അണ്‍ എയ്ഡഡ് അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയായി

Posted on: May 24, 2014 12:05 am | Last updated: May 24, 2014 at 12:05 am

തിരുവനന്തപുരം: അണ്‍എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പൊതുവിദ്യാഭ്യാസ അഡീഷനല്‍. ഡയറക്ടറുടെ അധ്യക്ഷതയില്‍ സമിതിയെ നിയോഗിച്ചു. അധ്യാപകരുടെ സേവന, വേതന വ്യവസ്ഥകള്‍ സംബന്ധിച്ച പരാതികള്‍ സമിതി പരിശോധിക്കും. സമിതിയില്‍ അധ്യാപകരുടെയും മാനേജ്‌മെന്റുകളുടേയും പ്രതിനിധികളുണ്ടാകും. അണ്‍എയ്ഡഡ് സ്‌കൂളുകളിലെ കുറഞ്ഞ വേതനം, ചൂഷണം നിലനില്‍ക്കുന്ന തൊഴില്‍ അന്തരീക്ഷം എന്നിവയെ കുറിച്ചുള്ള നിരന്തരമായ പരാതികളെ തുടര്‍ന്നാണ് അഡി. ഡി പി ഐയുടെ അധ്യക്ഷതയില്‍ സമിതിയെ നിയോഗിക്കാനുള്ള തീരുമാനമെടുത്തത്.
മിക്ക അണ്‍എയ്ഡഡ് മാനേജ്‌മെന്റുകളും രേഖകളില്‍ കാണിക്കുന്ന ശമ്പളം അധ്യാപകര്‍ക്ക് നല്‍കാറില്ലെന്ന ആക്ഷേപം ശക്തമാണ്. 90 ശതമാനവും സ്ത്രീകള്‍ ജോലിചെയ്യുന്ന ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. ഈ സാഹചര്യത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മാനേജ്‌മെന്റുകളുടെയും അധ്യാപകരുടെയും പ്രതിനിധികളുടെ യോഗം വിളിച്ചത്. സര്‍ക്കാര്‍ മേഖലയിലെ അതേ സേവന വേതന വ്യസ്ഥകള്‍ നടപ്പാക്കുക, അന്യായമായ ശിക്ഷണ നടപടികള്‍ നിര്‍ത്തലാക്കുക, പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങളാണ് അധ്യാപകര്‍ മുന്നോട്ട് വെച്ചത്. ഹൈക്കോടതി പറഞ്ഞ ഏറ്റവും കുറഞ്ഞ ശമ്പളത്തിനപ്പുറം നല്‍കാനാകില്ലെന്ന നിലപാടാണ് മാനേജ് മെന്റുകള്‍ കൈക്കൊണ്ടത്. 10,000 മുതല്‍ 20,000 രൂപ വരെയാണിത്. പി എഫ്, അവധി, ഇ എസ് ഐ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കണമെന്ന നിലപാടിലാണ് അധ്യാപകര്‍.