പാടന്തറ മര്‍കസ് ഇരുപതാം വാര്‍ഷിക സമ്മേളനത്തിന് നാളെ തുടക്കമാകും

Posted on: May 1, 2014 12:03 am | Last updated: May 1, 2014 at 12:03 am

ഗൂഡല്ലൂര്‍: സൗഹൃദം സേവനം മുന്നേറ്റം എന്ന പ്രമേയത്തില്‍ മെയ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ താജുല്‍ ഉലമാ നഗറില്‍ നടക്കുന്ന പാടന്തറ മര്‍കസ് ഇരുപതാം വാര്‍ഷിക സമ്മേളനത്തിന് നാളെ തുടക്കമാകും. മേല്‍ ഗൂഡല്ലൂര്‍ കല്ലടിമഖാം സിയാറത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. നാളെ ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന മഖാം സിയാറത്തിന് സയ്യിദ് ഹിഫഌര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നാല് മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അലി അക്ബര്‍ സഖാഫി പതാക ഉയര്‍ത്തും.
തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം നടക്കും. മര്‍കസ് വൈസ് പ്രസിഡന്റ് സി ഹംസ ഹാജി അധ്യക്ഷതവഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി എ മില്ലര്‍, ഗൂഡല്ലൂര്‍ എം എല്‍ എ ദ്രാവിഡമണി, സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, സി കെ എം പാടന്തറ, കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി, ശറഫുദ്ദീന്‍ ഗൂഡല്ലൂര്‍, ഹകീം മാസ്റ്റര്‍, കെ ഒ അഹ്മദ്കുട്ടി ബാഖവി സുല്‍ത്താന്‍ ബത്തേരി, ഹസന്‍ ഹാജി ബത്തേരി, മൊയ്തീന്‍ ഫൈസി, ഹസന്‍ ഹാജി ചേരമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും.
വൈകുന്നേരം ഏഴ് മണിക്ക് ദിക്‌റ് മജ്‌ലിസ് നടക്കും. സയ്യിദ് ഹബീബ് കോയ തങ്ങള്‍ പെരിന്തല്‍മണ്ണ ദിക്‌റ് മജ്‌ലിസിന് നേതൃത്വം നല്‍കും. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തും. വി എസ് ഫൈസി, കെ എസ് മുഹമ്മദ് സഖാഫി, കെ കെ മുഹമ്മദലി ഫൈസി വയനാട്, പി ഉസ്മാന്‍ മുസ്‌ലിയാര്‍ വയനാട് തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ നേതൃസംഗമം, ബാലകൂട്ടായ്മ, ഉമറാ ഇജ്തിമ, പൂര്‍വവിദ്യാര്‍ഥി സംഗമം, റാലി, സമാപന സമ്മേളനം നടക്കും.