ഡല്‍ഹിയില്‍ സര്‍ക്കാറുണ്ടാക്കാനില്ലന്നെ് എ എ പി; പിന്തുണക്കാനില്ലെന്ന് കോണ്‍ഗ്രസും

Posted on: May 18, 2014 3:37 pm | Last updated: May 20, 2014 at 2:13 pm

aapന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാറുണ്ടാക്കാന്‍ എ എ പി ശ്രമം തുടങ്ങിയെന്ന വാര്‍ത്തകള്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ നിഷേധിച്ചു. സര്‍ക്കാര്‍ രൂപവത്കരണത്തിനില്ലെന്ന് പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് എ എ പിയുടെ ആവശ്യമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. അതിനിടെ, ഡല്‍ഹിയില്‍ സര്‍ക്കാറുണ്ടാക്കാന്‍ എ എ പിക്ക് പിന്തുണ നല്‍കില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. കോണ്‍ഗസ് പിന്തുണയോടെ ഡല്‍ഹിയില്‍ എ എ പി സര്‍ക്കാറുണ്ടാക്കുമെന്നായിരുന്നു വാര്‍ത്തകള്‍.

70 അംഗ ഡല്‍ഹി നിയമസഭയിലേക്ക് പുതിയൊരു തിരഞ്ഞെടുപ്പിനാണ് തങ്ങള്‍ക്കു താല്‍പ്പര്യമെന്ന് സംസ്ഥാന കോണ്‍ഗ്രസ് മുഖ്യവക്താവ് മുകേഷ് ശര്‍മ വ്യക്തമാക്കി. നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വരെ പോയ എഎപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ പോലും അവകാശമില്ലെന്ന് മുകേഷ് ശര്‍മ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി അധികാരത്തിലെത്തിയ എ എ പി ജനലോക്പാല്‍ ബില്ല് പാസ്സാക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് 49 ദിവസത്തെ ഭരണത്തിനൊടുവില്‍ രാജിവെക്കുകയായിരുന്നു. ഈ തീരുമാനം തെറ്റായിപ്പോയെന്ന് പാര്‍ട്ടി നേതാവ് അരജവിന്ദ് കേജരിവാള്‍ തന്നെ സമ്മതിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ അന്നെടുത്ത തീരുമാനമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിക്ക് കാരണമായതെന്ന് പാര്‍ട്ടി വിലിയിരുത്തുന്നു.