കനത്ത മഴ: ജില്ലയില്‍ നഷ്ടം 10 കോടി കവിഞ്ഞു

Posted on: May 9, 2014 1:17 am | Last updated: May 9, 2014 at 1:17 am

കല്‍പ്പറ്റ: വേനല്‍ മഴയില്‍ ജില്ലയില്‍ വീടുകള്‍ക്കും കൃഷിക്കും കനത്ത നാശനഷ്ടമാണുണ്ടായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ വൈകുന്നേരം വരെ ആകെ 10,15,98,496 രൂപയുടെ നാശനഷ്ടം ഉണ്ടായതാണ് കണക്ക്. ജില്ലയിലെ 32 വില്ലേജുകളില്‍ വേനല്‍ മഴമൂലം നാശനഷ്ടം സംഭവിച്ചു.
ഏകദേശം 500 ഹെക്ടര്‍ ഭൂമിയിലെ കൃഷി മഴ മൂലം നശിച്ചു. 9,47,02,875 രൂപയാണ് ഇതിലൂടെ നഷ്ടം വന്നത്. ആകെ 779 വീടുകളാണ് വേനല്‍ മഴയില്‍ തകര്‍ന്നത്. ഇതില്‍ 12 വീടുകള്‍ പൂര്‍ണ്ണമായും 767 എണ്ണം ഭാഗികമായും നശിച്ചു. 68,95,621 രൂപയാണ് ഇവയുടെ നഷ്ടം.
തൃക്കൈപ്പറ്റയിലെ ടി.പി തമ്പാന്‍, ആരോഗ്യസ്വാമി എന്നിവരുടെ വീടുകള്‍ ഭാഗീകമായി തകര്‍ന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു കടയും, നാലു വീടുകളും ഭാഗീകമായി തകരുകയുണ്ടായി. ചുള്ളിയോട് പി.ഡബ്ല്യൂ.ഡിയുടെ അധീനതയിലുള്ള മരം വീണ് ടൗണിലെ ഒരു കട തകര്‍ന്നു.
ചീരാല്‍ വില്ലേജിലെ ശിവരാമന്‍ കല്ലുംങ്കര, അബ്ദുല്ല മുച്ചച്ചംകര, രാജാമണി ഉമ്മറത്ത്, രാജന്‍ അതിരാറ്റുകുന്ന് എന്നിവരുടെ വീടുകളാണ് ഭാഗീകമായി തകര്‍ന്നത്. ഇന്നലെ മാനന്തവാടി താലൂക്കില്‍ വീടുകള്‍ക്കോ, മറ്റോ തകരാറുകള്‍ സംഭവിച്ചിട്ടില്ല. മാനന്തവാടി എം ജി എം ഹൈസകൂളിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് പുത്തന്‍പുരക്കല്‍ മാനുവലിന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. വൈകിട്ട് നാല് മണിയോടെയാണ് സംഭവം, സമീപത്തെ വീടിനും ഭീഷണിയായിട്ടുണ്ട്.
ഇന്നലെ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 13.67 മി.മീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ മൂന്ന് താലൂക്ക് ഓഫീസുകളിലും ജില്ലാ കലക്ടറേറ്റിലും കണ്‍ട്രോള്‍ റൂം തുറന്നതായി ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.ഫോണ്‍ നമ്പറുകള്‍ : കലക്ടറേറ്റ് – 04936-202251, സുല്‍ത്താന്‍ ബത്തേരി – 220296, വൈത്തിരി – 255229, മാനന്തവാടി – 04935-240231.