രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളില്‍ 100 പേരെ അനാഥാലയങ്ങളിലേക്ക് മാറ്റി

Posted on: May 29, 2014 12:15 am | Last updated: May 29, 2014 at 12:15 am

തൃശൂര്‍: മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന് രാമവര്‍മപുരത്തെ ചില്‍ഡ്രന്‍സ്‌ഹോമിലെത്തിച്ച അന്യ സംസ്ഥാനക്കാരായ 123 കുട്ടികളില്‍ 100 പേരെ ജില്ലയിലെ അംഗീകാരമുള്ള വിവിധ അനാഥാലയങ്ങളിലേക്ക് മാറ്റി. ബാക്കി 23 കുട്ടികളെ ചില്‍ഡ്രന്‍സ്‌ഹോമില്‍ തന്നെ താമസിപ്പിച്ചു. ബുധനാഴ്ച വൈകീട്ടോടെയണ് കുട്ടികളെ വാഹനങ്ങളില്‍ പോലീസിന്റെയും ചൈല്‍ഡ്‌ലൈന്‍ അധികൃതരുടെയും അകമ്പടിയോടെ യാത്രയാക്കിയത്. മൂന്ന് ആഴ്ചത്തേക്ക് താത്കാലിക താമസത്തിനാണ് ഇവരെ അയച്ചത്. ഇതിനിടയില്‍ കുട്ടികളുടെ ജില്ലകളിലെ ചൈല്‍ഡ്‌ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ട് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ നടപടിയെടുക്കും. കുട്ടികള്‍ ഏറെ എത്തിയ പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയിലെ ചൈല്‍ഡ്‌ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ട് കുട്ടികളെ വീട്ടിലെത്തിക്കുന്നത് സംബന്ധിച്ച നടപടികള്‍ ഇന്ന് സ്വീകരിക്കുമെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാന്‍ പി ഒ ജോര്‍ജ് പറഞ്ഞു. ഇതിനായി ഇവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞു. പോലീസ് അകമ്പടിയോടെ ഇവരെ മാല്‍ഡയിലെ ചൈല്‍ഡ്‌ലൈന്‍ ആസ്ഥാനത്ത് എത്തിക്കാനാണ് ശ്രമം. ജില്ലയിലെ കൊടുങ്ങല്ലൂര്‍ അഴീക്കോട് ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍, കൊടുങ്ങല്ലുര്‍ ചേരമാന്‍ മാലിക്ക് ഓര്‍ഫനേജ്, വാടാനപ്പള്ളി ശഹീദ് ഫൈസല്‍ ഓര്‍ഫനേജ്, വാടാനപ്പള്ളി സി എച്ച് മുഹമ്മദ്‌കോയ ഓര്‍ഫനേജ്, ചെറുതുരുത്തി വള്ളത്തോള്‍ നഗര്‍ നൂറല്‍ഹുദ ഓര്‍ഫനേജ് എന്നീ സ്ഥാപനങ്ങളിലേക്കാണ് കുട്ടികളെ മാറ്റിയത്. സഹോദരന്‍മാരും ബന്ധുക്കളും അയല്‍വാസികളുമായ കുട്ടികളെ സംഘങ്ങളാക്കിയാണ് ഈ സ്ഥാപനങ്ങളിലേക്ക് വിട്ടയച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ഏഴിനും 14നും ഇടയിലുള്ള ആണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചത്. പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്ത പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഇടപെട്ടാണ് തൃശൂരിലെത്തിച്ചത്. വേനലവധി കഴിഞ്ഞ് ഓര്‍ഫനേജിലേക്ക് മടങ്ങുന്നവരും പുതുതായി ചേരാന്‍ വരുന്നവരും അടങ്ങിയ കുട്ടികളുടെ സംഘമാണിത്. പാറ്റ്‌നയില്‍ നിന്ന് എറണാകുളത്തേക്കുള്ള പാറ്റ്‌ന എക്‌സ്പ്രസില്‍ നിന്ന് ശനിയാഴ്ച ഉച്ചക്കാണ് 466 കുട്ടികള്‍ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയത്. സംഘത്തില്‍ 226 ആണ്‍കുട്ടികളും ബാക്കി പെണ്‍കുട്ടികളുമാണ്. കുറെ കുട്ടികളെ പാലക്കാട് ചില്‍ഡ്രന്‍സ് ഹോമിലും അനാഥാലയങ്ങളിലുമാക്കി. മലപ്പുറത്ത് കുറെപ്പേരെ താമസിപ്പിച്ചെങ്കിലും അസൗകര്യം മൂലം 123 പേരെ തൃശൂര്‍ക്ക് അയക്കുകയായിരുന്നു.