ഇസ്‌റാഈല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മര്‍ട്ടിന് ആറ് വര്‍ഷം തടവ്‌

Posted on: May 14, 2014 5:37 am | Last updated: May 14, 2014 at 12:38 am

MIDEAST_ISRAEL_OLM_1891418fടെല്‍അവീവ്: അഴിമതിക്കേസില്‍ മുന്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മര്‍ട്ടിന് ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷയും ആറ് ലക്ഷം ഡോളര്‍ പിഴയും. ഒരു ഈസ്‌റാഈല്‍ കോടതിയാണ് ജറൂസലം മേയറായിരിക്കുന്ന സമയത്ത് നടത്തിയ രണ്ട് അഴിമതി കേസുകളുടെ പേരില്‍ ഇദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. കുറ്റാരോപിതനാകുകയും അതിന്റെ പേരില്‍ ജയില്‍ ശിക്ഷക്ക് വിധേയനാകുകയും ചെയ്യുന്ന ആദ്യ ഇസ്‌റാഈല്‍ പ്രധാനമന്ത്രിയാണ് 68കാരനായ യഹൂദ് ഒല്‍മര്‍ട്ട്.
ഭീമമായ തുക അനധികൃതമായി നേടിയെടുത്തതായും തന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉന്നത പദവി ദുരുപയോഗം ചെയ്തതായും അമ്പത് പേജുള്ള കുറ്റപത്രം വായിക്കുന്നതിനിടെ ടെല്‍അവീവ് ജില്ലാ കോടതി ജഡ്ജി ഡേവിഡ് റോസന്‍ ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷം നീണ്ടുനിന്ന വിചാരണാ നടപടികള്‍ക്കൊടുവില്‍ കഴിഞ്ഞ മാര്‍ച്ച് 31ന് യഹൂദും മറ്റു ചിലരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പണത്തിന് വേണ്ടി തെക്ക്പടിഞ്ഞാറന്‍ ജറൂസലമില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപരമായ തടസ്സം യഹൂദ് ഉന്നയിച്ചതായി വ്യക്തമായിരുന്നു. അതേസമയം, അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ജയിലിലേക്കയക്കുന്നതിന് മുമ്പ്, യഹൂദ് ഒല്‍മര്‍ട്ടിന്റെ വക്താക്കള്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി കേസായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. 2000 മുതല്‍ 2005 വരെ ജറൂസലം മുനിസിപ്പാലിറ്റിയുടെ ചീഫ് എന്‍ജിനീയറായിരുന്ന ഉറി ശിര്‍തിക്കാണ് അഴിമതിയിലൂടെ പണം വാങ്ങി എന്ന കുറ്റത്തിന് ഏറ്റവും കഠിന ശിക്ഷ ലഭിച്ചത്. ഏഴ് വര്‍ഷത്തെ കഠിന തടവിനാണ് കോടതി ഇയാളെ ശിക്ഷിച്ചിരിക്കുന്നത്.
താന്‍ നേരിട്ടോ അല്ലാതെയോ അഴിമതി പണം സ്വീകരിച്ചിട്ടില്ലെന്ന് യഹൂദ് ഒള്‍മര്‍ട്ട് വാദിച്ചു. തന്റെ സഹോദരന്‍ പണം സ്വീകരിച്ച കാര്യം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ ഇദ്ദേഹത്തിന്റെ ന്യായങ്ങളെല്ലാം കോടതി തള്ളിക്കളയുകയായിരുന്നു. 2006 മുതല്‍ 2009 വരെയാണ് യഹൂദ് ഒള്‍മര്‍ട്ട് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയായിരുന്നത്. കേസിനാസ്പദമായ സംഭവം നടക്കുന്ന1993- 2003 വര്‍ഷങ്ങളില്‍ ജറുസലേമിലെ മേയറായിരുന്നു യഹൂദ്. അഴിമതി കേസ് വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. ഫലസ്തീനിയന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കവെയായിരുന്നു ഈ രാജി.