സര്‍ക്കാര്‍ ബോര്‍ഡ് വെച്ച വണ്ടിയില്‍ കഞ്ചാവു കടത്ത്; ആറ് പേര്‍ അറസ്റ്റില്‍

Posted on: May 26, 2014 7:41 pm | Last updated: May 26, 2014 at 8:42 pm

Kanjavuതൊടുപുഴ:സര്‍ക്കാര്‍ ബോര്‍ഡ് വെച്ച വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി ആറ് പേരെ കട്ടപ്പന പോലിസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപെട്ടു. എറണാകുളം മരട് മുത്തുപള്ളിക്കല്‍ മനു വിന്‍സെന്റ്(25), തിരുവാങ്കുളം കളരിക്കല്‍ ജിജോ വില്‍സണ്‍(23), മരട് കുടപ്പള്ളി ഏല്‍ദോ ജോസ്(24), മൂലയില്‍ ലിജു വിജയന്‍(25), ഉപ്പുതോട് പ്ലാത്തോട്ടത്തില്‍ ജോസുകുട്ടി ജോസഫ്(58), ചെമ്പകപ്പാറ പുത്തന്‍പുരക്കല്‍ സിബി വര്‍ഗീസ്(49) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്തിയ കെ എല്‍ 17 കെ 7673 നമ്പര്‍ ടാറ്റാസുമോയും പോലിസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വെളുപ്പിന് മൂന്നിന് തങ്കമണി നീലിവയലില്‍ നിന്നാണ് പ്രതികളെ പിടിച്ചത്. തങ്കമണി-പ്രകാശ് റൂട്ടില്‍ പരിശോധന നടത്തുന്നതിനിടെ പോലിസ് സംഘം ഇതുവഴി വന്ന ഗവ. ഓഫ് ഇന്ത്യയുടെ ബോര്‍ഡ് വച്ച ടാറ്റാ സുമോ കൈകാണിച്ച് നിര്‍ത്തി.
ചോദ്യം ചെയ്യലില്‍ വാഹനത്തിലുണ്ടായിരുന്നവര്‍ പരസ്പര വിരുദ്ധമായ മറുപടി നല്‍കിയതില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുന്‍ സീറ്റിന്റെ അടിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തത്.
ഉപ്പുതോടുള്ള സിബി, ജോസ് എന്നിവരുടെ പക്കല്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പിടിയിലായവര്‍ പറഞ്ഞു.