Connect with us

Gulf

സിം കാര്‍ഡ്: കര്‍ശന നടപടി സ്വീകരിക്കും

Published

|

Last Updated

ഷാര്‍ജ: നിയമ വിരുദ്ധ മാര്‍ഗത്തില്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ കരസ്ഥമാക്കുന്നവര്‍ക്കെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രാ) കര്‍ശന നടപടി സ്വീകരിക്കും. സിം കാര്‍ഡുകള്‍ വില്‍പന നടത്തിയതിന് ചില സ്ഥാപനങ്ങള്‍ക്ക് വന്‍ തുക പിഴ ലഭിച്ചു. നിയമ ലംഘനം കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥ സംഘം പരിശോധനയും നടത്തി.
പ്രധാനമായും മൊബൈല്‍ ഫോണ്‍ വില്‍പന കേന്ദ്രങ്ങളെയും അനുബന്ധ സ്ഥാപനങ്ങളെയുമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ഉദ്യോഗസ്ഥര്‍ മഫ്ടിയില്‍ ആവശ്യക്കാരായെത്തി നിയമ വിധേയമല്ലാത്ത സിം കാര്‍ഡ് വില്‍ക്കുന്നവരെ പിടികൂടുന്നു. പിടിക്കപെട്ടാല്‍ ആദ്യ തവണ താക്കീത് നല്‍കി, നിയമവശങ്ങള്‍ ബോധ്യപ്പെടുത്തി വെറുതെ വിടുകയാണ് ചെയ്യുന്നത്. രണ്ടാം തവണയും തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ 10,000 ദിര്‍ഹം. പിഴ നല്‍കും. ശേഷവും നിയമ ലംഘനം തുടര്‍ന്നാല്‍ 50,000 ദിര്‍ഹം പിഴക്ക് പുറമേ സ്ഥാപന ഉടമക്കെതിരെ ക്രിമിനില്‍ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും.
ഇത്തരത്തില്‍ നിയമ നടപടി ക്രമങ്ങള്‍ പാലിക്കാതെ സിം കാര്‍ഡുകള്‍ വില്‍പന നടത്തിയതിന് ഷാര്‍ജയില്‍ അനവധി സ്ഥാപനങ്ങള്‍ ശിക്ഷിക്കപ്പെട്ടു. ഇതില്‍ മലയാളി കച്ചവട കേന്ദ്രങ്ങളുമേറെ.
വ്യക്തിഗത തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ മാത്രം ഹാജരാക്കിയവര്‍ക്ക് സിം കാര്‍ഡുകള്‍ വില്‍പന നടത്തിയതിനാണ് മിക്ക സ്ഥാപനങ്ങളും നടപടിക്കിരയായത്. വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐ ഡി കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ ഒറിജിനല്‍ ഹാജരാക്കിയാല്‍ മാത്രമേ സിം കാര്‍ഡുകള്‍ വില്‍പന നടത്താവൂ എന്നാണ് നിര്‍ദേശം. അതും രേഖകളുടെ ഉടമകള്‍ തന്നെ നേരിട്ട് സ്ഥാപനത്തിലെത്തി സിം കാര്‍ഡ് കൈപറ്റണം. വിസിറ്റ് വിസയില്‍ രാജ്യത്ത് എത്തിയവരാണെങ്കില്‍ സ്റ്റാമ്പ് ചെയ്ത ഒറിജിനല്‍ വിസിറ്റ് വിസയും പാസ്‌പോര്‍ട്ടും പരിശോധിച്ച് ബോധ്യപെട്ടതിന് ശേഷം മാത്രം സിം കാര്‍ഡ് അനുവദിക്കാം.
രാജ്യത്ത് കുറ്റ കൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരിലധികവും കൃത്യമായ രേഖകള്‍ സമര്‍പിക്കാത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് വരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അധികൃതര്‍ നടപടി കര്‍ശനമാക്കിയത്. വിസ കാന്‍സല്‍ ചെയ്തു നാട്ടില്‍ പോയവരുടെയും മറ്റും സിം കാര്‍ഡുകള്‍ ഇത്തരക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.