രാമകൃഷ്ണനെ ലക്ഷ്യമിട്ട് സുധാകര വിഭാഗം: കണ്ണൂരില്‍ എ-ഐ പോര് മുറുകുന്നു

Posted on: May 21, 2014 12:56 am | Last updated: May 20, 2014 at 11:56 pm

കണ്ണൂര്‍: കെ സുധാകരന്റെ തോല്‍വിയെ തുടര്‍ന്ന് കണ്ണൂര്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. കഴിഞ്ഞ ദിവസം ഡി സി സി നേതൃ യോഗത്തില്‍ ഉയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങള്‍ സൂചിപ്പിക്കുന്നത് ഇതാണ്.
മറ്റ് ജില്ലകളെ അപേക്ഷിച്ച് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമായ ജില്ലയാണ് കണ്ണൂര്‍. കെ സുധാകരനും എ വിഭാഗം നേതാവ് കൂടിയായ കെ പി സി സി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണനും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിരോധം പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന് എന്നും എരിവും പുളിയും പകര്‍ന്നിട്ടുമുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് കെ സുധാകരനെതിരെ പി രാമകൃഷ്ണന്‍ നടത്തിയ ആരോപണങ്ങള്‍ തിരിച്ചടിയായതായി വിശാല ഐ വിഭാഗം നേതാക്കള്‍ ആരോപണം ഉന്നയിച്ചുകഴിഞ്ഞു.
കെ സുധാകരന്റെ വലംകൈയായ അഡ്വ. സണ്ണി ജോസഫ് എം എല്‍ എയുടെ മണ്ഡലമായ പേരാവൂരില്‍ കെ സുധാകരന് വോട്ട് കുറഞ്ഞത് എ വിഭാഗവും ചൂണ്ടിക്കാട്ടുന്നു. വിശാല ഐ വിഭാഗത്തില്‍ നിന്ന് തന്നെയാണ് കെ സുധാകരന് വോട്ട് ചോര്‍ന്നതെന്നാണ് എ വിഭാഗം നേതാക്കളുടെ ആരോപണം. മാത്രമല്ല പരാജയത്തിന് കാരണം കെ സുധാകരന്റെ തന്നെ ചില നടപടികളാണെന്നും വിമര്‍ശമുയര്‍ന്നിട്ടുണ്ട്.
ലോക്‌സഭാംഗമെന്ന നിലയില്‍ മണ്ഡലത്തിന് വേണ്ടിയൊന്നും ചെയ്യാന്‍ തയ്യാറാകാത്ത സുധാകരന്‍ പരാജയത്തിന്റെ ഉത്തരവാദിത്വം എ വിഭാഗത്തിന്റെ തലയില്‍ കെട്ടിവെക്കുകയാണെന്ന് ഒരു നേതാവ് ചൂണ്ടിക്കാട്ടി. സമൂഹത്തിലെ പല വിഭാഗങ്ങളെയും കെ സുധാകരന്റെ നിലപാടുകള്‍ പ്രകോപിതരാക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സുധാകരനെ സഹായിച്ച ചില വിഭാഗങ്ങള്‍ ഇത്തവണ എതിരായി തിരിഞ്ഞിട്ടുണ്ട്. തളിപ്പറമ്പില്‍ ഒരു മതസ്ഥാപനത്തിന് നേരെ ഏകപക്ഷീയമായി അക്രമം നടന്നപ്പോള്‍ സ്ഥലം എം പിയായ സുധാകരന്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിയില്‍ പോലും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
അക്രമത്തിന് രാഷ്ട്രീയമില്ലാതിരുന്നിട്ടുകൂടി സുധാകരന്‍ അക്രമത്തിനിരയായവരെ സമാശ്വസിപ്പിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഇതൊക്കെ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിക്ക് കാരണമായതായി ഒരു എ വിഭാഗം നേതാവ് ചൂണ്ടിക്കാട്ടി. മാത്രമല്ല ലോക്‌സഭാ സമ്മേളനങ്ങളില്‍ പോലും കൃത്യമായി ഹാജരാകാത്തത് സംബന്ധിച്ചും തിരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ചയായിരുന്നു.
കെ സുധാകരന്റെ അടുത്ത അനുയായി കൂടിയായ എ പി അബ്ദുല്ലക്കുട്ടിക്കെതിരെ സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങളും പാര്‍ട്ടിയുടെ മാനം കെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊക്കെയാണ് തിരിച്ചടിക്ക് കാരണമായതെന്നിരിക്കെ പി രാമകൃഷ്ണനും എ വിഭാഗവുമാണ് പരാജയത്തിനുത്തരവാദികളെന്ന ആരോപണം സ്വന്തം കഴിവുകേടുകളെ മറച്ചുവെക്കാനാണെന്നും എ വിഭാഗം നേതാവ് ചൂണ്ടിക്കാട്ടി.
എന്നാല്‍ തന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം പി രാമകൃഷ്ണന്റെ തലയില്‍ കെട്ടിവെച്ച് അദ്ദേഹത്തിനെതിരെ പാര്‍ട്ടിതല നടപടി സ്വീകരിപ്പിക്കാനുള്ള നീക്കത്തിലാണ് സുധാകര വിഭാഗം.
കഴിഞ്ഞ ദിവസം നടന്ന ഡി സി സി നേതൃ യോഗത്തില്‍ പി രാമകൃഷ്ണന്‍ പങ്കെടുത്തതിന്റെ പേരില്‍ കെ സുധാകരന്‍ ഇറങ്ങിപ്പോയിരുന്നു. പി രാമകൃഷ്ണനുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന സൂചനയാണ് സുധാകരനില്‍ നിന്നുണ്ടാകുന്നത്.സുധാകരന്റെ അസാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ വിശാല ഐ വിഭാഗം നേതാക്കള്‍ പി രാമകൃഷ്ണനെതിരെ നിശിത വിമര്‍ശമാണ് ഉയര്‍ത്തിയത്. ഇതിന് പി രാമകൃഷ്ണന്‍ വ്യക്തമായ മറുപടിയും നല്‍കി. തോല്‍വിക്ക് കാരണം തന്റെ ആരോപണമോ എ വിഭാഗത്തിന്റെ നിലപാടുകളോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഏതായാലും വരും ദിവസങ്ങളില്‍ കണ്ണൂരില്‍ എ, ഐ പോര് രൂക്ഷമാകുമെന്നാണ് സൂചന.