Connect with us

Ongoing News

ഫെര്‍ഡിനാന്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട ചൊല്ലി

Published

|

Last Updated

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് പ്രതിരോധ നിര താരം റിയോ ഫെര്‍ഡിനാന്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബിനോട് വിട പറഞ്ഞു. പരുക്കുകള്‍ നിരന്തരം വേട്ടയാടിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഫെര്‍ഡിനാന്‍ഡിന് കാര്യമായി മൈതാനത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ജൂലൈയില്‍ താരത്തിന്റെ കരാര്‍ ക്ലബ് നീട്ടിയിരുന്നു. നീണ്ട പന്ത്രണ്ട് വര്‍ഷത്തെ മാഞ്ചസ്റ്റര്‍ ജീവിതത്തിനാണ് പ്രതിരോധത്തിലെ ശക്തിദുര്‍ഗ്ഗമായിരുന്ന താരം വിരാമമിടുന്നത്.
തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഫെര്‍ഡിനാന്‍ഡ് ക്ലബിനോട് വിട പറയുന്ന കാര്യം വെളിപ്പെടുത്തിയത്.
“കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാന്‍ ഭാവിയെ കുറിച്ച് നിരന്തരം ചിന്തിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബിനായി കളിക്കാനിറങ്ങാന്‍ തുടങ്ങിയട്ട് മനോഹരമായ പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇപ്പോള്‍ പിന്‍വാങ്ങാന്‍ അനുയോജ്യമായ സമയമാണെന്ന് എനിക്ക് തോന്നുന്നു.”- വെബ്‌സൈറ്റില്‍ വിരമിക്കുന്ന കാര്യം അറിയിച്ച് ഫെര്‍ഡിനാന്‍ഡ് പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറഞ്ഞു.
2002ലാണ് ഫെര്‍ഡിനാന്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയത്. കഴിഞ്ഞ ദിവസം സതാംപ്ടണുമായുള്ള പ്രീമിയര്‍ ലീഗിലെ ഫൈനല്‍ പോരാട്ടത്തിലാണ് ഫെര്‍ഡിനാന്‍ഡ് ക്ലബിനായുള്ള തന്റെ അവസാന മത്സരത്തിനിറങ്ങിയത്. മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചു. പരുക്ക് വേട്ടയാടിതിനെ തുടര്‍ന്ന് ഈ സീസണില്‍ യുനൈറ്റഡിനായി 14 മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് ഇറങ്ങാന്‍ സാധിച്ചത്.
ഫെര്‍ഡിയുടെ വിടവാങ്ങലോടെ സമ്മോഹനമായ ഒരു കാലത്തിനാണ് തിരശ്ശീല വീഴുന്നത്. 12 വര്‍ഷത്തെ ക്ലബ് ജീവിതത്തില്‍ ആറ് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, രണ്ട് ലീഗ് കപ്പ്, ഒരു ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങളിലും താരം പങ്കാളിയായി. ക്ലബിനായി 454 മത്സരങ്ങള്‍ കളിച്ച് എട്ട് ഗോളുകളും നേടി. ഇംഗ്ലണ്ടിനായി 81മത്സരങ്ങളില്‍ അദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്.
യുനൈറ്റഡിനോട് വിട പറഞ്ഞെങ്കിലും സജീവ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. മറ്റൊരു ക്ലബിലേക്ക് ചേക്കേറാന്‍ താരം പദ്ധതിയിടുന്നുണ്ട്.
ഫെര്‍ഡിനാന്‍ഡിന്റെ തീരുമാനം ക്ലബ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫെര്‍ഡിയുടെ സേവനങ്ങള്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹത്തിന്റെ ഭാവി കൂടുതല്‍ ശോഭനമാകട്ടെയെന്നും ക്ലബ് അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest