Connect with us

Kasargod

അവസാന നിമിഷം വരെ ഉദ്വേഗജനകം

Published

|

Last Updated

കാസര്‍കോട്: ഒരു മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനവിധി അറിയാന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തുറന്ന് രാവിലെ എട്ടു മണിയോടെ തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് രാവിലെ 7.30 മണിയോടെ എണ്ണിയത്. പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി പി എമ്മിലെ പി കരുണാകരനാണ് മുന്‍തൂക്കമുണ്ടായത്. ആകെയുള്ള 1582 വോട്ടുകളില്‍ 755 വോട്ടുകളാണ് കരുണാകരന് ലഭിച്ചത്.
ടി സിദ്ദീഖിന് 564 ഉം സുരേന്ദ്രന് 171 ഉം എ എ പി സ്ഥാനാര്‍ഥിക്ക് 20 ഉം ബി എസ് പി, തൃണമൂല്‍, ആര്‍ എം പി സ്വതന്ത്രന്‍ എന്നിവര്‍ക്ക് ഓരോ വോട്ടും ലഭച്ചു. 10 സ്ഥാനാര്‍ഥികള്‍ക്ക് ആരും വോട്ട് ചെയ്തില്ല. പോസ്റ്റല്‍ വോട്ടിലും 158 എണ്ണം അസാധുവായി. പിന്നീട് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ യു ഡി എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി സിദ്ദീഖിനാണ് മേല്‍ക്കൈ നേടാനായത്. ആദ്യ 10 ശതമാനം വോട്ടുകള്‍ എണ്ണുന്നതുവരെ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായെങ്കിലും തുടര്‍ന്ന് സി പി എമ്മിലെ പി കരുണാകരനാണ് മുന്നിട്ടുനിന്നത്.
8,816 വോട്ടുകളുടെ ലീഡ് തുടര്‍ന്ന കരുണാകരന് 26 വോട്ടുകളുടെ വരെ ലീഡുവരെ കുറഞ്ഞുവന്നു. ഇതോടെ വീണ്ടും സിദ്ദീഖ് മുന്നിട്ടുനില്‍ക്കുമെന്ന ഘട്ടം വന്നെങ്കിലും 1771 വോട്ടുകളുടെ മുന്നേറ്റം ഉണ്ടാക്കി. തുടര്‍ന്ന് രണ്ടായിരത്തിലേറെ ലീഡുകള്‍ വര്‍ധിച്ച് 25 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 24,000 ത്തിലേറെ ഭൂരിപക്ഷമാണ് കരുണാകരന് ലഭിച്ചത്. ഇതില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും 40 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ ലീഡ് നില 15,084 ത്തിലെത്തി. ഇതില്‍നിന്ന് പിന്നെയും ലീഡ് നില കുറഞ്ഞ് 50 ശതമാനമായപ്പോള്‍ 4000 ത്തിലേറെ വോട്ടുകളുടെ കുറവുണ്ടാവുകയും 60 ശതമാനം എണ്ണിത്തീര്‍ന്നപ്പോള്‍ 8,264 ആയി ലീഡ് നില കുറഞ്ഞു. പിന്നീട് വീണ്ടും ലീഡ് നില വര്‍ധിച്ച് 80 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 18,820 ലീഡായിമാറി. ഇതില്‍നിന്ന് ലീഡുനില കുറഞ്ഞ് 90 ശതമാനമായപ്പോള്‍ 4,653 എത്തിനിന്നു. ഇത്രയും ലീഡ് നില കുറഞ്ഞപ്പോള്‍ സിദ്ദീഖിന് അട്ടിമറിജയം നേടാന്‍ സാധിക്കുമോയെന്ന ശങ്ക വരെ പ്രവര്‍ത്തകരില്‍ ഉണ്ടായി.
പ്രവര്‍ത്തകരുടെ ആശങ്കക്ക് അനുകൂലമാകുന്ന തരത്തില്‍ 3,000 ത്തില്‍ താഴെ ലീഡാണ് 97 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ഉണ്ടായത്. പിന്നീട് ലീഡ് നിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുകയും അവസാന നിമിഷം ജയം ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുകയുമായിരുന്നു.
മുന്‍ തിരഞ്ഞെടുപ്പുകളെ പേക്ഷച്ച് ഗണ്യമായ വര്‍ധനവാണ് ബി ജെ പിക്ക് വോട്ടിംഗ് നിലയില്‍ ഉണ്ടായതെങ്കിലും ഒരു ഘട്ടത്തിലും ലീഡ് ഉണ്ടാക്കാന്‍ സാധിച്ചില്ല. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മാത്രമാണ് ബി ജെ പിയുടെ മോദിതരംഗം പ്രകടമായതെങ്കിലും മറ്റു അഞ്ചു മണ്ഡലങ്ങളിലും കാര്യമായ മുന്നേറ്റം സൃഷ്ടിക്കാന്‍ സുരേന്ദ്രനു സാധിച്ചില്ല. എന്നിരുന്നാലും ഉദുമ അടക്കമുള്ള ഇടതു കോട്ടകളില്‍നിന്ന് സുരേന്ദ്രന് നല്ല വോട്ടുകളാണ് ലഭിച്ചത്.
ജനങ്ങള്‍ക്കിടയില്‍ സുരേന്ദ്രന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകളും സ്വാധീനവുമാണ് വോട്ടായി മാറാന്‍ ഇടയാക്കിയതെങ്കിലും സി പി എമ്മിന്റെ പാളയത്തിലുണ്ടായ വിഭാഗീയതയും ഒരു പരിധിവരെ ബി ജെ പിക്ക് വോട്ടായി മാറാന്‍ ഇടയാക്കിയെന്ന് വിലയിരുത്തപ്പെടുന്നു.

Latest