Connect with us

Ongoing News

ദൂരദര്‍ശന്‍ വിവാദം കത്തിച്ച് നരേന്ദ്ര മോദി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക പത്ര സ്വാതന്ത്ര്യ ദിനത്തില്‍ ദൂരദര്‍ശന്‍ വിവാദം കത്തിച്ച് നരേന്ദ്ര മോദി. കൃത്യമായ മറുപടിയുമായി സര്‍ക്കാറും. ദൂരദര്‍ശന്‍ വാര്‍ത്താ ചാനല്‍ മോദിയുടെ അഭിമുഖത്തിന്റെ ഒരു ഭാഗം എഡിറ്റ് ചെയ്തത് സംബന്ധിച്ച വിവാദം അടങ്ങും മുമ്പാണ് മോദി ദൂരദര്‍ശനില്‍ തൊഴില്‍പരമായ സ്വാതന്ത്ര്യമില്ലെന്ന വാദവുമായി രംഗത്തെത്തിയത്. ദൂരദര്‍ശനില്‍ ഇപ്പോഴും തൊഴില്‍പരമായ സ്വാതന്ത്ര്യമില്ലെന്നത് തന്നെ ദുഃഖിപ്പിക്കുന്നുവെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. പ്രൊഫഷനല്‍ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ദൂരദര്‍ശന്‍ പാടുപെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ മോദിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി തിരിച്ചടിച്ചു. പ്രസാര്‍ ഭാരതിയുമായി തന്റെ മന്ത്രാലയത്തിന് കൈയകലത്തിലുള്ള ബന്ധമാണ് ഉള്ളത്. ഒരിക്കലും അതിനെ നിയന്ത്രിക്കുന്നില്ല. പാര്‍ലിമെന്റ് പാസ്സാക്കിയ നിയമം അനുശാസിക്കുന്ന സ്വയംഭരണാവകാശം ദൂരദര്‍ശന് നല്‍കുന്നുണ്ടെന്നും തിവാരി പറഞ്ഞു. ദൂരദര്‍ശനില്‍ മോദിയുടെ അഭിമുഖം എഡിറ്റ് ചെയ്ത് സംപ്രേക്ഷണം ചെയ്തതില്‍ മന്ത്രാലയത്തിന്റെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1990ലെ പ്രസാര്‍ഭാരതി നിയമത്തിന്റെ പരിധിയിലാണ് ആകാശവാണിയും ദൂരദര്‍ശനും പ്രവര്‍ത്തിക്കുന്നത്. ഉദാരവത്കരണത്തിന് മുമ്പ് ഇത് കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു.
മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ജനാധിപത്യസമൂഹത്തില്‍ അനിവാര്യമാണ്. അടിയന്തരാവസ്ഥ കാലത്ത് രാജ്യം അത് കണ്ടു. ഇനിയും അത് ആവര്‍ത്തിച്ച് കൂടാ- മോദി ട്വീറ്റ് ചെയ്യുന്നു. പ്രിയങ്ക ഗാന്ധി തനിക്ക് മകളെപ്പോലെയാണ് തുടങ്ങിയ പരാമര്‍ശങ്ങളാണ് ദുരദര്‍ശന്‍ അഭിമുഖത്തില്‍ നിന്ന് എഡിറ്റ് ചെയ്ത് മാറ്റിയത്.