Connect with us

National

തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടി ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദി മത്സരിക്കുന്ന മണ്ഡലമായ വാരാണ സിയില്‍ റാലി നടത്താന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലും വാരാണാസിയിലും ബി ജെ പിയുടെ പ്രതിഷേധ സമരം. രാഹുല്‍ ഗാന്ധിക്ക് പ്രകടനത്തിന് അനുമതി നല്‍കിയ വരണാധികാരി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് മോദി ആരോപിച്ചു. വരണാധികാരിയെ മാറ്റണമെന്നാണ് ബി ജെ പിയുടെ ആവശ്യം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശങ്ങളാണ് മോദി ഉന്നയിച്ചത്.

വാരാണസിയില്‍ നടന്ന ധര്‍ണക്ക് അരുണ്‍ ജെയ്റ്റ്‌ലിയും അമിത്ഷായും നേതൃത്വം നല്‍കി. വരണാധികാരിയുടെ തീരുമാനം വിവേചനപരമാണെന്നും അദ്ദേഹത്തെ മാറ്റണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ധര്‍ണ ആവശ്യപ്പെട്ടു. ബനാറസ് ഹിന്ദു സര്‍വകലാശാലക്ക് പുറത്താണ് ധര്‍ണ സംഘടിപ്പിച്ചത്. ഡല്‍ഹിയിലും ബി ജെ പി പ്രതിഷേധം സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കായിരുന്നു റാലി. മുതിര്‍ന്ന നേതാവ് വെങ്കയ്യ നായിഡു റാലി നയിച്ചു.
മോദിയുടെ റാലി തടഞ്ഞ ജില്ലാ മജിസ്‌ട്രേറ്റിനെ മാറ്റണമെന്നും സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉച്ചക്ക് രണ്ടരയോടെ വാരാണസിയില്‍ ധര്‍ണ നടക്കുമ്പോള്‍ ബി ജെ പി സംഘം ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.
സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മോദിയുടെ പരിപാടികള്‍ക്ക് അനുമതി നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് ചില പരിപാടികള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, അനുമതി വൈകിയതില്‍ പ്രതിഷേധിച്ച് പരിപാടികളിലൊന്നും പങ്കെടുക്കേണ്ടെന്ന നിലപാടിലാണ് ബി ജെ പി. സമരം അക്രമാസക്തമാകരുതെന്ന് പ്രവര്‍ത്തകരോട് മോദി ട്വിറ്ററിലൂടെ നിര്‍ദേശം നല്‍കിയിരുന്നു.
ഗംഗാ മാതാവിനെ പ്രണമിക്കുന്ന ഗംഗാ ആരതിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ടെന്നും മോദി ഇന്ന് ട്വിറ്ററില്‍ കുറിച്ചു. തനിക്ക് രാഷ്ട്രീയത്തേക്കാള്‍ പ്രധാനം ഗംഗാ മാതാവാണെന്നും മോദിയുടെ ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ പുണ്യ നഗരമായ വാരണാസിയിലെ വോട്ടുകള്‍ സമാഹരിക്കാനുള്ള മോദിയുടെ തന്ത്രമാണ് ഇതെന്ന ആരോപണവും ഉയരുന്നുണ്ട്.
അതിനിടെ ബി ജെ പിയുടെ ധര്‍ണക്കെതിരെ കോണ്‍ഗ്രസും എ എ പിയും രംഗത്ത് വന്നിരുന്നു. നിരാശയില്‍ നിന്ന് ഉടലെടുത്ത നാടകമാണ് ധര്‍ണയെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. എ എ പി നടത്തിയ ധര്‍ണയെ പരിഹസിച്ചവര്‍ ഇപ്പോള്‍ ധര്‍ണ നടത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് എ എ പി വക്താവ് മനീഷ് സിസോദിയ പറഞ്ഞു. വാരാണാസിയിലെ ജില്ലാ ഭരണകൂടം പ്രവര്‍ത്തിക്കുന്നത് ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരമാണെന്ന് അമിത് ഷാ ആരോപിച്ചു. തങ്ങളുടെ പ്രവര്‍ത്തകര്‍ ശാന്തമായാണ് ധര്‍ണ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കാശ്മീരിലും മാവോയിസ്റ്റ് പ്രദേശങ്ങളിലും റാലി അനുവദിക്കുമ്പോള്‍ വാരാണസിയില്‍ മാത്രം എന്താണ് കുഴപ്പമെന്ന് അരുണ്‍ ജെയ്റ്റ്‌ലി ചോദിച്ചു. വാരാണസിയില്‍ സംഘര്‍ഷം കണക്കിലെടുത്ത് ദ്രുത കര്‍മ സേനയെ നിയോഗിച്ചിരുന്നു.

---- facebook comment plugin here -----

Latest