Connect with us

Articles

ദാരിദ്ര്യം ആസൂത്രണപ്പിഴവിന്റെ പരിണതി

Published

|

Last Updated

രാജ്യത്ത് ദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്ന ആസൂത്രണ കമ്മീഷന്റെ അവകാശവാദത്തിന് തിരിച്ചടിയാണ് ലോക ബേങ്കും അന്താരാഷ്ട്ര നാണയനിധിയും ചേര്‍ന്നു നടത്തിയ പുതിയ പഠന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. ഇന്ത്യന്‍ ജനതയില്‍ മൂന്നിലൊന്നു പേരും ദരിദ്രരാണെന്നും ആഗോള തലത്തില്‍ കൂടുതല്‍ പരമ ദരിദ്രര്‍ ഇന്ത്യയിലാണെന്നും ജനസംഖ്യ അടിസ്ഥാനമാക്കി സംഘടിപ്പിച്ച പഠനം കാണിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈ അവസാനത്തില്‍ ആസൂത്രണ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2011-12 വര്‍ഷത്തില്‍ രാജ്യത്തെ ദരിദ്രരുടെ ശതമാനം 21.9 മാത്രമാണ്. 26.93 കോടി പേരാണ് ഇന്ത്യയില്‍ ദാരിദ്ര്യ രേഖക്ക് താഴെ ജീവിക്കുന്നതെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. 2004-05 വര്‍ഷത്തില്‍ ഇത് 37.2 ശതമാനമായിരുന്നുവെന്നും ഏഴ് വര്‍ഷം കൊണ്ട് ദരിദ്രരുടെ എണ്ണം 15.3 ശതമാനം കുറഞ്ഞുവെന്നും കമ്മീഷന്‍ അവകാശപ്പെടുകയുണ്ടായി. ലോക ബേങ്കിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വിലയിരുത്തുമ്പോള്‍ ആസൂത്രണ കമ്മീഷന്റെത് സര്‍ക്കാറിനു വേണ്ടി തട്ടിപ്പടച്ചുണ്ടാക്കിയതാകാനാണ് സാധ്യത.
അതേസമയം ചൈനയിലെ ഗവേഷണ സ്ഥാപനമായ ഹരുണ്‍സിന്റെ ഏറ്റവും പുതിയ പഠന പ്രകാരം ശതകോടീശ്വരന്‍മാരുടെ എണ്ണക്കൂടുതലില്‍ ലോകത്തെ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് 70 ശതകോടീശ്വരന്‍മാരുണ്ട്. റിലയന്‍സ് ചെയര്‍മാന്‍ അംബാനിക്കാണ് ഈ ഗണത്തില്‍ ഒന്നാം സ്ഥാനം.1,30,200 കോടി രൂപയുടെ സ്വത്തിന്റെ ഉടമയാണ് അദ്ദേഹം. ലക്ഷ്മി എന്‍ മിത്തലിന് 99,200 കോടി രൂപയുടെയും ദലീപ് സാംഗ്‌വിക്ക് 86,180 കോടിയുടെയും സമ്പാദ്യമുണ്ട്. ഇന്ത്യയിലെ സമ്പന്നര്‍ സ്വിസ് ബേങ്കില്‍ നിക്ഷേപിച്ച കള്ളപ്പണം 78,62,400 കോടി കവിയുമെന്നതും ഇന്ത്യയിലെ വീടുകളില്‍ 18,000 ടണ്‍ സ്വര്‍ണം സൂക്ഷിപ്പുണ്ടെന്ന ആഗോള ഗവേഷണ സ്ഥാപനമായ മാക്വയറിന്റെ റിപ്പോര്‍ട്ടും ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ആഗോള സ്വര്‍ണ ശേഖരത്തിന്റെ 11 ശതമാനം വരുമിത്. ഇതിന്റെ മൂല്യമാകട്ടെ, 950 ബില്യണ്‍ (95,000 കോടി) ഡോളറും. ഏതാണ്ട് 48.5 ലക്ഷം കോടി രൂപ. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ പകുതിക്കു തുല്യമാണിത്. അമൂല്യ നിധിയായാണ് സ്വര്‍ണാഭരണ ശേഖരവും സ്വര്‍ണക്കട്ടികളുമൊക്കെ ഇന്ത്യന്‍ കുടുംബങ്ങള്‍ സൂക്ഷിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും വിറ്റ് പണമാക്കാതെ ഇത് അവര്‍ കൈവശം വെക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് അറുപത്തേഴ് വര്‍ഷമായി. ദാരിദ്ര്യം തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തോടെ അധികാരത്തിലേറിയ കഴിഞ്ഞ കാല സര്‍ക്കാറുകള്‍ക്ക് ഇക്കാര്യത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നാണ് രാജ്യത്തെ ദരിദ്രരുടെ വര്‍ധിതമായ എണ്ണം കാണിക്കുന്നത്. അതേസമയം ഏപ്രില്‍ ആദ്യത്തില്‍ പ്രസിദ്ധീകൃതമായ മറ്റൊരു ലോക ബേങ്ക് പഠനത്തില്‍ സാമ്പത്തിക അസ്ഥിരതകള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ടുകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഉയരുകയാണെന്ന് കാണിക്കുന്നുണ്ട്. വിദേശ നിക്ഷേപത്തിലെയും കയറ്റുമതിയിലെയും വര്‍ധനയും രൂപയുടെ മെച്ചപ്പെട്ട നിലയും വരും ദിനങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് കൂടുതല്‍ ഉണര്‍വേകാന്‍ കാരണമാകുമെന്നും ലോക ബേങ്ക് പ്രത്യാശിക്കുകയുണ്ടായി.
രാജ്യത്ത് വിഭവങ്ങളുടെയോ സമ്പത്തിന്റെയോ അപര്യാപ്തതയല്ല രൂക്ഷമായ ദാരിദ്ര്യത്തിന് കാരണമെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. സമ്പത്തും കാര്‍ഷിക വിളകളും യഥേഷ്ടമുണ്ട്. ആവശ്യക്കാരന്റെ കരങ്ങളില്‍ അതെത്തുന്നില്ലെന്ന് മാത്രം. സംഭരണ സംവിധാനങ്ങള്‍ ഇല്ലാത്തതു മൂലം ഇന്ത്യയില്‍ വര്‍ഷം പ്രതി 31,00 കോടി രൂപയുടെ ഭക്ഷ്യധാന്യങ്ങളും 13,300 കോടി രൂപയുടെ പഴം പച്ചക്കറികളും പാഴാക്കിക്കളയുന്നുണ്ട്. പഴം പച്ചക്കറി ഉത്പാദക രാഷ്ട്രങ്ങളില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ അവ, കേട് കൂടാതെ സൂക്ഷിക്കാന്‍ സംവിധാനമൊരുക്കിയിട്ടില്ലെന്ന് യു എസ് ആസ്ഥാനമായുള്ള എമേഴ്‌സണിന്‍ മാനുഫാക്ചറിംഗ് ടെക്‌നോളജി കമ്പനി നടത്തിയ പഠനത്തിലാണ് വിശദീകരിക്കുന്നത്. രാജ്യം ഓരോ വര്‍ഷവും ആസ്‌ത്രേലിയയിലെ മൊത്തം ഗോതമ്പ് ഉത്പാദനത്തിന്റെ അളവിനു തുല്യം വരുന്ന 210 ലക്ഷം ടണ്‍ ഗോതമ്പ് പാഴാക്കുന്നതായി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു. ഭക്ഷ്യ ഉത്പാദനത്തിലെന്ന പോലെ പാഴാക്കുന്നതിലും വലിയ സംഭാവന ഇന്ത്യയുടെതാണത്രേ.
ചില കേന്ദ്രങ്ങളില്‍ മാത്രമായി കുന്നുകൂടാതെ, സമ്പത്ത് പാവപ്പെട്ടവന്റെ കൈകളിലെത്തിക്കുന്നതിനുള്ള പദ്ധതികളാണ് ആവശ്യം. അത് സാധ്യമാക്കുമെന്ന പ്രതീക്ഷയിലാണ് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ജനം പോളിംഗ് ബത്തിലേക്ക് നീങ്ങൂന്നത്. പക്ഷേ പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും പ്രാരാബ്ധത്തിന് പരിഹാരം കാണുന്നതിന് പകരം, തങ്ങളുടെ സമ്പാദ്യം കൂടുതല്‍ പരിപോഷിപ്പിക്കുന്നതില്‍ മാത്രമാണ് ജനപ്രതിനിധികളുടെ ശ്രദ്ധയെന്നാണ് അവരുമായി ബന്ധപ്പെട്ട് ഉയരുന്ന അഴിമതിയാരോപണങ്ങളും അധികാരത്തിലിരിക്കുന്ന കാലത്ത് കൈവരിക്കുന്ന സാമ്പത്തിക വളര്‍ച്ചയും കാണിക്കുന്നത്. മുന്‍ രാജ്യസഭാംഗം പ്രതിഷ് നന്ദിയുടെ കണക്കുപ്രകാരം കഴിഞ്ഞ ലോക്‌സഭയിലെ അംഗങ്ങളുടെ ശരാശരി ആസ്തി 1.86 കോടി രൂപ ആയിരുന്നെങ്കില്‍ നിലവിലെ സഭയില്‍ അത് 5.33 കോടിയിലെത്തിയിട്ടുണ്ട്. 200 ശതമനമാണ് അവരുടെ ആസ്തിയിലുണ്ടായ വര്‍ധന. പാര്‍ലിമെന്റ് അംഗമായിരിക്കെ അവരില്‍ അറുപത് പേരുടെ സമ്പത്ത് 300 ശതമാനം കണ്ടു വളര്‍ന്നതായി അദ്ദേഹം വിലയിരുത്തുന്നു. ലോക്‌സഭയില്‍ ഇന്നുള്ള 543 അംഗങ്ങളില്‍ 315 പേര്‍ കോടീശ്വരന്മാരാണ്. അടുത്ത കാലത്ത് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 54 അംഗങ്ങളില്‍ 43 പേരുടെ ആസ്തി ശരാശരി 25 കോടി രൂപക്ക് മുകളില്‍ വരുമെന്നും പ്രതീഷ് നന്ദിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വെറുതെയല്ലല്ലോ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാനായി ഡല്‍ഹിയില്‍ ചെന്നു തമ്പടിക്കുന്നതും കോടികള്‍ മുടക്കാന്‍ സന്നദ്ധരാകുന്നതും.
ജനപ്പെരുപ്പമാണ് ഇന്ത്യയില്‍ ദരിദ്രരുടെ പെരുപ്പത്തിന് കാരണമെന്നാണ് ലോകബേങ്കിന്റെ വിലയിരുത്തല്‍. സന്താന നിയന്ത്രണ പദ്ധതികള്‍ കാര്യക്ഷമമാക്കണമെന്ന നിര്‍ദേശവും ഇതോടൊപ്പമുണ്ട്. എന്നാല്‍ ജനെപ്പരുമല്ല, സാമ്പത്തിക മേഖലയില്‍ സാമൂഹിക നീതി നടപ്പാക്കുന്നതിലുള്ള സര്‍ക്കാറിന്റെ പരാജയമാണ് യഥാര്‍ഥ കാരണമെന്ന് കണക്കുകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. നികുതിപ്പണത്തിന്റെ ചെറിയ അംശം സബ്‌സിഡിയായോ സാമൂഹിക ക്ഷേമപദ്ധതികളെന്ന പേരിലോ സാധാരണക്കാരന് തിരിച്ചു നല്‍കുന്നതല്ലാതെ അവന്റെ പട്ടിണിക്ക് സ്ഥായിയായ പരിഹാരം കാണാനുള്ള സമഗ്ര പദ്ധതികള്‍ രാജ്യത്ത് ഉണ്ടാകുന്നില്ല. അതേസമയം സമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വ്യവസായ വികസനത്തിന്റെ പേരില്‍ നികുതി കുടിശ്ശിക എഴുതിത്തള്ളിയും സര്‍ക്കാര്‍ ഭുമി തുച്ഛ വിലക്ക് പതിച്ചുനല്‍കിയും അവരെ അതിസമ്പന്നരാക്കാനുള്ള എല്ലാ സഹായവും നല്‍കുകയും ചെയ്യുന്നു. ബജറ്റ് പദ്ധതികളില്‍ പാവപ്പെട്ടവന്റെ പ്രശ്‌നങ്ങളേക്കാള്‍, സമ്പന്ന വിഭാഗവുമായി ബന്ധപ്പെട്ട എക്‌സ്പ്രസ് ഹൈവേ, വിമാനത്താവളങ്ങള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തുടങ്ങിയവക്കാണ് പലപ്പോഴും മുന്‍ഗണന. നമ്മുടെ വികസന കാഴ്ചപ്പാട് അടിമുടി മാറേണ്ടതുണ്ട്. സാധാരണക്കാരന്‍ കൂടി നല്‍കുന്ന നികുതിപ്പണമാണ് രാജ്യത്തെ വ്യവസായ, വാണിജ്യ രംഗത്തെ മുന്നേറ്റത്തിന് അടിസ്ഥാന പശ്ചാത്തലമൊരുക്കുന്നതെന്ന ബോധ്യത്തില്‍ സമ്പന്നരുടെ സ്വത്തില്‍ നിശ്ചിത വഹിതം പാവപ്പെട്ടവന്റെ സമുദ്ധാരണത്തിനായി നീക്കിവെക്കുകയും പാഴാക്കിക്കളയുന്ന ഭക്ഷണവും പച്ചക്കറി, പഴ വര്‍ഗങ്ങളും കേട് കൂടാതെ സൂക്ഷിച്ചു ദരിദ്രരിലെത്തിക്കുന്നതിനുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്താല്‍ പരിഹരിക്കാവുന്നതേയുള്ളൂ രാജ്യത്തെ ദാരിദ്ര്യം.