വൃദ്ധയെ വധിക്കാന്‍ ശ്രമിച്ചെന്ന് പരാതി

Posted on: May 8, 2014 6:27 am | Last updated: May 8, 2014 at 3:27 pm

കുറ്റിയാടി: കായക്കൊടി മുണ്ട്യോട്ട് എഴുപത് വയസ്സുകാരിയെ വധിക്കാന്‍ ശ്രമിച്ചെന്ന് പരാതി. മുണ്ട്യോട്ടുമ്മല്‍ പാത്തുവിനെയാണ് രണ്ടംഗ സംഘം വധിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. എന്നാല്‍ പരാതി നല്‍കിയെങ്കിലും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് മടികാണിക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.
രണ്ട് പെണ്‍മക്കളോടൊപ്പം മലയോരത്ത് താമസിക്കുന്ന വിധവയായ പാത്തു വീടിനടുത്ത് നില്‍ക്കുമ്പോള്‍ പ്രദേശവാസികളായ പുലക്കുന്നത്ത് അനൂപ്, വിഷ്ണു എന്നിവര്‍ കഴുത്തിന് പിടിക്കുകയും നിലത്ത് തള്ളിയിട്ട് വാക്കത്തികൊണ്ട് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. അനൂപിന്റെ പറമ്പില്‍ കുപ്പിച്ചില്ല് ഇട്ടുവെന്ന കാരണം പറഞ്ഞാണ് ഇവരെ കൊല്ലാന്‍ ശ്രമിച്ചതത്രെ. ബഹളംകേട്ട് മകള്‍ ഓടിവന്നതിനാലാണ് പാത്തു രക്ഷപ്പെട്ടതെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പാത്തുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തൊട്ടില്‍പ്പാലം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍ പിന്നീട് സ്റ്റേഷനിലെത്തി കേസിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും പ്രതികളെ പിടിക്കാന്‍ പോലീസ് താത്പര്യം കാണിക്കുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത പാത്തുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.