Connect with us

Ongoing News

സ്‌കൂളുകളില്‍ കണക്കും സയന്‍സും പഠിപ്പിക്കാന്‍ പ്രത്യേക പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ കണക്കും സയന്‍സും പഠിപ്പിക്കാന്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. സര്‍വശിക്ഷാ അഭിയാന്‍ (എസ് എസ് എ) വഴി പുതിയ അധ്യയന വര്‍ഷം സംസ്ഥാനത്ത് 436.81 കോടി രൂപ ചെലവഴിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 429.81 കോടി കേന്ദ്ര വിഹിതവും ഏഴ് കോടി രൂപ സംസ്ഥാന ബജറ്റ് വിഹിതവുമണ്. മുന്‍ വര്‍ഷം 402.94 കോടി രൂപ അനുവദിച്ചതില്‍ 372.20 കോടിയും ചെലവഴിച്ചതായി മന്ത്രി പറഞ്ഞു.

രണ്ട് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ സൗജന്യ പാഠപുസ്തക വിതരണത്തിന് എസ് എസ് എ ഫണ്ടില്‍നിന്ന് 88.82 കോടി രൂപ ചെലവഴിക്കും. സര്‍ക്കാര്‍ സ്‌കൂളുകളിലെ എ പി എല്‍ ആണ്‍കുട്ടികള്‍ ഒഴികെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും രണ്ട് സെറ്റ് യൂനിഫോമിനായി 31.21 കോടി വകയിരുത്തി. സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സൗകര്യം വര്‍ധിപ്പിക്കുന്നതിന് 35.06 കോടി രൂപയും 141 വിദ്യാലയങ്ങളില്‍ പ്രധാന അറ്റകുറ്റപ്പണികള്‍ക്ക് 13.74 കോടി രൂപയും ചെലവഴിക്കും. ഇതില്‍ 71 എല്‍ പി സ്‌കൂളുകളും ബാക്കി യു പി സ്‌കൂളുകളുമാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും പഠനം നടത്താന്‍ കഴിയാത്തവരുമായ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും പഠന ചെലവുകള്‍ക്കുമായി 33.53 ലക്ഷം വകയിരുത്തി. എസ് സി-എസ് ടി, മൈനോരിറ്റി കുട്ടികളുടെ പഠനത്തിനും എസ് എസ് എ ഫണ്ടാണ് വിനിയോഗിക്കുന്നത്. പെണ്‍കുട്ടികളുടെ പഠനത്തിന് 49.53 ലക്ഷം രൂപയും എസ് സി/എസ് ടി വിദ്യാര്‍ഥികളുടെ പഠനത്തിന് 12.43 ലക്ഷം രൂപയും ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പഠനത്തിന് 23.03 രൂപയും അവഗണിക്കപ്പെടുന്ന നഗരവാസികളായ കുട്ടികള്‍ക്കായി 7.67 ലക്ഷം രൂപയും വിനിയോഗിക്കും. ആകെ അനുവദിച്ച തുക ജില്ല തിരിച്ച് ചുവടെ: തിരുവനന്തപുരം-41.78 കോടി രൂപ, കൊല്ലം-33.58 , പത്തനംതിട്ട-15.25, ആലപ്പുഴ-22.64, കോട്ടയം-22.10, ഇടുക്കി-18.62, എറണാകുളം-31.73, തൃശൂര്‍-33.71, പാലക്കാട്-31.06, മലപ്പുറം-62.84, കോഴിക്കോട്-38.32, വയനാട്- 15.21, കണ്ണൂര്‍-33.36, കാസര്‍കോട്- 25.52 കോടി.
ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്ററുകളുടെ നിര്‍മാണത്തിന് 2.24 കോടിയും മുമ്പ് അനുവദിച്ച സ്‌കൂളുകളുടെ കെട്ടിട നിര്‍മാണത്തിന് 2.95 കോടിയും വകയിരുത്തി. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ 5,000 രൂപ(എല്‍ പി), 7,000 രൂപ(യു പി) വീതം അനുവദിക്കും. 5,833 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വാര്‍ഷിക അറ്റകുറ്റപ്പണിക്ക് 7,500 രൂപയും നല്‍കും. പ്രത്യേക പരിഗണന ലഭിക്കേണ്ട 1.58 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസത്തിന് 23.84 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 150 ല്‍ കൂടുതല്‍ കുട്ടികളുള്ള എല്‍ പി വിദ്യാലയങ്ങളിലെയും നൂറില്‍ കൂടുതല്‍ കുട്ടികളുള്ള യു പി സ്‌കൂളുകളിലെയും പ്രധാനാധ്യാപകര്‍ക്കും പാര്‍ട് ടൈം ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ശമ്പളമായി 147.57 കോടി രൂപ എസ് എസ് എ ഫണ്ടില്‍നിന്ന് നല്‍കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട്, എസ് എസ് എ ഡയറക്ടര്‍ ഡോ. ഇ പി മോഹന്‍ദാസ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.