റയല്‍ മാഡ്രിഡ് ചാമ്പ്യന്‍മാര്‍

Posted on: May 26, 2014 6:15 am | Last updated: May 26, 2014 at 8:16 pm

dd72ed30-e38c-11e3-8e38-830c07f650a3_493647113

ലിസ്ബന്‍: ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്വപ്‌നം ദുരന്തമായി അവസാനിച്ചു. അവസാന നിമിഷം വരെ ഒറ്റ ഗോളിന് മുന്നിട്ടു നിന്ന സ്പാനിഷ് ചാമ്പ്യന്‍മാരെ നാട്ടുകാരായ റയല്‍ മാഡ്രിഡ് 4-1ന് തകര്‍ത്ത് 12 വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ടു. നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ചപ്പോള്‍ മത്സരം അധിക സമയത്തേക്ക് നീണ്ടു. അരമണിക്കൂറിനിടെ മൂന്ന് ഗോളുകള്‍ അത്‌ലറ്റിക്കോയുടെ വലയില്‍ നിറച്ചാണ് യൂറോപ്പിലെ ചക്രവര്‍ത്തി പട്ടം റയല്‍ ഉറപ്പാക്കിയത്. യൂറോപ്പിലെ പത്താം കിരീടമാണ് (ലാ ഡെസിമ) റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. നേരത്തെ 2002ലാണ് റയല്‍ അവസാനമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്.
ഈ സീസണില്‍ മിന്നും പ്രകടനങ്ങളിലൂടെ സ്പാനിഷ് ലാ ലീഗ കിരീടമുയര്‍ത്തി മികച്ച ഫോമില്‍ കളിക്കാനിറങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡ് അതിന്റെ തെളിവായി ആദ്യ പകുതിയില്‍ തന്നെ വല ചലിപ്പിച്ച് മത്സരത്തില്‍ മുന്‍തൂക്കം സ്ഥാപിച്ചു. 36ാം മിനുട്ടില്‍ അത്‌ലറ്റിക്കോ പ്രതിരോധ താരം ഡീഗോ ഗോഡിന്റെ ഹെഡ്ഡറില്‍ അവര്‍ മുന്നില്‍ കടന്നു. ജ്വാന്‍ഫ്രന്‍ കോര്‍ണറില്‍ നിന്ന് ഉയര്‍ത്തിക്കൊടുത്ത പന്തില്‍ നിന്നാണ് ഗോഡിന്റെ ഹെഡ്ഡര്‍. പന്ത് തടുക്കാനായി മുന്നോട്ട് കയറിയ റയല്‍ നായകനും ഗോളിയുമായി ഇകര്‍ കാസിയസിന്റെ കണക്ക് പിഴച്ചപ്പോള്‍ നിര്‍ണായക മുന്‍തൂക്കം ഡീഗോ സിമിയോണിയുടെ കുട്ടികള്‍ സ്വന്തമാക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ രണ്ടാം പകുതിയില്‍ റയല്‍ ശക്തമായ തിരിച്ചടിക്ക് കോപ്പുകൂട്ടി. തുടക്കത്തില്‍ ക്രസ്റ്റ്യാനോ റൊണാള്‍ഡോ യക്കമുള്ളവരുടെ ശ്രമങ്ങള്‍ മുഴുവനാകാതെ അവസാനിക്കുകായായിരുന്നു. കളി അവസാനത്തോടടുക്കവെ അത്‌ലറ്റിക്കോ കിരീടമുറപ്പിച്ചതായിരുന്നു. എന്നാല്‍ അപ്രതീക്ഷിത നീക്കങ്ങളുടെ ഫുട്‌ബോള്‍ സൗന്ദര്യത്തിനാണ് ലിസ്ബന്‍ പിന്നീട് സാക്ഷ്യം വഹിച്ചത്. 90 മിനുട്ടും കഴിഞ്ഞ് മൂന്ന് മിനുട്ട് ഇഞ്ച്വറി ടൈമായി ബാക്കിയുള്ളപ്പോള്‍ ലഭിച്ച കോര്‍ണറില്‍ നിന്ന് സെര്‍ജിയോ റാമോസിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ റയലിന് അപ്രതീക്ഷിത സമനില സമ്മാനിച്ചതോടെ കഥമാറി. ലൂക്കാ മോഡ്രിച്ചിന്റെ കോര്‍ണറില്‍ നിന്നാണ് റാമോസിന്റെ കിടിലന്‍ ഹെഡ്ഡര്‍ ഗോള്‍ റയലിന് ജീവന്‍ തിരിച്ചു നല്‍കിയത്. മത്സരം അധിക സമയത്തേക്ക് നീണ്ടു. ഇതോടെ കപ്പിനും ചുണ്ടിനും ഇടയില്‍ നിന്ന് കിരീടം വഴുതിയതിന്റെ നിരാശയില്‍ അധിക സമയ പോരിനിറങ്ങിയ അത്‌ലറ്റിക്കോക്ക് മികച്ച മുന്നേറ്റം നടത്തിയ റയലിന്റെ മുന്നില്‍ ഉത്തരമില്ലാതെ പകക്കേണ്ടി വന്നു. അവസാന നിമിഷം വരെ ഗോള്‍ വഴങ്ങാതെ നിന്ന അത്‌ലറ്റിക്കോ അധിക സമയത്തിന്റെ അര മണിക്കൂറില്‍ വഴങ്ങിയത് മൂന്ന് ഗോളുകളാണ്.
കളിയിലുടനീളം റയലിന്റെ നീക്കങ്ങളുടെ ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിച്ച എയ്ഞ്ചല്‍ ഡി മാരിയയുടെ പാസില്‍ നിന്ന് ഗെരത് ബെയ്ല്‍ റയലിനെ മുന്നില്‍ കടത്തി. അധിക സമയത്തിന്റെ രണ്ടാം പകുതി തുടങ്ങി മൂന്ന് മിനുട്ട് പിന്നിട്ടപ്പോള്‍ മാഴ്‌സലോയിലൂടെ റയല്‍ മൂന്നാം ഗോളും സ്വന്തമാക്കി. ഒടുവില്‍ കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്റെ ഉജ്ജ്വല വിജയം പൂര്‍ത്തിയാക്കി. ചാമ്പ്യന്‍സ് ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലെഴുതി ചേര്‍ത്ത ക്രിസ്റ്റ്യാനോ 17ാം ഗോളാണ് ഫൈനല്‍ പോരാട്ടത്തില്‍ സ്വന്തമാക്കിയത്.