമേഷ,് എ എസ് ഐ ജലീല്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി പി ഒ നസീര്‍അലി, മുഹമ്മദ് ഫാറൂഖ്, ജേക്കബ്, സുരേന്ദ്രന്‍, റിനോയി, സന്ദീപ്, സാജിദ് , കൃഷ്ണദാസ്, കിട്ടു, മോഹനന്‍, കെ സി പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഒല്ലൂര്‍, വിയ്യൂര്‍, പോലീസും അന്വേഷണത്തില്‍ സഹകരിച്ചു.

Latest