ബ്ലേഡ്

Posted on: May 27, 2014 6:00 am | Last updated: May 27, 2014 at 12:50 am

BLADE MAFIYA2014 മെയ് മാസം രണ്ടാം വാരം ‘കുബേര’ന്മാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ട കാലയളവായിരുന്നു. സംസ്ഥാനത്തെ വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ പോലീസ് പരിശോധനയാണ് കാരണം. അയ്യായിരത്തി നാനൂറ്റി അറുപത്തിനാല് സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നപ്പോള്‍ എഴുന്നൂറ്റി എണ്‍പത്തിയാറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
പലിശയും കൂട്ടുപലിശയും കൊള്ളപ്പലിശയും ഗുണ്ടാ പിരിവും ‘ജപ്തി’യും തുടങ്ങി ആത്മഹത്യകള്‍ വരെ നിറഞ്ഞാടുന്ന സ്വകാര്യ ബ്ലേഡ് മേഖലയിലേക്ക് അധികാരികളുടെ ശ്രദ്ധ തിരിയാന്‍ കാരണം തിരുവനന്തപുരത്തെ ഒരു കുടുംബത്തിന്റെ ആത്മഹത്യയാണ്. ബ്ലേഡ് മാഫിയയാണ് ഈ കുടുംബത്തിന്റെ ആത്മഹത്യക്കു പിന്നിലെന്ന് വാര്‍ത്തകള്‍ വന്നതോടെ അവര്‍ക്കെതിരെ നടപടി ആരംഭിച്ചു.
കുബേരന്മാര്‍ക്കെതിരെ മാത്രം മതിയാകില്ല ഓപറേഷന്‍. പുരാണങ്ങളിലെ കുബേരന്‍ കൊള്ളക്കാരനോ കൊള്ളപ്പലിശക്കാരനോ ആയിരുന്നില്ല. കുബേരന്‍ ആരെയും പറ്റിക്കാതെ നേടിയെടുത്ത സ്വത്തുക്കള്‍ തട്ടിയെടുത്തത് രാവണനായിരുന്നു. കുബേരന്മാരെ കൊള്ളയടിക്കുന്ന/ഒത്താശ ചെയ്യുന്ന രാവണന്മാര്‍ വര്‍ത്തമാന കാലത്തും അരങ്ങ് വാഴുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
കൊടും ക്രൂരതകളുടെ കൂത്തരങ്ങാണ് ബ്ലേഡ് മേഖലയെന്ന് നല്ല ബോധ്യമുണ്ടായിട്ടും പച്ചപ്പാവങ്ങളും പാവങ്ങളല്ലാത്തവരും എന്തുകൊണ്ടാണ് ദൈന്യം നിറഞ്ഞ മുഖവുമായി ബ്ലേഡുകാരുടെ മേശക്കരികില്‍ നിരന്നിരിക്കുന്നത്? ഇക്കൂട്ടത്തില്‍ ജീവിതത്തിലെ എന്തോ ഒരാവശ്യത്തിന് പണം ഒത്തുകിട്ടാന്‍ വേണ്ടി വന്നവരുണ്ടാകും. അവിചാരിതമായി വന്നുപെട്ട അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി തിടുക്കപ്പെട്ട് എത്തിയവരുണ്ടാകും. ജീവിതത്തിന്റെ പളപളപ്പ് നിലനിര്‍ത്താനും അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ആഡംബരങ്ങളെ മാടിവിളിക്കാനും ഒരുപിടി കാശിനുവേണ്ടി വന്നവരുമുണ്ടാകാം.
മനുഷ്യന്റെ മനസ്സില്‍ മൊട്ടിടുന്ന ചെറുതും വലുതുമായ ആവശ്യങ്ങള്‍, അത്യാവശ്യങ്ങളായി മാറുമ്പോള്‍, അല്ലെങ്കില്‍ അങ്ങനെ മനസ്സ് സ്വയം ബോധ്യപ്പെടുത്തുമ്പോള്‍ യഥേഷ്ടം പണം കിട്ടാനുള്ള മാര്‍ഗത്തെക്കുറിച്ച് ആലോചിക്കുന്നു. കൊള്ളപ്പലിശക്കാണെങ്കില്‍ പോലും ആദ്യം ആവശ്യം നടക്കട്ടേയെന്ന ചെറിയൊരു ചിന്ത കൂടിയാകുമ്പോള്‍ ബ്ലേഡുകാരന്റെ മുന്നില്‍ തല വെച്ചുകൊടുക്കുന്നു. കടം തിരിച്ചടക്കാന്‍ പാട് പെടുമ്പോഴാണ് കടബാധ്യതയുടെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ തുടങ്ങുക. പിന്നെ കടം വാങ്ങലുകളുടെ ബദ്ധപ്പാടാണ്.
ഇതിനു ആക്കം കൂട്ടാനെന്നോണം ആധുനിക ബിസിനസ്സുകള്‍ വായ്പകളെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആളുകളുടെ പേഴ്‌സ് നിറയെ ക്രെഡിറ്റ് കാര്‍ഡുകളായിരിക്കുന്നു. കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവനാണ് സമൂഹത്തില്‍ ‘ക്രെഡിറ്റ്’ എന്നായിരിക്കുന്നു.
അന്യന്റെ പണം കൊണ്ട് ആളാകുന്നവര്‍ നിരവധി. അവിടെ നിന്നു വാങ്ങിയ കടം തിരിച്ചുകൊടുക്കാന്‍ ഇവിടെ നിന്നു വേറെ വാങ്ങുന്നു. അത് വീട്ടാന്‍ മറ്റൊരിടത്തു നിന്നും. ഇങ്ങനെ തിരിമറിയുടെ ഒരു പ്രത്യേക ഗെയിം തന്നെ നടക്കുന്നു. എന്നാലും കടംവാങ്ങിക്കൂട്ടാന്‍ യാതൊരു മടിയുമില്ലാത്തവരുണ്ട്. കടം വാങ്ങി അത് വീട്ടാതിരിക്കുക എന്നത് പുതിയ ലോകത്തിന്റെ സാമ്പത്തിക മുദ്രാവാക്യമായിരിക്കാം.
ആവശ്യങ്ങള്‍ നടക്കണം. വസ്തുക്കള്‍ വാങ്ങിക്കൂട്ടണം. അതാണ് വലിയ ലക്ഷ്യം. പുതിയ പുതിയ വസ്തുക്കളോട് കടുത്ത പ്രിയമാണ്. ഓരോ ഇറക്കുമതിയും വാങ്ങിവെക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളുന്നു. പണമില്ലായ്മ ആരെയും പിന്തിരിപ്പിക്കുന്നില്ല. വാങ്ങുന്ന ഓരോ സാധനത്തിലും സ്വയം ആനന്ദം കണ്ടെത്തുന്നു. ആനന്ദത്തിന്റെ ഉറവിടം ആധുനിക വസ്തുക്കളില്‍ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഓരോ വസ്തുവും ഉടമസ്ഥരെ സന്തോഷിപ്പിക്കുമെന്ന് പരസ്യങ്ങള്‍ വിശ്വസിപ്പിക്കുന്നു.
‘ഉള്ളതു കൊണ്ട് ഓണം’ എന്നത് അതിര്‍ത്തിക്കപ്പുറത്തേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. ഈ ഉപഭോഗതൃഷ്ണ പൂര്‍വാധികം ശക്തിപ്പെടുത്തുകയാണ് വിപണി. സര്‍വരെയും കടബാധ്യതകളില്‍ കുരുക്കിയിടുകയാണ് വിപണിയുടെ താത്പര്യം. ഇതൊരു തരം ചൂഷണമാണ്. വിപണിയിലെ പുഞ്ചിരിക്കുന്ന ചൂഷണം. കുബേരന്മാരുടെ ചൂഷണം. അവസാനം ചിലരുടെയെങ്കിലും കഴുത്തില്‍ ബ്ലേഡ് വെക്കപ്പെടുമ്പോള്‍ ചില ഒച്ചപ്പാടുകള്‍ നടക്കുന്നു.
യഥാര്‍ഥത്തില്‍ ഇവിടെ വില്ലനാകുന്നത് പലിശ സമ്പ്രദായമാണ്. പലിശ ആര്‍ക്കും നന്മ വരുത്തുന്നില്ല. വാങ്ങുന്നവനും കൊടുക്കുന്നവനുമൊന്നും അത് സന്തോഷം പകരുന്നില്ല. പലിശയുടെ മുഖം തന്നെ ചൂഷണത്തിന്റെതാണ്. ആവശ്യക്കാരന്റെ ദൈന്യം ചൂഷണം ചെയ്യുക. പണമുള്ളവന്‍ ഇല്ലാത്തവനെ ‘സഹായക്കെണിയില്‍’ പെടുത്തുന്ന ക്രൂരത.
എളുപ്പത്തിലുള്ള ധന സമ്പാദനമാണ് പലരുടെയും ലക്ഷ്യം. മനുഷ്യന്റെ ഭൗതിക ജീവിതത്തില്‍ ധനം ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യമാണെങ്കിലും ധനം മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമല്ല. ജീവിതായോധനത്തിന് മതിയായ സമ്പത്ത് ഇല്ലാതാകുമ്പോള്‍ മനുഷ്യന്‍ കഷ്ടപ്പെടാറുണ്ട്. നിവൃത്തിക്ക് വേണ്ടി പണം സമ്പാദിക്കാന്‍ പല വഴികള്‍ തേടുന്നുമുണ്ട്. എന്നാല്‍ ധാരാളം ധനം കൈയിലുള്ളതുകൊണ്ട് പരിപൂര്‍ണ സന്തോഷമോ ആത്മീയ സംതൃപ്തിയോ ലഭിക്കില്ല. ഇടപാടുകള്‍ സത്യസന്ധവും സുതാര്യവുമാകുമ്പോഴാണ് സന്തോഷം കടന്നുവരിക. കൊടുക്കുന്നവനും വാങ്ങുന്നവനും ഒരേപോലെ സന്തോഷവും സംതൃപ്തിയും കിട്ടണം. ‘മനുഷ്യന്റെ ധനത്തില്‍ അവന്‍ ഭക്ഷിച്ചതും ധരിച്ചതും ദാനം ചെയ്തതുമല്ലാതെ മറ്റൊന്നും അവനുണ്ടാകുകയില്ലെന്ന്’ നബിവചനം.
ഇന്ന് തിന്മകള്‍ പുഞ്ചിരിക്കപ്പുറം ഒളിഞ്ഞിരിക്കുന്നു. സാമ്പത്തിക ഇടപാടുകളിലെ കൃത്രിമങ്ങള്‍, ലോകത്തെല്ലായിടത്തും എല്ലാ മേഖലകളിലും നിറഞ്ഞാടുകയാണ്. സ്രഷ്ടാവിനെ ഭയമില്ലാത്തതും സൂക്ഷ്മമായ ജീവിതരീതി ആഗ്രഹിക്കാത്തതുമാണ് കാരണം. ഇത് രണ്ടും ഉണ്ടാകുമ്പോഴേ ഇടപാടുകള്‍ സത്യസന്ധവും നീതിനിഷ്ഠവുമാകൂ.
ദരിദ്രരെ എന്നും ദരിദ്രരായി നിലനിര്‍ത്തുന്നതാകരുത് സാമ്പത്തിക നയം. വായ്പയെടുക്കുന്നവര്‍ എക്കാലത്തും വായ്പാ സ്വീകര്‍ത്താക്കളായി നിലനില്‍ക്കണമെന്നാഗ്രഹിക്കരുത്. പണം കടം കൊടുക്കുന്ന സമയത്ത് മനസ്സില്‍ ദുഷ്ബുദ്ധി വരരുത്. പണം തിരിച്ചുകിട്ടുമ്പോള്‍ അല്‍പ്പം കാശ് അധികമായി കിട്ടണമെന്ന് നിബന്ധന വെക്കുന്നത് പലിശയാണ്. പലിശയാകട്ടെ ഭീകരവും.
ഓമനപ്പേരിലും പലിശ മുഖം കാട്ടാറുണ്ട്. പലിശ എന്ന് പേര് പറഞ്ഞില്ലെങ്കിലും പലിശയുടെ കുറ്റം ബാധിക്കും.
”പലിശക്ക് പണം കൊടുക്കുന്നവനെയും വാങ്ങുന്നവനെയും അതിന്റെ കരാര്‍ എഴുതിയുണ്ടാക്കുന്നവനെയും അതിന് സാക്ഷി നില്‍ക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു.” (നബിവചനം)
കൊള്ളലാഭം ലഭിക്കുന്ന മേഖലകളില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ തിരക്ക് കൂട്ടുകയാണ്. നേരായ മാര്‍ഗത്തിലൂടെയാണോ വരുമാനം എന്നൊന്നും നോട്ടമില്ല. അവസാനം മോഹനവാഗ്ദാനങ്ങള്‍ ജലരേഖയായി പരിണമിക്കുമ്പോള്‍ വെപ്രാളപ്പെടുന്നു. പിന്നെ കേസും പൊല്ലാപ്പുകളും. അതുകണ്ടിട്ട് ആര്‍ത്തിയും അത്യാര്‍ത്തിയും വായുവില്‍ തലതല്ലിച്ചിരിക്കുന്നു. മാന്യന്മാരും ബോധമുള്ളവരുമെന്ന് കരുതിയവരും സാമ്പത്തിക തട്ടിപ്പില്‍ പെട്ടതറിഞ്ഞ് പാമരന്മാര്‍ വാ പൊളിച്ചു പോകുന്നു.
പണത്തിന് ബുദ്ധിമുട്ടുന്നവരെ താങ്ങി സന്തോഷിപ്പിക്കുകയെന്നതാകണം ബേങ്കുകളുടെ ദൗത്യം. ജാമ്യവസ്തുവിന്റെ ഉറപ്പില്ലാതെ ബേങ്കുകളില്‍ നിന്ന് കടം ലഭിക്കുന്നില്ല. ജാമ്യവസ്തു നല്‍കാന്‍ സാധിക്കാത്തത് മൂലം സാധാരണക്കാര്‍ക്ക് വായ്പാ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ കഴിയുന്നുമില്ല.
മത സംഘടനകളും സേവന സംഘടനകളും സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ഉണരണം. അണികള്‍ക്ക് പണം കടം കൊടുത്ത് അവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സംഘടനകള്‍ തയ്യാറായാല്‍ ബ്ലേഡുകാരനെ സമീപിക്കുന്നതില്‍ കുറവുണ്ടാകും. അതല്ലെങ്കില്‍ ഇസ്‌ലാമിക ബേങ്കുകള്‍ രംഗത്തുവരട്ടെ.
മനുഷ്യന്റെ ജീവിത സന്തോഷം തിരിച്ചുപിടിക്കാന്‍ പര്യാപ്തമാകുന്ന ഇത്തരം പലിശരഹിത ബദലുകള്‍ ഇന്ത്യയില്‍ വളര്‍ന്നുവരണം. ഓരോ വര്‍ഷവും കടക്കെണിയും പലിശ വ്യാപാരവും മൂലം പിടഞ്ഞൊടുങ്ങിയ മനുഷ്യരുടെ ഓര്‍മകള്‍ മനസ്സുള്ളവരെ പിടിച്ചുലക്കണം.