മരുഭൂമിയിലെ ‘റോസ്’ ദുബൈ ഉദ്യാന നഗരം സ്ഥാപിക്കുന്നു

Posted on: May 20, 2014 8:30 pm | Last updated: May 20, 2014 at 7:47 pm

New Imageദുബൈ: റുവയ്യക്കും അവീറിനുമിടയില്‍ മരുഭൂമിയിലെ റോസാപുഷ്പം എന്ന പേരില്‍ പരിസ്ഥിതി സൗഹൃദ നഗരം പണിയാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നഗരസഭക്ക് അനുമതി നല്‍കി. നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചതാണിത്. നഗരസഭയിലെ നഗരാസൂത്രണ വിഭാഗമാണ് പദ്ധതി തയ്യാറാക്കിയത്.
എമിറേറ്റ്‌സ് റോഡിനരികില്‍ വന്‍ പദ്ധതി ആയിരിക്കും ഡെസര്‍ട്ട് റോസ്. വ്യത്യസ്ത നിറത്തിലുള്ള പൂക്കള്‍ പോലെ നഗരം തോന്നിക്കും.
വാണിജ്യപരമായും സാമൂഹികമായും സാംസ്‌കാരികമായും വ്യത്യസ്തത പുലര്‍ത്തുന്ന നഗരമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഊര്‍ജത്തിന് പ്രകൃതി സ്രോതസുകള്‍ ഉപയോഗപ്പെടുത്തും. അതേസമയം, ഇത് സ്മാര്‍ടായ നഗരവും ആയിരിക്കും. ഇതിന്റെ വികസനത്തിന് നവീനമായ ആശയങ്ങളുണ്ടെങ്കില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നഗരസഭയില്‍ സമര്‍പ്പിക്കാം. എല്ലാ സൗകര്യങ്ങളുമുള്ള ഭവന പദ്ധതികളാണ് പ്രധാനം. കാല്‍നടയാത്രക്കാര്‍ക്ക് ശീതീകരിച്ച സൗകര്യം ഏര്‍പ്പെടുത്തും. മാലിന്യ സംസ്‌കരണത്തിന് പരിസ്ഥിതി സൗഹൃദ വഴികള്‍ തേടും. മെട്രോ ട്രെയിന്‍ സേവനങ്ങളും ഏര്‍പ്പെടുത്തും. എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.