Connect with us

Gulf

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി സുരക്ഷാ ഭീഷണി

Published

|

Last Updated

റിയാദ്: സഊദി വിരുദ്ധ വികാരം ഇളക്കിവിടുന്ന അഞ്ചു ലക്ഷത്തിലധികം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി പറഞ്ഞു. സുരക്ഷാ ബോധവും വിദേശ സ്വാധീനങ്ങളില്‍ നിന്നുള്ള വ്യക്തി സുരക്ഷയും എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഊദിയിലെ സുരക്ഷാ കേസുകളും മറ്റുമാണ് ഈ അക്കൗണ്ടുകള്‍ വിശകലനം ചെയ്യുന്നത്. ഈ അക്കൗണ്ടുകള്‍ സഊദി സമൂഹത്തെ ലക്ഷ്യമിടുന്നതില്‍ അത്ഭുതവും ആശ്ചര്യവുമില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ആഭ്യന്തര മന്ത്രാലയത്തിന് അക്കൗണ്ടുകളില്ല. സഊദിയില്‍ ഇന്റര്‍നെറ്റ് നിരോധിക്കുന്നതിന് നീക്കവുമില്ല.
ഗൂഢവും സംശയകരവുമായ ലക്ഷ്യങ്ങളുള്ളവര്‍ പ്രചരിപ്പിക്കുന്ന കിംവദന്തികള്‍ക്കു പിന്നാലെ പോകുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നല്‍കി. സഊദി പൗരന്മാരെ അസ്വസ്ഥരാക്കുകയാണ് കിംവദന്തികളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ വലിയ വളര്‍ച്ചയും പുരോഗതിയും കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. സാമൂഹിക സാഹചര്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് വിവരങ്ങള്‍ ലഭ്യമാക്കാനും മറ്റുള്ളവരുമായി ആശയ വിനിമയം നടത്താനും വ്യത്യസ്ത സംസ്‌കാരങ്ങളും മൂല്യങ്ങളും അറിയാനും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ആളുകളെ സഹായിക്കുന്നു.
എന്നാല്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഊദി പൗരന്മാരെ ഇളക്കിവിടാന്‍ ചില ഗ്രൂപ്പുകളും വ്യക്തികളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഴി ശ്രമിക്കുന്നുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കിയാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ സ്വാധീന ശ്രമങ്ങള്‍ പഴയ കാലത്തു തന്നെയുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും സാറ്റലൈറ്റ് ചാനലുകളും വ്യാപകമായതോടെ ഇതിന് നവശൈലിയും രീതിയും കൈവന്നു. രാജ്യരക്ഷയും ആര്‍ജിത നേട്ടങ്ങളും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വിദേശത്തുനിന്ന് നടത്തുന്ന പ്രചാരണങ്ങള്‍ പുതിയ കാര്യമല്ല. പഴയ കാലത്ത് ഓഡിയോ കാസറ്റുകളും പുസ്തകങ്ങളും വഴിയാണ് സഊദികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നത്. നിശ്ചിത ഗ്രൂപ്പുകള്‍ക്കിടയില്‍ മാത്രമാണ് ഇവ കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇന്റര്‍നെറ്റ് വ്യാപകമായതോടെ തങ്ങള്‍ ലക്ഷ്യമിടുന്നവരില്‍ കൃത്യമായി ആശയങ്ങള്‍ എത്തിക്കാന്‍ എളുപ്പത്തില്‍ സാധിക്കുന്ന സാഹചര്യം ഉടലെടുത്തു.
സഊദിയില്‍ 16 ദശലക്ഷത്തിലധികം പേര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ 14 ദശലക്ഷം പേരും മൊബൈല്‍ ഫോണുകള്‍ വഴിയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നത്. 80 ലക്ഷം പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു. 50 ലക്ഷം പേര്‍ മൊബൈല്‍ ഫോണ്‍ വഴിയാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. 50 ലക്ഷം പേര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ട്.
സഊദിയില്‍ നിന്ന് 50 ലക്ഷത്തിലധികം ട്വീറ്റുകള്‍ ഓരോ ദിവസവും പ്രചരിക്കുന്നു. ഇന്റര്‍നെറ്റ് വഴി പ്രതിദിനം ഒമ്പതുകോടിയിലേറെ ക്ലിപ്പിംഗുകള്‍ സഊദിയിലെ ഉപയോക്താക്കള്‍ വീക്ഷിക്കുന്നുണ്ട്. ഗൂഗിളില്‍ ദിവസേന പത്ത് കോടിയിലേറെ സര്‍ച്ചുകള്‍ നടക്കുന്നു.

 

---- facebook comment plugin here -----

Latest