Connect with us

Kasargod

ഓപ്പറേഷന്‍ കുബേര: വസ്ത്ര വ്യാപാരി അറസ്റ്റില്‍

Published

|

Last Updated

കാഞ്ഞങ്ങാട്: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ബ്ലേഡുകാര്‍ക്കെതിരായ നടപടി പോലീസ് തുടരുന്നു. അനധികൃത പണമിടപാട് നടത്തിവരികയായിരുന്ന കാഞ്ഞങ്ങാട്ടെ വസ്ത്ര വ്യാപാരിയെപോലീസ് അറസ്റ്റുചെയ്തു.
കാഞ്ഞങ്ങാട് നഗരത്തില്‍ സുല്‍ത്താന മാക്‌സി സെന്റര്‍ നടത്തുന്ന മാലോം മുട്ടോംകടവ് നെല്ലിക്കാശേരിയിലെ എന്‍ പി സിജുവിനെ(28)യാണ് ഹൊസ്ദുര്‍ഗ് എസ് ഐ. കെ ബിജുലാല്‍ അറസ്റ്റുചെയ്തത്.
എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം സുല്‍ത്താന മാക്‌സി സെന്ററില്‍ റെയ്ഡ് നടത്തുകയും അനധികൃത പണമിടപാടിനുപയോഗിക്കുന്ന മുദ്രപത്രങ്ങളും ആര്‍ സി ബുക്കുകളും പിടിച്ചെടുക്കുകയുമായിരുന്നു. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ബ്ലേഡ് മാഫിയാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരിക്കുകയാണ്. തീരദേശങ്ങളിലും അനധികൃത പണമിടപാട് സംഘങ്ങളുണ്ട്.
മലയോര പ്രദേശങ്ങളായ വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, രാജപുരം എന്നിവിടങ്ങളിലും ബ്ലേഡുകാര്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മാലോം, കൊന്നക്കാട് എന്നിവിടങ്ങളില്‍ അനധികൃത പണമിടപാടുകള്‍ നടത്തുന്നവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും രേഖകളൊന്നും ലഭിച്ചില്ല.
ബ്ലേഡുകാരില്‍ ഭൂരിഭാഗവും രേഖകള്‍ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം ബ്ലേഡില്‍ കുടുങ്ങിയ ഇരകളില്‍ പലരും പരാതിയുമായി രംഗത്തുവരാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. നീലേശ്വരത്തെ അനധികൃത പണമിപാടുകാര്‍ക്കെതിരായ അന്വേഷണവും തുടരുന്നുണ്ട്.