റിമാന്‍ഡ് പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി

Posted on: May 30, 2014 4:38 pm | Last updated: May 30, 2014 at 4:38 pm
SHARE

പരപ്പനങ്ങാടി: പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച റിമാന്‍ഡ് പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.
എ ടി എം കവര്‍ച്ചാ കേസിലെ പ്രതിയാണ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് വരുന്നതിനിടെ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്. കഴിഞ്ഞ വിഷുവിന്റെ തലേന്നാണ് അരിയല്ലൂരിലെ കോര്‍പ്പറേഷന്‍ ബേങ്ക് എ ടി എം തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമിച്ചത്. നാടോടി സംഘത്തില അംഗമായ കുഞ്ഞന്‍ എന്ന അറമുഖന്‍ മാരിയപ്പനാ(21)ണ് കവര്‍ച്ചാ ശ്രമത്തില്‍ പിടികൂടിയിരുന്നത്. ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.
കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കാലാവധി നീട്ടാന്‍ പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ വീണ്ടും ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടയിലാണ് പോലീസുകാരനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. പോലീസും നാട്ടുകാരും ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പരപ്പനങ്ങാടിയില്‍ ഏറെ നേരം സംഭവ ബഹുലമായ രംഗങ്ങളാണ് അരങ്ങേറിയത്. വീണ്ടും പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് കാലാവധി നീട്ടി ജയിലിലേക്ക് കൊണ്ടുപോയി.