മലേഷ്യന്‍ വിമാനം: തിരച്ചില്‍ ഏറ്റവും ദുര്‍ഘടമായ ഘട്ടത്തിലേക്ക്

Posted on: May 5, 2014 11:34 pm | Last updated: May 5, 2014 at 11:34 pm

ക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ രണ്ട് മാസം പിന്നിട്ടതോടെ, തിരിച്ചിലില്‍ ഇതുവരെ കണ്ടെത്തിയ വിവരങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ അന്താരാഷ്ട്ര വിദഗ്ധരടങ്ങിയ സംഘത്തിന്റെ തീരുമാനം. നിലവില്‍ തിരച്ചില്‍ നടത്തുന്ന വിവിധ സംഘങ്ങള്‍ വിമാനം വീണുകിടക്കുന്ന ഭാഗത്തു തന്നെയാണോ തിരച്ചില്‍ നടത്തുന്നതെന്ന് ഉറപ്പിക്കാന്‍ ലക്ഷ്യം വെച്ചാണ് ഈ നീക്കം. വിമാനത്തിന് വേണ്ടിയുള്ള തിരിച്ചിലിന്റെ ഏറ്റവും ദുര്‍ഘടമായ ഘട്ടത്തിലേക്കാണ് ഇപ്പോള്‍ പ്രവേശിക്കുന്നതെന്നും സംഘം വ്യക്തമാക്കി. ഈ ആവശ്യത്തിനായി മലേഷ്യ, ചൈന, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധര്‍ കാന്‍ബറെയില്‍ കൂടിക്കാഴ്ച നടത്തി. വെള്ളത്തിനടിയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളുടെ സഹായത്തോടെ വിപുലമായി സമുദ്രത്തില്‍ തിരച്ചില്‍ നടത്താനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വലിയൊരു ഭാഗം തിരച്ചിലിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ പരിശോധന നടത്തിക്കഴിഞ്ഞു. പക്ഷേ ഇതുവരെയും വ്യക്തമായ സൂചനകളൊന്നും വിമാനത്തെ കുറിച്ച് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. സാറ്റലൈറ്റ്, റഡാര്‍ സംവിധാനങ്ങളുപയോഗിച്ച്, വിമാനം സഞ്ചരിക്കാന്‍ സാധ്യതയുള്ള സമുദ്ര പ്രദേശങ്ങളിലാണ് ഇപ്പോള്‍ തിരച്ചില്‍ പുരോഗമിക്കുന്നത്. 46 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ ഇപ്പോള്‍ തിരച്ചില്‍ നടത്തിക്കഴിഞ്ഞെങ്കിലും വിമാനത്തിന്റെതെന്ന് കരുതപ്പെടാവുന്ന ചെറിയ അവശിഷ്ടം പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതുവരെ നടത്തിയ അന്വേഷണങ്ങളൊക്കെ ശരിയായ ദിശയിലായിരുന്നുവെന്നും ഇതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും കൂട്ടിക്കിഴിക്കലുകള്‍ ശരിയായി മുന്നോട്ട് പോകുകയാണെന്നും തിരച്ചിലിന് നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തിലെ മേധാവി ആന്‍ഗൂസ് ഹൂസ്റ്റണ്‍ പറഞ്ഞു.
മാര്‍ച്ച് എട്ടിന് ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിനലേക്ക് പറന്ന വിമാനം കാണായതുമുതല്‍ ഇതുസംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയിലാണെങ്കിലും തങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഇതുവരെ ഫലം കണ്ടെത്താനായിട്ടില്ലെന്ന് ആസ്‌ത്രേലിയന്‍ ഗതാഗത മന്ത്രി വാറണ്‍ ട്രസ് ചൂണ്ടിക്കാട്ടി.