മുല്ലക്കല്‍ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ ഒരാള്‍കൂടി പോലീസില്‍ കീഴടങ്ങി

Posted on: May 4, 2014 8:10 am | Last updated: May 4, 2014 at 8:10 am

ചിറ്റൂര്‍: മുല്ലക്കല്‍ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ ഒരാള്‍ കൂടി പോലീസില്‍ കീഴടങ്ങി. മുല്ലക്കല്‍ ചിറ്റ്‌സ് ഫണ്ട് എന്ന സ്വകാര്യ കമ്പനിയിലെ ജനറല്‍ മാനേജര്‍ എറണാകുളം ചെറായ് കരുപ്പടന്നയില്‍ കെ പി സാബു(48) ആണ് കഴിഞ്ഞ ദിവസം ചിറ്റൂര്‍ സി ഐ കെ എം പ്രവീണിനു മുന്നില്‍ കീഴടങ്ങിയത്. ഇതോടെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയിലായി. ചിട്ടി കമ്പനി മാനേജിംഗ് പാര്‍ട്ണര്‍ ഷെറിന്‍ ആന്റണിയെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. കമ്പനിയുടെ എം ഡി ആന്റണി കോശിയെ എറണാകുളത്ത് വച്ച് പോലീസ് പിടികൂടുകയും റീജനല്‍ മാനേജര്‍ പി നൗഷാദ് ചിറ്റൂര്‍ പോലീസില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.
2010 ഒക്‌ടോബറില്‍ ചിറ്റൂര്‍ ഗവ. കോളജിന് എതിര്‍വശത്ത് പ്രവര്‍ത്തനം ആരംഭിച്ച ചിട്ടികമ്പനി 2013 ഒക്‌ടോബറിലാണ് നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയത്. പിന്നീട് തട്ടിപ്പിന് ഇരയയായ 1125 പേര്‍ നല്‍കിയ പരാതിയില്‍ ഒരു കോടിയോളം രൂപ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ചിട്ടി കമ്പനിക്ക് സംസ്ഥാനത്ത് ഒന്‍പത് കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഇതില്‍ ഏറ്റവുമധികം തട്ടിപ്പ് നടത്തിയത് ചിറ്റൂരില്‍ നിന്നാണ്. വന്‍ തട്ടിപ്പ് നടത്തിയ ഹിമാലയ ചിട്ടി കമ്പനിയില്‍ ഡ്രൈവറായി പ്രവര്‍ത്തിച്ച പരിചയം കൊണ്ടാണ് ആന്റണി കോശി ചിട്ടി ആരംഭിക്കുന്നത്. പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ആന്റണി കോശി.
ചിട്ടി കമ്പനി അടച്ചുപൂട്ടുന്നതിന് ഒരു മാസം മുമ്പുതന്നെ ചിട്ടി ആവശ്യത്തിനായി ബേങ്കില്‍ നിക്ഷേപിച്ച തുക ഘട്ടംഘട്ടമായി പിന്‍വലിച്ചാണ് മുങ്ങിയത്. പിന്നീട് ഒളിവില്‍ പോയ സമ യത്ത്് ആഡംബര ജീവിതത്തിലൂടെ കൈവശമുണ്ടായിരുന്ന തുക ചെലവഴിക്കുകയും ചെയ്തിരുന്നു. നവംബര്‍ 17ന് ആന്റണി കോശിയെ എറണാകുളത്ത് വെച്ച് പിടികൂടുമ്പോള്‍ കൈവശമുണ്ടായിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ നവംബര്‍ ഏഴിന് തന്നെ കോഴിക്കോട് സ്വദേശി മനോഹരന്റെ പേരില്‍ വാഹനം കൈമാറ്റം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മനോഹരന്‍ പോലീസ് സ്‌റ്റേഷനിലെത്തിയതറിഞ്ഞ് ചിട്ടി തട്ടിപ്പിന് ഇരയായവരും പോലീസ് സ്‌റ്റേഷനിലെത്തിയത് ബഹളത്തിന് ഇടയാക്കിയിരുന്നു. ചിട്ടി തട്ടിപ്പ് നടത്തി ഒരു കോടി രൂപയോളം ഇടപാടുകാരെ വഞ്ചിച്ച ആന്റണി കോശിക്ക് ചിട്ടിയില്‍ നിന്ന് തിരികെ പിരിഞ്ഞുകിട്ടാനുള്ളത് 20 ലക്ഷത്തോളം രൂപ മാത്രമാണ്.