അധിക ജലം നല്‍കുന്നത് തമിഴ്‌നാട് നിര്‍ത്തി; കിഴക്കന്‍ മേഖല കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക്

Posted on: April 30, 2014 11:52 pm | Last updated: April 30, 2014 at 11:52 pm

പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ ഡാമില്‍നിന്ന് കുടിവെള്ള വിതരണത്തിനായി അധികജലം തരുന്നത് തമിഴ്‌നാട് നിര്‍ത്തിയതോടെ കിഴക്കന്‍ മേഖല കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക്. കിഴക്കന്‍മേഖലയിലുള്ള കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി പറമ്പിക്കുളം ആളിയാര്‍ ഡാമില്‍നിന്നും ലഭിച്ചിരുന്ന അധിക ജലമാണ് ഇന്ന് മുതല്‍ തമിഴ്‌നാട് നിര്‍ത്തിവെക്കുക.
ഇതോടെ ഈ മേഖലയിലെ 12 പ്രധാന കുടിവെള്ള പദ്ധതികള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. മഴക്കാലം തുടങ്ങുന്നത് വരെ പറമ്പിക്കുളം ആളിയാര്‍ ഡാമില്‍നിന്നും അധിക ജലം ലഭ്യമാക്കുന്നതിന് തമിഴ്‌നാടുമായി ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ജലസേചന വകുപ്പും ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയുമെടുക്കാത്തതാണ് പ്രശ്‌നം ഇത്രയേറെ രൂക്ഷമാക്കിയത്. മൂന്നോ നാലോ ദിവസം കൂടി വിതരണം ചെയ്യാനുള്ള വെള്ളം മാത്രമേ പദ്ധതികളില്‍ ശേഷിക്കുന്നുള്ളൂ. 12 പദ്ധതികളിലായി രണ്ട് ലക്ഷം പേര്‍ക്കാണ് കുടിവെള്ളമെത്തുന്നത്. കേരളം ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ നിരന്തര ചര്‍ച്ചകളെ തുടര്‍ന്നാണ് ഇതുവരെ കുടിവെള്ളം ലഭിച്ചത്.
ഇന്നലെ മുതല്‍ ആളിയാറില്‍ നിന്ന് ചിറ്റൂര്‍ പുഴയിലേക്കുള്ള ജലവിതരണം നിര്‍ത്തുമെന്ന് തമിഴ്‌നാട് നേരത്തെ അറിയിച്ചിരുന്നു. ഇതോടെ കുടിവെള്ളം ലഭ്യമാക്കാന്‍ തമിഴ്‌നാടുമായി സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടവും ജലവിഭവ ഉദ്യോഗസ്ഥരും ഒട്ടേറെ തവണ കത്ത് നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കരാര്‍പ്രകാരം നല്‍കേണ്ടതിലേറെ വെള്ളം തമിഴ്‌നാട് കേരളത്തിന് നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്.
കൂടുതല്‍ വെള്ളം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം അനിവാര്യമാണെന്നും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ കേരളത്തെ അറിയിച്ചിരുന്നു. എന്നിട്ടും കേരളത്തിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പി ജെ ജോസഫ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ല.
ജൂലൈ ഒന്ന് മുതല്‍ അടുത്ത ജൂണ്‍ 30 വരെയുള്ള ജലവര്‍ഷത്തില്‍ 7.25 ടി എംസി വെള്ളമാണ് ആളിയാറില്‍ നിന്ന് ചിറ്റൂര്‍പുഴയിലേക്ക് നല്‍കേണ്ടത്. ഇതില്‍ 7.1 ടി എംസി വെള്ളം ലഭിച്ചുകഴിഞ്ഞു. കരാറനുസരിച്ചു മാര്‍ച്ച് 31 വരെ 6.35 ടി എം സി വെള്ളമാണ് കേരളത്തിന് നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടായപ്പോള്‍ തമിഴ്‌നാട് ജലസേചന വകുപ്പ് മന്ത്രി നേരിട്ടെത്തി ശിരുവാണി ഡാമില്‍നിന്ന് അധികജലം ലഭ്യമാക്കിയിരുന്നു. എന്നാല്‍ കിഴക്കന്‍ മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു താല്പര്യവും കാണിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.——