Connect with us

Ongoing News

കോണ്‍ഗ്രസിന് ജനാധിപത്യപാഠം

Published

|

Last Updated

ബ്രിട്ടീഷ് ഇന്ത്യക്ക് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ജനങ്ങള്‍ നല്‍കിയ ജനാധിപത്യ പാഠമാണ് പതിനാറാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം. യു പി എ സര്‍ക്കാറിന് രണ്ട് തവണ ജനങ്ങള്‍ അവസരം നല്‍കിയെങ്കിലും ജനഹിതം മറന്നുള്ള ഭരണമാണ് കോണ്‍ഗ്രസിനെ ചരിത്രത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന പരാജയത്തിലേക്ക് കൂപ്പുകുത്തിച്ചത്. ജനവിധി മാനിക്കുന്നുവെന്നും തങ്ങള്‍ക്കെതിരെയുള്ള വികാരം മനസ്സിലാക്കുന്നുവെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ശക്കീല്‍ അഹ്മദ് തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചത്. പ്രതീക്ഷിച്ചതിലും കൂടുതലാണ് ലഭിച്ചെതെന്ന് ബി ജെ പി ഫലത്തോട് പ്രതികരിച്ചു. മോദിക്ക് പിന്നില്‍ അണിനിരക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ തയ്യാറായെന്ന് ബി ജെ പി വക്താവ് നിര്‍മല സതീത്രമന്‍ പറഞ്ഞു.

രാജ്യത്തിന്റെ തകര്‍ന്ന സാമ്പത്തിക രംഗം മോദിക്ക് കീഴില്‍ പുഷ്ടിപ്പെടുമെന്ന വോട്ടര്‍മാരുടെ കണക്കുകൂട്ടലും കോണ്‍ഗ്രസിന്റെ പരാജയത്തിന് ആക്കം കൂട്ടി. ഇതാണ് ഡല്‍ഹി, മുംബൈ പോലുള്ള വന്‍ നഗരങ്ങളിലെ ബി ജെ പിയുടെ നേട്ടത്തിന് കാരണമായത്. ഇതേ ചിന്ത ഉത്തരേന്ത്യയിലും ബി ജെ പിക്ക് അനുകൂലമായി. കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് കാരണം കോണ്‍ഗ്രസാണെന്ന് അവിടത്തുകാര്‍ വിശ്വസിച്ചുവെന്നും ഫലം തെളിയിക്കുന്നു. കോണ്‍ഗ്രസിന്റെ പരാജയം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലും പുതിയ ചരിത്രം സൃഷ്ടിച്ചു. ചരിത്രത്തിലാദ്യമായി വോട്ടിംഗ് ശതമാനത്തിലും കോണ്‍ഗ്രസിനെ ബി ജെ പി പിന്തള്ളി. മുമ്പ് രണ്ട് തവണ അധികാരത്തിലെത്തിയെപ്പോഴും വോട്ടിംഗ് ശതമാനത്തില്‍ കോണ്‍ഗ്രസായിരുന്നു മുന്നില്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും തന്ത്രപരമായ സഖ്യങ്ങളിലൂടെ ബി ജെ പി സാന്നിധ്യം അറിയിച്ചു. കോണ്‍ഗ്രസിനു ശേഷം ആദ്യമായി ഒരു ദേശീയ പാര്‍ട്ടി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയതും ശ്രദ്ധേയമായി. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിപക്ഷസ്ഥാനം പോലും ആശങ്കയിലാണ്. 46 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. പ്രതിപക്ഷ നേതാവാകണമെങ്കില്‍ കുറഞ്ഞത് 55 സീറ്റുകളിലെങ്കിലും വിജയിക്കണം. ആദ്യ ലോക്‌സഭയില്‍ രണ്ടാമത്തെ വലിയ കക്ഷിയായി അവിഭക്ത കമ്മ്യുണിസ്റ്റ് പാര്‍ട്ടി മാറിയെങ്കിലും പാര്‍ട്ടിയുടെ നേതാവായ എ കെ ഗോപാലനെ ഔദ്യോഗിക പ്രതിപക്ഷ നേതാവായി അംഗീകരിച്ചിരുന്നില്ല. ഇത്തവണ എക്‌സിറ്റ് പോളിനെ മറികടന്നുള്ള വിജയമാണ് ബി ജെ പിക്കുണ്ടായത്. ബി ജെ പിയുടെ വിജയം ഓഹരി വിപണിയെയും നേട്ടത്തലെത്തിച്ചു. സെന്‍സെക്‌സ് 4.7 ശതമാനമാണ് ഉയര്‍ന്നത്. യുവ നേതാവായ രാഹുലിനെ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ അവകാശവാദങ്ങളൊക്കെ ജനം തള്ളി.
ബിഹാറില്‍ ആര്‍ എല്‍ ഡിയുമായുള്ള സഖ്യം ഗുണകരമായില്ല. ഉത്തര്‍പ്രദേശില്‍ ആര്‍ എല്‍ ഡിയുടെ നേതാവ് അജിത്്‌സിംഗ് വരെ തോറ്റപ്പോള്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ് വെറും രണ്ട് സീറ്റുകളില്‍ ഒതുങ്ങി. മഹാരാഷ്ട്രയിലും പാര്‍ട്ടി നാമാവശേഷമായി. വെറും നാലു സീറ്റുകളിലാണ് ജയിച്ചത്. കേരളം മാത്രമാണ് കോണ്‍ഗ്രസിന് അനുകൂലമായി നിന്നത്. 12 സീറ്റുകളാണ് യു പി എക്ക് കേരളത്തില്‍നിന്ന് ലഭിച്ചത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന കര്‍ണാടകയില്‍ പോലും വെറും ഒമ്പതു സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ബി ജെ പി 17 സീറ്റുകളിലാണ് മേധാവിത്വം നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നു സീറ്റുകള്‍ അധികം ലഭിച്ചു എന്നു മാത്രം ഇവിടെ കോണ്‍ഗ്രസിന് ആശ്വസിക്കാം. കഴിഞ്ഞ തവണ 39 സീറ്റുകള്‍ നേടിയ ആന്ധ്രാപ്രദേശിലും കോണ്‍ഗ്രസ് നാമാവശേഷമായി. സീമാന്ധ്രയില്‍ കോണ്‍ഗ്രസ് പൂജ്യം കൊണ്ട് തൃപ്തിപ്പെട്ടു. പ്രതീക്ഷയേറെയുണ്ടായ തെലങ്കാനയില്‍ ലഭിച്ചത് രണ്ട് സീറ്റുകളും. സീമാന്ധ്രയില്‍ ടി ഡി പിയും തെലങ്കാനയില്‍ ടി ആര്‍ എസും സീറ്റുകള്‍ കവര്‍ന്നെടുത്തു. പ്രതീക്ഷയുണ്ടായിരുന്ന പഞ്ചാബിലും അസമിലും നേട്ടമുണ്ടാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. പഞ്ചാബിലും അസമിലും മൂന്ന് സീറ്റിലൊതുങ്ങുകയും ചെയ്തു. തമിഴ്‌നാട്ടില്‍ മുഴുവന്‍ സീറ്റിലും ജയലളിത തൂത്തുവാരി. മധ്യപ്രദേശില്‍ കിട്ടിയത് രണ്ട് സീറ്റാണ്. ഡല്‍ഹിയില്‍ നിന്നും കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടപ്പോള്‍ ഹരിയാനയില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് ആശ്വാസം കണ്ടു.

---- facebook comment plugin here -----

Latest