Connect with us

National

സര്‍വാധിപത്യം; മോദിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച

Published

|

Last Updated

ന്യൂഡല്‍ഹി: മോദി തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സഖ്യം അധികാരത്തിലേക്ക്. രാജ്യത്തിന്റെ 14ാമത് പ്രധാനമന്ത്രിയായി ബി ജെ പിയുടെ വിജയശില്‍പ്പി നരേന്ദ്ര മോദി ഈ മാസം 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഭരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷമായ 272ഉം കടന്ന് 283 സീറ്റ് സ്വന്തമാക്കിയ ബി ജെ പി തനിച്ചു ഭരിക്കാനുള്ള കരുത്തുമായാണ് പാര്‍ലിമെന്റിലേക്കെത്തുന്നത്. ഘടക കക്ഷികള്‍ സ്വന്തമാക്കിയ 54 സീറ്റുകള്‍ കൂടിയാകുമ്പോള്‍ എന്‍ ഡി എ യുടെ അംഗബലം 337 ആകും.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സഖ്യം മോദി തരംഗത്തില്‍ തകര്‍ന്നടിഞ്ഞു. 203 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ വലിയ പരാജയങ്ങളില്‍ ഒന്നാണ് നേരിട്ടത്. 47 സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. യു പി എക്കാകട്ടെ അകെ ലഭിച്ചത് 61 സീറ്റുകള്‍ മാത്രം. ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്ന് 1984ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 295 സീറ്റ് നേടി കോണ്‍ഗ്രസ് ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയിരുന്നു. അതു കഴിഞ്ഞ് മുപ്പത് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന്റെ ചരിത്രം ബി ജെ പി ആവര്‍ത്തിക്കുകയാണ്. ഈ ചരിത്ര വിജയത്തെ പുതുയുഗത്തിന്റെ തുടക്കമെന്നാണ് ബി ജെ പി വിശേഷിപ്പിക്കുന്നത്. 2009ലെ പൊതുതിരഞ്ഞെടുപ്പിനേക്കാള്‍ 196 സീറ്റുകളാണ് ഇത്തവണ ബി ജെ പി അധികം നേടിയിരിക്കുന്നത്.
മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ മുഴുവന്‍ സീറ്റുകളും (26) നേടിയ ബി ജെ പി ഹിന്ദി ഹൃദയഭൂമിയായ വടക്കേ ഇന്ത്യയില്‍ അതിന്റെ തേര്‍വാഴ്ച തന്നെ നടത്തി. രാജസ്ഥാന്‍ (25), ഛത്തീസ്ഗഢ് (11), ഗോവ (രണ്ട്), ഹിമാചല്‍പ്രദേശ് (നാല്), ഡല്‍ഹി (ഏഴ്) എന്നീ സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ ആര്‍ക്കും വിട്ടുകൊടുക്കാതെ ബി ജെ പി സ്വന്തം അക്കൗണ്ടിലാക്കി. എണ്‍പത് സീറ്റുകളുള്ള ഉത്തര്‍ പ്രദേശില്‍ 72 സീറ്റുകളും നേടിയാണ് ബി ജെ പി അധികാരത്തിലെത്തുന്നത്. ബിഹാറില്‍ എന്‍ ഡി എ തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ 23 സീറ്റാണ് ബി ജെ പി സ്വന്തം ചിഹ്നത്തിനൊപ്പം ചേര്‍ത്തത്. ആകെയുള്ള നാല്‍പ്പത് സീറ്റില്‍ ബി ജെ പി 23ഉം സഖ്യകക്ഷികളായ പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ആറും രാഷ്ട്രീയ ലോക് സമത പാര്‍ട്ടി മൂന്നും സീറ്റും നേടി.
മഹാരാഷ്ട്രയില്‍ ആകെയുള്ള 48 സീറ്റുകളില്‍ 42 ഉം ബി ജെ പി- ശിവസേന സഖ്യം നേടി. ബി ജെ പിക്ക് തനിച്ച് കിട്ടിയത് 23 സീറ്റുകള്‍. കര്‍ണാടകത്തിലും ബി ജെ പി തന്നെയാണ് ഭൂരിപക്ഷം സീറ്റുകളും കൊയ്‌തെടുത്തത്. ആകെയുള്ള 28 സീറ്റില്‍ 17 എണ്ണവും ബി ജെ പിക്കാണ്. കോണ്‍ഗ്രസിന് കിട്ടിയത് ഒമ്പത് സീറ്റ്. ഒരു സംസ്ഥാനത്തുനിന്ന് കോണ്‍ഗ്രസിന് കിട്ടിയ ഏറ്റവും ഉയര്‍ന്ന വിജയവും ഇതുതന്നെയാണ്. 14 സീറ്റുകളുള്ള ഝാര്‍ഖണ്ഡില്‍ രണ്ടിടത്ത് ഒഴികെ 12 സീറ്റുകളിലും ബി ജെ പിക്കു തന്നെയാണ് ജയം. മധ്യപ്രദേശില്‍ ആകെയുള്ള 29 സീറ്റില്‍ 27ഉം ബി ജെ പിക്കൊപ്പം നിന്നു.
പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും തമിഴ്‌നാട്ടില്‍ ജയലളിതയുടെ എ ഐ എ ഡി എം കെയും മികച്ച വിജയം നേടി. തൃണമൂല്‍ 34 സീറ്റുകളും എ ഐ എ ഡി എം കെ 38 സീറ്റുകളും സ്വന്തമാക്കി. മൂന്നാമത്തെ വലിയ കക്ഷിയായി എ ഐ എ ഡി എം കെ മാറി. എന്നാല്‍, ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബി എസ് പിക്ക് ഇത്തവണ ഒറ്റ സീറ്റില്‍ പോലും ജയിക്കാനായില്ല.

 

Latest