കേരളത്തിന്റെ വെള്ളം, അണക്കെട്ട്; അവകാശം തമിഴ്‌നാടിന്

Posted on: May 16, 2014 6:00 am | Last updated: May 15, 2014 at 11:22 pm

mullapperiyar2014 മെയ് ഏഴിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കേരളത്തിന്റെ ആശങ്കകള്‍ വര്‍ധിപ്പിച്ചിരിക്കയാണ്. പരമാവധി 152 അടി ഉയരത്തില്‍ വെള്ളം നിറക്കാവുന്ന അണക്കെട്ടില്‍ 142 അടി ജലം നിറക്കാന്‍ സുപ്രീം കോടതി തമിഴ്‌നാടിനെ അനുവദിച്ചിരിക്കുന്നു. ഡാമിന്റെ ചോര്‍ച്ചയും ബലക്ഷയവും കണക്കിലെടുത്ത് 1979 മുതല്‍ മുല്ലപ്പെരിയാറില്‍ 136 അടി ജലം മാത്രമാണ് നിര്‍ത്തിയിരുന്നത്. ഇത് തന്നെ കാലവര്‍ഷക്കാലത്ത് അഞ്ച് ജില്ലകളിലെ 40 ലക്ഷം ആളുകളുടെ ഉറക്കം കെടുത്തുമ്പോഴാണ് പുതിയ വിധി.
പൂര്‍ണമായും കേരളത്തിന്റെ മണ്ണില്‍ പണിതിരിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഏറെക്കുറെ പൂര്‍ണ നിയന്ത്രണവും തമിഴ്‌നാടിന് ലഭിക്കുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്. 1895ല്‍ പണി തീര്‍ത്ത മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമുണ്ടെന്ന് കോടതിയില്‍ തെളിയിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. ഡാം സുരക്ഷിതമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തമിഴ്‌നാടിന് കഴിഞ്ഞിരിക്കുന്നു. വെറും ചുര്‍ക്കി കോണ്‍ഗ്രീറ്റും കരിമ്പിന്‍ നീരും ചുണ്ണാമ്പും ചേര്‍ത്ത് നിര്‍മിച്ച ഈ ഡാമിന് 118 വര്‍ഷം കഴിഞ്ഞിട്ടും ബലക്ഷയമില്ലെന്ന് സുപ്രീം കോടതിയില്‍ സ്ഥാപിക്കാന്‍ തമിഴ്‌നാടിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ കേരളം കേസ് നടത്തിപ്പില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ലെന്ന് വേണം കരുതാന്‍. അണക്കെട്ടില്‍ വെറും 100 അടിക്ക് മുകളില്‍ വെള്ളം നിര്‍ത്തിയാല്‍ പോലും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാമെന്നിരിക്കെ 136 അടി വെള്ളം നിര്‍ത്തണമെന്നാണ് കേരളം പോലും കോടതിയില്‍ വാദിച്ചത്. 136 അടി വെള്ളം നിര്‍ത്തിയാല്‍ ബലക്ഷയമില്ല; 142 അടിയായാല്‍ ബലക്ഷയമാകുമെന്നത് ശാസ്ത്രീയമായി തെളിയിക്കാന്‍ കേരളത്തിനായില്ല എന്നതാണ് വാസ്തവം. കേരളം അറിഞ്ഞും അറിയാതെയും 1930, 1933, 1960,1978 വര്‍ഷങ്ങളില്‍ മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്താന്‍ വേണ്ടതൊക്കെ തങ്ങള്‍ ചെയ്തു എന്നത് സുപ്രീം കോടതിയെ വിശ്വസിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിനായി എന്നത് കേരളത്തിന്റെ തോല്‍വി ഉറപ്പാക്കി. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ വലിയ അണക്കെട്ടായ ഇടുക്കി താങ്ങും എന്ന തമിഴ്‌നാടിന്റെ വാദമുഖം പൊളിക്കാനും കേരളത്തിനായില്ല. മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവന് ഇത് ഭീഷണിയാണെന്ന് കേരളം വാദിച്ചെങ്കിലും ഈ ആളുകളില്‍ 80 ശതമാനം തമിഴ്‌നാട്ടുകാരാണെന്നും അവരുടെ ജീവന്‍ വെച്ച് തങ്ങള്‍ കളിക്കില്ലെന്നും ഡാം സുരക്ഷിതമായതിനാലാണ് തങ്ങള്‍ക്ക് അങ്ങനെ പറയാനാകുന്നതെന്നുമുള്ള തമിഴ്‌നാടിന്റെ വാദം സുപ്രീം കോടതി സ്വീകരിച്ചു. ഇതോടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ ഭീഷണിയെന്ന കേരളത്തിന്റെ വാദമുഖങ്ങളെല്ലാം ഓരോന്നായി പൊളിഞ്ഞു.
പെരിയാര്‍ ഒരു അന്തര്‍സംസ്ഥാന നദിയല്ലെന്നായിരുന്നു കേരളത്തിന്റെ മൊറ്റൊരു വാദം. കേരളത്തില്‍ നിന്ന് തമിഴ്‌നാടിന് ഇത്രയേറെ ജലം നല്‍കേണ്ട ഒരു കാര്യവുമില്ലെന്നതായിരുന്നു സംസ്ഥാനത്തിന്റെ വാദം. ഭരണഘടനയുടെ 262-ാം വകുപ്പ് സെക്ഷന്‍ 11 പ്രകാരം ‘അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക നിയമം 1956’ല്‍ പെടുത്തി സുപ്രീം കോടതിയില്‍ തന്നെ മറ്റൊരു കേസില്‍ കേരളം പെരിയാറിനെ അന്തര്‍ സംസ്ഥാന നദിയായി പരിഗണിച്ചിട്ടുണ്ട്. കേരളത്തിലെ സി ഡബ്ലിയു ആര്‍ ഡി എം പ്രസിദ്ധീകരിച്ചിട്ടുള്ള വാട്ടര്‍ അറ്റ്‌ലസ് ഓഫ് കേരളയെന്ന പ്രസിദ്ധീകരണത്തില്‍ പെരിയാറിന് 114 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടി പ്രദേശം തമിഴ്‌നാട്ടിലുണ്ടെന്നും അത് ഒരു അന്തര്‍സംസ്ഥാന നദിയാണെന്നും പറയുന്നതായി തമിഴ്‌നാട് സര്‍ക്കാര്‍ വാദിച്ചു. ഇത് കൂടാതെ വാട്ടര്‍ റിസോഴ്‌സ് ഓഫ് കേരള എന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രസിദ്ധീകരണത്തിലും പെരിയാര്‍ ഒരു അന്തര്‍സംസ്ഥാന നദിയാണെന്ന് അച്ചടിച്ചിട്ടുണ്ടെന്നും അതുകൊണ്ട് കേരളം പറയുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും കോടതിയില്‍ സ്ഥാപിക്കാന്‍ തമിഴ്‌നാടിനായി.
മുല്ലപ്പെരിയാര്‍ കേസ് ശരിയായി നടത്താന്‍ കേരളത്തിനായില്ലെന്നതിന്റെ ഒരു ഉദാഹരണമാണിത്. ഇതുകൂടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന് സ്ഥാപിക്കാന്‍ ഡല്‍ഹി, റൂര്‍ക്കി ഐ ഐ ടികളില്‍ നിന്നു വിദഗ്ധരെ കൊണ്ടുവന്ന് പഠനം നടത്തിയത് കേരളം ചെയ്ത മറ്റൊരു മണ്ടത്തരമായി. കേസ് സുപ്രീം കോടതിയില്‍ നിലനില്‍ക്കെ, 2006 ഫെബ്രുവരിയില്‍ 142 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ത്തുന്നതിന് സുപ്രീം കോടതി വിധി നിലനില്‍ക്കുമ്പോള്‍, തമിഴ്‌നാടിനോടോ സുപ്രീം കോടതിയോടോ അനുവാദം വാങ്ങാതെ കേരളം സ്വന്തം ഇഷ്ടപ്രകാരം പണമിറക്കി നടത്തിയ ഇത്തരമൊരു പഠനം എതിര്‍ കക്ഷിയോ സുപ്രീം കോടതിയോ സ്വീകരിക്കുമോ? ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഏര്‍പ്പാടായിരുന്നുവെന്ന് വളരെ വ്യക്തമായിരുന്നു. ഇത് കൂടാതെയായിരുന്നു പുതിയ ഡാം നിര്‍മാണം. ‘പുതിയ ഡാമും പുതിയ കരാറും’ തമിഴ്‌നാട് സ്വീകരിക്കില്ലെന്ന് ഉറപ്പുള്ളപ്പോഴാണ് കേരള നിയമസഭ ഈ തീരുമാനമെടുക്കുന്നത്.
ഡാം സുരക്ഷിതമാണെന്നും 142 അടിയിലേക്ക് ഉയര്‍ത്താമെന്നും കേന്ദ്ര ജല കമ്മീഷന്‍ വ്യക്തമാക്കുകയും അതിന്റെ വെളിച്ചത്തില്‍ 2006ല്‍ സുപ്രീം കോടതി 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുവാദം നല്‍കുകയും ചെയ്ത ഒരു ഘട്ടത്തില്‍ പുതിയ ഡാം നിര്‍ദേശം എന്തിന് തമിഴ്‌നാട് സ്വീകരിക്കണം? കേരളം കേസ് നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും വേണ്ടത്ര ഹോം വര്‍ക്ക് നടത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു.
തമിഴ്‌നാടിന് വെള്ളം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍, ഡാം സുരക്ഷയെന്ന പ്രശ്‌നത്തില്‍ ജനങ്ങളെ പറ്റിക്കുകയും വേണം. ഇതായിരുന്നു കേരളത്തിന്റെ അടവ് നയം. പെരിയാറിലെ വെള്ളത്തിന്റെ അളവ്, ഡാമിന്റെ സുരക്ഷ തുടങ്ങി സുപ്രീം കോടതിയിലും വിവിധ കമ്മീഷനുകളിലും തമിഴ്‌നാട്ടുകാരായ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന കേന്ദ്ര ജല കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ കേരളം പൂര്‍ണമായി വിശ്വസിച്ചു. അതല്ലാതെ കേരളം സ്വന്തമായി നദികളുടെ ഒഴുക്കിനെക്കുറിച്ച് ഗഹനവും കൃത്യവുമായ പഠനങ്ങള്‍ നടത്താന്‍ മടി കാണിച്ചിരുന്നു എന്നതാണ് സത്യം. ധാരാളം ജലം സംസ്ഥാനത്തിന് ഉണ്ടെന്ന അവകാശവാദത്തിലായിരുന്നു സംസ്ഥാനം. ഇന്നും ഏതൊക്കെ വഴിയിലൂടെ കേരളത്തിന്റെ ജലം തമിഴ്‌നാട് ചോര്‍ത്തിക്കൊണ്ടുപോകുന്നുണ്ടെന്നതിന് യാതൊരു കണക്കുമില്ല. കേരളത്തിന്റെ നദികളില്‍ നിന്നും തമിഴ്‌നാട് കണക്ക് പറഞ്ഞ് വെള്ളം ആവശ്യപ്പെടുന്നതുപോലെ കേരള ഭാഗത്ത് നിന്ന് അത്ര ഉത്സാഹവും ശാസ്ത്രീയ പഠനങ്ങളും ഇല്ല എന്നത് ഖേദകരമാണ്. പറമ്പിക്കുളം- അളിയാര്‍, പമ്പ- അച്ചന്‍കോവില്‍- വൈപ്പാര്‍ ലിങ്ക്, കബനീ നദിത്തടം എന്നിവിടങ്ങളില്‍ നിന്നും നെയ്യാര്‍ ഡാമില്‍ നിന്നും വെള്ളത്തിനുള്ള തമിഴ്‌നാടിന്റെ അവകാശവാദം തുടങ്ങിയവ കേരളത്തിന്റെ കഴിവുകേടാണ് ചൂണ്ടിക്കാട്ടുന്നത്. വേണ്ടവിദം ഇതൊന്നും പ്രതിരോധിക്കാന്‍ നമുക്ക് ആകുന്നില്ല. കഴിഞ്ഞ 20 വര്‍ഷത്തോളമായി ജലസേചന വകുപ്പിലെ ഗവേഷണ വിഭാഗത്തിന്റെ പഠന റിപ്പോര്‍ട്ടുകള്‍ക്ക് കടലാസിന്റെ വില പോലുമില്ല. ഇതില്‍ പലതും അശാസ്ത്രീയവും മുറിയിരുന്ന് ഉണ്ടാക്കിയതുമാണ്. ഒരു കാലത്ത് കേരളത്തിന്റെ ജലസമ്പത്തിന്റെ വ്യക്തവും ശാസ്ത്രീയവുമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കി കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും പദ്ധതികള്‍ ഉണ്ടാക്കുന്നതിനും ജല ഉപയോഗങ്ങള്‍ക്ക് വ്യക്തമായ ബജറ്റ് ഉണ്ടാക്കുന്നതിനുമെല്ലാം ഉപയോഗിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം ഇന്ന് ഇവതാളത്തിലാണ്. നദികളിലെ ഗവേഷണം തന്നെ അധിക ചെലവായി കണക്കാക്കുന്ന ഒരു ഭരണകൂടം!. അതുകൊണ്ട് തന്നെ അന്തര്‍ സംസ്ഥാന ജല തര്‍ക്കങ്ങളും ജലം പങ്ക് വെക്കലും മറ്റുമായി പ്രശ്‌നങ്ങള്‍ വരുമ്പോള്‍ കേരളത്തിന് മിഴിച്ചു നില്‍ക്കാനേ കഴിയുന്നുള്ളൂ. ഒരു കാലത്ത് കോടതികളില്‍ ബോധിപ്പിക്കുന്ന സത്യവാങ്മൂലങ്ങള്‍ കേരളത്തന് തന്നെ തിരിച്ചടിയാകുന്ന അവസ്ഥയാണിന്നുള്ളത്.
സുപ്രീം കോടതി വിധി വന്നതു മുതല്‍ തമിഴ്‌നാട് വളരെ ജാഗ്രത തുടങ്ങിക്കഴിഞ്ഞു. ഇതിനകം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടി ആക്കാനുള്ള തന്ത്രങ്ങള്‍ക്ക് അവര്‍ രൂപം നല്‍കിക്കഴിഞ്ഞിരിക്കും. കബനി നദിയില്‍ നിന്ന് അധികജലം ഇപ്പോള്‍ തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. ഭരണം വെറും കുട്ടിക്കളിയല്ലെന്നും വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ ഈ രംഗത്ത് വരേണ്ടതിന്റെ ആവശ്യവും മലയാളികള്‍ക്ക് ഇനിയും ബോധ്യപ്പെടണം. കേരളത്തിന് ഏറ്റവും വലിയ ആഘാതമാണ് മുല്ലപ്പെരിയാറിലെ സുപ്രീം കോടതി വിധി. എല്ലാ ധൈര്യവും നഷ്ടപ്പെട്ട് കരയാന്‍ പോലും കഴിയാത്ത ഒരു ജനത മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തഴെ ജീവിക്കുന്ന കാര്യം പോലും കേരള സര്‍ക്കാര്‍ മറന്നിരിക്കുന്നു. നമ്മുടെ വെള്ളം, നമ്മുടെ അണക്കെട്ട്. അവകാശം തമിഴ്‌നാടിന്. കാലപ്പഴക്കത്തില്‍ അണക്കെട്ട് പൊട്ടുമെന്ന ഭീതിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെ കുറേ മനുഷ്യര്‍. ഇനി കാലവര്‍ഷം കനക്കുമ്പോള്‍ ഭീതിയില്‍ കഴിയേണ്ടിവരുന്ന ജനതക്ക് തമിഴ്‌നാട് സര്‍ക്കാര്‍ കനിഞ്ഞാല്‍ മാത്രം ഭീതിയകറ്റാനാകും. ഇങ്ങനെയൊരു കേരള ഭരണം ആര്‍ക്ക് വേണ്ടി? പുതിയ ഡാമെന്നും പുതിയ കരാറെന്നും പറഞ്ഞ് പറ്റിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ മുല്ലപ്പെരിയാറിലെ നയം ഇനിയെങ്കിലും മറ്റണം.