Connect with us

International

മുശര്‍റഫിന് രാജ്യം വിടാന്‍ കോടതി അനുമതി

Published

|

Last Updated

കറാച്ചി: പാക്കിസ്ഥാനിലെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിന് രാജ്യം വിടാന്‍ കോടതി അനുമതി നല്‍കി. രാജ്യം വിടല്‍ തടഞ്ഞവരുടെ പട്ടികയില്‍ നിന്ന് മുശര്‍റഫിന്റെ പേര് ഒഴിവാക്കാന്‍ സിന്ധ് ഹൈക്കോടതിയിലെ രണ്ടംഗ ബഞ്ചിലെ ജഡ്ജിമാരായ മുഹമ്മദ് അലി മസ്ഹറും ഷാനവാസും ഉത്തരവിട്ടു. രാജ്യം വിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുശര്‍റഫ് കോടതിയെ സമീപിച്ചിരുന്നു.
രാജ്യദ്രോഹക്കുറ്റമടക്കം നിരവധി കേസുകളില്‍ വിചാരണ നേരിടുകയാണ് 70കാരനായ മുശര്‍റഫ്. യു എ ഇയില്‍ രോഗിയായ മാതാവിന്റെ അടുത്തേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു മുശര്‍റഫിന്റെ ആവശ്യം. രാജ്യം വിടാന്‍ അനുവദിച്ചാല്‍ അദ്ദേഹം ഒളിവില്‍ പോകുമെന്ന വാദമായിരുന്നു സര്‍ക്കാറിന്. മുശര്‍റഫ് ഉടനെ രാജ്യം വിടില്ലെന്ന വാര്‍ത്തയാണ് ആള്‍ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് വൃത്തങ്ങള്‍ നല്‍കുന്നത്. ഇത്തരം വിധികളില്‍ പ്രോസിക്യൂഷന് സുപ്രീം കോടതിയെ സമീപിക്കാന്‍ 15 ദിവസത്തെ സമയപരിധിയുള്ളതിനാല്‍ അതുവരെ കാത്തിരിക്കാനാണ് മുശര്‍റഫിന്റെ തീരുമാനം.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതലാണ് മുശര്‍റഫിന് രാജ്യം വിടാന്‍ നിരോധം ഏര്‍പ്പെടുത്തിയത്. 2007 നവംബറില്‍ ഭരണഘടന റദ്ദാക്കി രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിനും സുപ്രീം കോടതിയിലെയും കീഴ്‌ക്കോടതികളിലെയും ജഡ്ജിമാരെ ബന്ദികളാക്കിയതിനും കഴിഞ്ഞ മാര്‍ച്ച് 31ന് മുശര്‍റഫിനെതിരെ കേസെടുത്തിരുന്നു. 2007ലെ ബേനസീര്‍ ഭൂട്ടോ വധക്കേസിലും 2006ലെ അക്ബര്‍ ബുഗ്തി വധക്കേസിലും കുറ്റാരോപിതനാണ് അദ്ദേഹം. കോടതിയില്‍ വിചാരണ ചെയ്യപ്പെട്ട ആദ്യ സൈനിക ഭരണാധികാരിയാണ് മുശര്‍റഫ്. സ്വയം പ്രഖ്യാപിത പ്രവാസ ജീവിതത്തിന് ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മുശര്‍റഫ് പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തിയത്.

---- facebook comment plugin here -----

Latest