മലപ്പുറത്തിന്റെ പച്ചഹൃദയം കവര്‍ന്ന് ഇ അഹ്മദ്‌

Posted on: May 17, 2014 8:19 am | Last updated: May 17, 2014 at 8:19 am

E.AHAMMEDമലപ്പുറം: പച്ചക്കോട്ടയില്‍ മിന്നും വിജയം നേടി തുടര്‍ച്ചയായി ഏഴാം തവണയും ഇ അഹമ്മദ് ലോക്‌സഭയിലേക്ക്. ഇത്തവണ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് ഇ അഹമ്മദ് വിജയിച്ചത്. കേന്ദ്രത്തില്‍ യ പി എ തകര്‍ന്നടിഞ്ഞപ്പോഴും മുസ്‌ലിം ലീഗിന്റെ കോട്ടക്ക് അല്‍പ്പം പോലും വിള്ളലേറ്റില്ല.

സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അഹമ്മദിനെതിരെ മണ്ഡലത്തില്‍ ഗോ ബാക്ക് വിളി തുടങ്ങിയിരുന്നു. ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ പ്രായം ഉയര്‍ത്തിക്കാട്ടി ഇനി മത്സരിപ്പിക്കരുതെന്ന് നേതൃത്വത്തോട് അഭ്യര്‍ഥിച്ചു. എന്നാല്‍ അദ്ദേഹത്തിന് പകരം വെക്കാന്‍ നേതൃത്വത്തിന് മറ്റാരുമുണ്ടായിരുന്നില്ല. സി പി എം സ്ഥാനാര്‍ഥിയായി പി കെ സൈനബയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അഹമ്മദ് വിജയിച്ചെന്ന് പലരും പ്രഖ്യാപിച്ചിരുന്നു. ഇ അഹമ്മദിന്റെ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മന്ത്രി ആര്യാടന്‍ മഹമ്മദ് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് അഹമ്മദ് വിജയിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അഹമ്മദിനെതിരെ മത്സരിക്കാന്‍ നല്ലൊരു സ്ഥാനാര്‍ഥിയെ പോലും സി പി എമ്മിന് കിട്ടിയില്ലെന്ന് സി പി എം പ്രവര്‍ത്തകര്‍ തന്നെ സമ്മതിച്ചു. അഹമ്മദിന്റെ പ്രായം പറഞ്ഞ് സി പി എം വോട്ട് പിടിച്ചപ്പോള്‍ സൈനബയുടെ തട്ടമായിരുന്നു മണ്ഡലത്തിലെ മറ്റൊരു ചര്‍ച്ച. ഒടുവില്‍ പ്രായം പ്രശ്‌നമല്ലെന്ന് ജനം വിധിയെഴുതി. അഹമ്മദിനോടും സൈനബയോടും എതിര്‍പ്പുള്ളവര്‍ നോട്ടക്കും കുത്തി. അങ്ങനെ മണ്ഡലത്തില്‍ നോട്ടയും താരമായി. 21,829 പേരാണ് നോട്ടക്ക് കുത്തിയത്.
കഴിഞ്ഞ തവണ മലപ്പുറം മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ഥിയായിരുന്ന ടി കെ ഹംസയെ 1,15,597 വോട്ടുകളുടെ ഭൂരിക്ഷത്തിനാണ് പരാജയപ്പെടുത്തിയിരുന്നത്. ഇത്തവണ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇ അഹമ്മദ് വിജയിച്ചത്. ആകെ പോള്‍ ചെയ്ത 8,53,467 വോട്ടുകളില്‍ 4,37723 വോട്ടുകള്‍ ഇ അഹമ്മദ് കരസ്ഥമാക്കി. എല്ലാ മണ്ഡലങ്ങളിലും ഇ അഹമ്മദിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. അല്‍പ്പമെങ്കിലും മത്സരം നടന്നത് പെരിന്തല്‍മണ്ണ മണ്ഡലത്തിലാണ്. ഇവിടെ 10,614 വോട്ടുകളാണ് അഹമ്മദിന് ലീഡ് ചെയ്യാനായത്. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത് വേങ്ങര മണ്ഡലത്തിലാണ്. 42,632 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ അഹമ്മദിന് ലഭിച്ചത്. പി കെ സൈനബ 2,42,984 വോട്ടുകള്‍ നേടി. മണ്ഡലത്തില്‍ സുപരിചിതനായിരുന്ന ബി ജെ പി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശ് 64,705 വോട്ടുകള്‍ പിടിച്ചു. എസ് ഡി പി ഐയുടെ പ്രഗത്ഭനായ സ്ഥാനാര്‍ഥിയായിരുന്നു മലപ്പുറത്ത് മത്സരിച്ചിരുന്നത്. 47,853 വോട്ടുകള്‍ നേടി നസാറുദ്ദീന്‍ എളമരം നാലാം സ്ഥാനം നേടി. എന്നാല്‍ പോസ്റ്റല്‍ വോട്ടുകളില്‍ പി കെ സൈനബ ആറ് വോട്ടുകളുടെ മേല്‍കൈ നേടി. പി കെ സൈനബ 209 വോട്ടുകള്‍ നേടിയപ്പോള്‍ ഇ അഹമ്മദിന് 203 വോട്ടുകളാണ് ലഭിച്ചത്. ആദ്യ നിമിഷം മുതല്‍ മുന്നേറിയ അഹമ്മദ് ഒരിക്കല്‍ പോലും പിന്നോട്ട് വന്നിട്ടില്ല. അഹമ്മദിന്റെ ഭൂപക്ഷം കൂട്ടുകയെന്നത് ഇത്തവണ ലീഗിന്റെ ആവശ്യമായിരുന്നു. അതിനായി ലീഗ് പ്രവര്‍ത്തകര്‍ കഠിനമായി പ്രയത്‌നിച്ചു. അതിന്റെ ഫലം കാണുകയും ചെയ്തു.
1967 ല്‍ 29ാം വയസ്സില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് നിയമസഭയിലേക്ക് വിജയിച്ച ഇ അഹമ്മദ് തോല്‍വിയുടെ രുചി ഇതുവരെ അറിഞ്ഞിട്ടില്ല. പിന്നീട് 1977 ല്‍ കൊടുവള്ളി, 1980, 1982, 87 കളില്‍ താനൂര്‍ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്തു. 1982-87ല്‍ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയായി. സംസ്ഥാന, കേന്ദ്ര മന്ത്രിയായും കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍, സംസ്ഥാന റൂറല്‍ ഡെവലപ്പ്‌മെന്റ് ചെയര്‍മാന്‍, സിഡ്‌കോ ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും തിളങ്ങി. 1991ലും 96ലും 98ലും 99ലും മഞ്ചേരിയില്‍ നിന്നും 2004ല്‍ പൊന്നാനിയില്‍നിന്നും കഴിഞ്ഞ തവണ മലപ്പുറത്തുനിന്നും എം പിയായി.