പൊന്നാനിയില്‍ മണ്ഡല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം

Posted on: May 17, 2014 11:07 am | Last updated: May 17, 2014 at 11:07 am

കോട്ടക്കല്‍: പൊന്നാനിയില്‍ ഇക്കുറി ഇ ടി മുഹമ്മദ് ബശീറിന് നേടാനായത് മണ്ഡല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. മണ്ഡലം രൂപീകൃതമായത് മുതല്‍ നടന്ന തിരഞ്ഞെടുപ്പ് വിജയ ചരിത്രത്തിലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
1977ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി ജി എം ബനാത്ത് ബാല വിജയിച്ചത് 117546 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. 1680ല്‍ ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം 50863. എന്നാല്‍ 48ല്‍ ഇദ്ദേഹത്തിന് 102026 വോട്ടിന്റെ ഭൂരിപക്ഷം നേടാനായി. 1989ല്‍ ഇവിടെ നിന്നും ബനാത്ത്‌വാലയെ തിരഞ്ഞെടുത്തത് 107519 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. 1991ല്‍ മണ്ഡലത്തില്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടു മത്സരിച്ചപ്പോള്‍ കിട്ടിയത് 95706 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 1996ല്‍ വീണ്ടും ബനാത്ത്‌വാലതന്നെ മണ്ഡലത്തില്‍ ജനവിധി തേടിയപ്പോള്‍ 79295 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
98ല്‍ മത്സരിച്ചപ്പോള്‍ ബനാത്ത് വാലയുടെ ഭൂരിപക്ഷം 104244 ആയിരുന്നു. 99ലെ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന് 129478ന്റെ വോട്ടിന് വിജയിക്കാനായി. 2004ല്‍ മണ്ഡലത്തില്‍ ഇ അഹമ്മദാണ് മത്സരിച്ചത്. ഇദ്ദേഹത്തിന് അന്ന് 102758 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2009ലാണ് ഇ ടി മുഹമ്മദ് ബശീര്‍ സ്ഥാനാര്‍ഥിയായത്. അന്ന് ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം 82684 ആയിരുന്നു. മണ്ഡലം രൂപീകൃതമായത് മുതല്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ മാത്രം വിജയം നേടി വന്ന മണ്ഡലമാണ് പൊന്നാനി. 1980ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ഭൂരിപക്ഷത്തില്‍ അല്‍പ്പം കുറവ് വന്നത്.
അതും ഇത്രത്തോളമില്ല. ആ സ്ഥാനത്താണ് ഇ ടി മുഹമ്മദ് ബശീറിന്റെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായത്. നിയമ സഭയിലേക്ക് തിരഞ്ഞെടുത്ത മണ്ഡലത്തിലെ മുസ്‌ലിം ലീഗ് എം എല്‍ എമാര്‍ക്ക് ഇതിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കാനായിട്ടുണ്ട്. അത്രയും വോട്ടിന്റെ ഭൂരിപക്ഷം പോലും ലോക്‌സഭ മണ്ഡലത്തില്‍ ഇ ടിക്ക് നേടാനായില്ലെന്നതും ചരിത്രം.